'നിവിൻ- മമിത കോമ്പോയ്ക്ക് പകരം മഞ്ജു- നസ്‌ലിൻ കോമ്പോ ആയാലോ ? ആ സിനിമ അം​ഗീകരിക്കപ്പെടുമോ ?'; കുറിപ്പുമായി ധന്യ വർമ

ഒരു നല്ല ബന്ധത്തിന് ഏറ്റവും അത്യാവശ്യമായ പ്രാഥമിക ഘടകം ഇമോഷണല്‍ മെച്യൂരിറ്റിയാണ് എന്നതാണ്.

Manju, Nivin, Mamitha, Naslen
Manju, Nivin, Mamitha, Naslenഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :26 ഓഗസ്റ്റ് 2026, 3:55 pm IST

​ഗിരീഷ് എഡി ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' വിജയക്കുതിപ്പ് തുടരുകയാണ്. നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം ഏജ്- ഗ്യാപ് റൊമാന്‍സിനെ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജസ്റ്റിനായി നിവിന്‍ പോളിയും ആഷ്‌ലിയായി മമിതയും വേഷമിടുന്നു.

ഇപ്പോഴിതാ അവതാരക ധന്യ വർമ പങ്കുവച്ച ഒരു പോസ്റ്റാണ് സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറുന്നത്. ബെത്‌ലഹേമിലെ കേന്ദ്ര കഥാപാത്രങ്ങളുടെ പ്രായവ്യത്യാസം നേരെ തിരിച്ചായിരുന്നെങ്കില്‍ എന്ന ചോദ്യമാണ് ധന്യ വര്‍മ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിലെ നിവിന്‍ പോളി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സ്ഥാനത്ത് ഒരു പ്രായക്കൂടുതലുള്ള സ്ത്രീയും മമിതയുടെ സ്ഥാനത്ത് പ്രായം കുറഞ്ഞ ഒരു യുവാവും ആയിരുന്നെങ്കില്‍ ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തന്നെ മാറിപ്പോകില്ലേ എന്നും ധന്യ കുറിച്ചു.

നിവിന്‍ പോളിക്ക് പകരം മഞ്ജു വാര്യര്‍, നവ്യ നായര്‍, പൂര്‍ണിമ, ആശ ശരത് തുടങ്ങിയവരില്‍ ആരെങ്കിലുമോ മമിതയുടെ സ്ഥാനത്ത് റോഷന്‍, ഷെയ്ന്‍ നിഗം, അര്‍ജുന്‍ അശോകന്‍, ആസിഫ് അലി അല്ലെങ്കില്‍ നസ്‌ലിൻ, മാത്യു തുടങ്ങിയവരുമായുള്ള കാസ്റ്റാണെങ്കില്‍ എങ്ങനെയായിരിക്കും എന്നും പോസ്റ്റില്‍ ചോദിക്കുന്നു.

ബെത്‌ലഹേമിലെ കോമ്പോയെ പോലെ അത്രയും മനോഹരമായി ചെയ്താലും നമ്മുടെ സമൂഹവും സംസ്‌കാരവും ആ സിനിമയെ പൊതുവേ അംഗീകരിക്കുമോ എന്ന പ്രസക്തമായ ചോദ്യമാണ് ധന്യ ഉയര്‍ത്തുന്നത്. ആ സിനിമ പരിഹസിക്കപ്പെടുമെന്ന് ഉറപ്പാണെന്നും ചിത്രത്തിലെ പ്രധാനകഥാപാത്രം സ്ലട്ട് ഷെയ്മിങ്ങിന് ഇരയാവുമെന്നും അവര്‍ പറഞ്ഞു.

ബെത്‌ലഹേം കുടുംബ യൂണിറ്റില്‍ റോള്‍ മാറിയിരുന്നെങ്കില്‍ അതായത്, സ്ത്രീക്ക് കൂടുതല്‍ പ്രായമുണ്ടായിരിക്കുകയും, സിനിമയിലെ നിവിന്‍ പോളിയെപ്പോലെ അവര്‍ അത്രയും ആകര്‍ഷകമായിരിക്കുകയും ചെയ്താലും നമ്മുടെ സമൂഹവും സംസ്‌കാരവും ആ സിനിമയെ പൊതുവെ അംഗീകരിക്കുമോ. ആ സിനിമ പരിഹസിക്കപ്പെടുകയും തള്ളിക്കളയപ്പെടുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പാണ്.

മിക്കവാറും പ്രധാന കഥാപാത്രം സ്ലട്ട് ഷെയിമിംഗിന് ഇരയാവുകയും ചെയ്യും. "എന്റെ ഒരു സുഹൃത്ത് എനിക്ക് അയച്ച മെസ്സേജ് പോലെ: മഞ്ജു, നവ്യ, പൂര്‍ണിമ, ആശ എന്നിവരില്‍ ആരെങ്കിലും റോഷന്‍, ഷെയ്ന്‍, അര്‍ജുന്‍, ആസിഫ്, നസ്‌ലിന്‍ അല്ലെങ്കില്‍ മാത്യു എന്നിവര്‍ക്കൊപ്പം പ്രണയ ജോഡിയായി അഭിനയിക്കുന്ന ഒരു സിനിമ സങ്കല്‍പ്പിച്ചു നോക്കൂ! അത് എങ്ങനെയിരിക്കും ?.

അതിനെക്കുറിച്ച് ചിന്തിച്ചു നോക്കൂ. മമിത- നിവിന്‍ പോളി കോമ്പോയ്ക്ക് ലഭിച്ച അതേ സ്വീകാര്യത അതിന് ലഭിക്കുമോ ?. ഇമോഷണല്‍ മെച്യൂരിറ്റിയും (വൈകാരിക വളര്‍ച്ച/പക്വത) പ്രായവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നത് സത്യമാണ്. നാല്പതുകളിലും അമ്പതുകളിലും അതിനുമുകളിലും പ്രായമുള്ള സ്ത്രീപുരുഷന്മാരേക്കാള്‍ വളരെയധികം മാനസിക പക്വത ഇരുപതുകളില്‍ ഉള്ള പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും ഞാന്‍ കണ്ടിട്ടുണ്ട്.

ഇതില്‍ ഏറ്റവും രസകരമായ കാര്യം, ഒരു നല്ല ബന്ധത്തിന് ഏറ്റവും അത്യാവശ്യമായ പ്രാഥമിക ഘടകം ഇമോഷണല്‍ മെച്യൂരിറ്റിയാണ് എന്നതാണ്. എന്നാല്‍ നമ്മളില്‍ ഭൂരിഭാഗം ആളുകളും അത് എന്താണെന്ന് പോലും തിരിച്ചറിയാതെയാണ് ബന്ധങ്ങളിലേക്ക് പ്രവേശിക്കുന്നത്, അല്ലേ ?. വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം, പ്രായം ഒരിക്കലും ബന്ധങ്ങളുടെ മാനദണ്ഡമായിരുന്നിട്ടേയില്ല.

പുരുഷന് പ്രായം കൂടുതലായാലും സ്ത്രീക്ക് പ്രായം കൂടുതലായാലും, 10 / 20 / 30 വയസ്സോ അതില്‍ കൂടുതലോ വ്യത്യാസമുണ്ടെങ്കിലും അത് ഒരു വിഷയമല്ല. പരസ്പരമുള്ള കരുതല്‍, ബഹുമാനം, സുതാര്യമായ ആശയവിനിമയം എന്നിവയിലാണ് ആ ബന്ധം അധിഷ്ഠിതമായിരിക്കുന്നത് എങ്കില്‍ മാത്രം മതി. ബന്ധത്തിലുള്ള ആളുകള്‍ക്ക് പ്രായം ഒരു പ്രശ്‌നമല്ലെങ്കില്‍, മറ്റാര്‍ക്കും അത് ഒരു പ്രശ്‌നമാകേണ്ടതില്ല".- ധന്യ വർമ കുറിച്ചു.

News Now

Summary

Dhanya Varma age gap romance post goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates