ദൃശ്യം 2 മാസ്റ്റര്‍പീസ്, എഴുത്ത് ലോക നിലവാരത്തിലുള്ളത്, ജീത്തു ജോസഫിന് മെസേജ് അയച്ച് രാജമൗലി; വൈറല്‍

രാജമൗലി, ജീത്തു ജോസഫ്/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:41 am IST
Edited by :migrator

ദൃശ്യം 2 കണ്ട് സംവിധായകന്‍ ജീത്തു ജോസഫിന് പ്രശംസയുമായി സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ എസ്എസ് രാജമൗലി. സിനിമ കണ്ടതിന് ശേഷം അഭിപ്രായം അറിയിക്കാന്‍ ജീത്തു ജോസഫിന് മെസേജ് അയക്കുകയായിരുന്നു. ദൃശ്യം 2 മാസ്റ്റര്‍പീസാണെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. തന്റെ ഫേയ്‌സ്ബുക്കിലൂടെ ജീത്തു തന്നെയാണ് രാജമൗലിയുടെ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചത്. 

സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം ജീത്തുവിന് പേഴ്‌സണല്‍ മെസേജ് അയച്ചിരിക്കുന്നത്. സംവിധാനവും അഭിനയവുമെല്ലാം മികച്ചതാണെന്നും എന്നാല്‍ എഴുത്താണ് എടുത്തു പറയാനുള്ളത് എന്നുമാണ് രാജമൗലി കുറിച്ചത്. ലോകനിലവാരത്തിലുള്ളതാണ് എഴുത്തെന്നും വ്യക്തമാക്കി. അഭിമാനം തോന്നുന്നുണ്ടെന്നും ഈ ദിവസം മനോഹരമാക്കിയെന്നും പറഞ്ഞുകൊണ്ടാണ് ജീത്തുവിന്റെ പോസ്റ്റ്. 

രാജമൗലിയുടെ സന്ദേശം വായിക്കാം; ഹായ് ജീത്തു, ഇത് രാജമൗലി, സിനിമാ സംവിധായകന്‍. കുറച്ച് ദിവസം മുമ്പാണ് ദൃശ്യം 2 സിനിമ കാണുന്നത്. ചിത്രം കണ്ടത് മുതല്‍ അതിനെക്കുറിച്ചുള്ള ചിന്തകള്‍ തന്നെ നിറഞ്ഞു നിന്നതിനാല്‍ ദൃശ്യത്തിന്റെ ആദ്യഭാഗവും കാണുകയുണ്ടായി. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പ് മാത്രമായിരുന്നു ഇതിനു മുമ്പ് ഞാന്‍ കണ്ടിരുന്നത്. തിരക്കഥ, സംവിധാനം, എഡിറ്റിങ്, അഭിനയം തുടങ്ങി ചിത്രത്തിന്റെ ഓരോ ക്രാഫ്റ്റും അതിശയിപ്പിക്കുന്നതാണ്. എന്നാലും എടുത്തുപറയേണ്ടത് എഴുത്തിനെ കുറിച്ച് തന്നെയാണ്. ലോകനിലവാരത്തിലുള്ളതാണത്. ചിത്രത്തിന്റെ ആദ്യഭാഗം തന്നെ ഒരു മാസ്റ്റര്‍ പീസാണ്. അതുമായി യോജിച്ച് പോകുന്ന തരത്തില്‍ പിടിച്ചിരുത്തുന്ന തരത്തിലുള്ള ഒരു കഥയുമായി വീണ്ടുമെത്തുക എന്നത് ബ്രില്ല്യന്‍സ് തന്നെയാണ്. ഇനിയും താങ്കളില്‍ നിന്ന് ഒരുപാട് മാസ്റ്റര്‍ പീസുകള്‍ പ്രതീക്ഷിക്കുന്നു. 

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് മെസേജിന്റെ സ്‌ക്രീന്‍ഷോട്ട്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫി ഒരുക്കിയ ചിത്രമാണ് ദൃശ്യം 2. ലോക്ക്ഡൗണിന് ശേഷം ഷൂട്ടിങ് ആരംഭിച്ച ചിത്രം കഴിഞ്ഞ മാസമാണ് ആമസോണ്‍ പ്രൈമിലൂടെ എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now