'വിഷ്ണു വിജയ് കൂടി ഉണ്ടായിരുന്നെങ്കിൽ ഈ ഫ്രെയിം പൂർണമായേനേ'; നന്ദി പറഞ്ഞ് 'ബെത്‌ലഹേം കുടുംബം'

നിങ്ങളുടെ അതിരുകവിഞ്ഞ സ്നേഹത്തിന് നന്ദി

Bethlehem Kudumba Unit
Bethlehem Kudumba Unitഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :18 സെപ്റ്റംബർ 2026, 11:35 am IST

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഇൻഡസ്ട്രി ഹിറ്റടിച്ചത് ഏറെ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേക്ഷകർ ആഘോഷമാക്കിയത്. നിവിൻ പോളിയും മമിത ബൈജുവും തകർത്ത അഭിനയിച്ച ചിത്രം 28-ാം ദിവസവും തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ​ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം ഭാവന സ്റ്റുഡിയോസ് ആണ് നിർമിച്ചത്.

300 കോടി ക്ലബ്ബിൽ കയറിയതിന് പിന്നാലെ നന്ദി പറഞ്ഞു കൊണ്ട് ഭാവന സ്റ്റുഡിയോസ് പങ്കുവച്ച പോസ്റ്റ‌റാണിപ്പോൾ വൈറലാകുന്നത്. സാധാരണയായി വമ്പൻ ഹിറ്റുകൾ ആഘോഷിക്കുമ്പോൾ സിനിമയിലെ അഭിനേതാക്കളുടെ ചിത്രങ്ങളാണ് പോസ്റ്ററുകളിൽ നിറയാറുള്ളത്. എന്നാൽ ആ പരമ്പരാഗത രീതിയെ പൂർണമായും പൊളിച്ചെഴുതിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

സിനിമയുടെ അണിയറയിൽ മാജിക് ഒരുക്കിയവർക്ക് സല്യൂട്ട് അടിച്ചു കൊണ്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. സിനിമയ്ക്ക് ജീവൻ നൽകിയ അണിയറയിലെ സാങ്കേതിക വിദഗ്ദ്ധരെ മുൻനിരയിൽ നിർത്തിയാണ് വിജയാഘോഷത്തിന്‍റെ പോസ്റ്റർ എത്തിയിരിക്കുന്നത്.

"ആഗോളതലത്തിൽ 300 കോടിയിലധികം കളക്ഷൻ! നിങ്ങളുടെ അതിരുകവിഞ്ഞ സ്നേഹത്തിന് നന്ദി! നമ്മുടെ സംഗീത മാന്ത്രികൻ വിഷ്ണു വിജയ് കൂടി ആ ഫ്രെയിമിൽ ഉണ്ടായിരുന്നെങ്കിൽ അത് പൂർണമാകുമായിരുന്നു. എല്ലാവർക്കും സ്നേഹം നേരുന്നു".- എന്നാണ് പോസ്റ്ററിനൊപ്പം ഭാവന സ്റ്റുഡിയോസ് കുറിച്ചിരിക്കുന്നത്.

സംവിധായകൻ ഗിരീഷ് എഡി, തിരക്കഥാകൃത്ത് കിരൺ ജോസി, കാമറാമാൻ അജ്മൽ സാബു, എഡിറ്റർ ആകാശ് ജോസഫ് വർഗ്ഗീസ് എന്നിവർ നിർമാതാക്കളായ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർക്കൊപ്പം നിൽക്കുന്ന പോസ്റ്റർ സിനിമാ പ്രേമികൾക്കിടയിലും ഇൻഡസ്ട്രിയിലും വലിയ പ്രശംസ നേടിയിരിക്കുകയാണ്.

തങ്ങളുടെ സിനിമകൾക്ക് അതർഹിക്കുന്ന രീതിയിലുള്ള പ്രമോഷൻ നൽകാറുള്ള ഭാവന സ്റ്റുഡിയോസ് ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല. ചിത്രത്തിൻ്റെ വിജയ പോസ്റ്ററിലും ആ പുതുമ കാണാനുണ്ട് എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. മലയാള സിനിമയിൽ ഏറ്റവും വേഗത്തിൽ 300 കോടി നേടുന്ന ചിത്രമെന്ന അപൂർവ്വ റെക്കോർഡും 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' സ്വന്തമാക്കിയിരിക്കുകയാണ്.

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുള്ളത്. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രം കൂടിയാണിത്.

News Now

Summary

Bethlehem Kudumba Unit new poster goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates