Empuraan: വെട്ടിയ 'എംപുരാന്‍' വൈകും; പുതിയ പതിപ്പ് ബുധനാഴ്ചയ്ക്ക് ശേഷം

നേരത്തെ പുതിയ പതിപ്പ് നാളെ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

Empuraan
മോഹന്‍ലാല്‍
Last Updated :31 March 2025, 5:47 pm IST
Edited by :Sujith

കൊച്ചി: വിവാദങ്ങള്‍ക്കും സംഘപരിവാര്‍ ബഹിഷ്‌കരണ ആഹ്വാനത്തിനും പിന്നാലെ എഡിറ്റ് ചെയ്ത എംപുരാന്‍ തീയറ്ററുകളില്‍ എത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. സാങ്കേതിക കാരണങ്ങളാണ് പുതിയ പതിപ്പ് എത്തിക്കാന്‍ വൈകുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ബുധനാഴ്ചയോ വ്യാഴാഴ്ചയോ പുതിയ പതിപ്പ് തിയറ്ററുകളില്‍ എത്തും. നേരത്തെ പുതിയ പതിപ്പ് നാളെ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ പങ്കുവച്ച പോസ്റ്റില്‍ എഡിറ്റ് ചെയ്ത രംഗങ്ങള്‍ നീക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലൂസിഫര്‍' ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ 'എമ്പുരാന്‍' സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ തന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് മനോവിഷമം ഉണ്ടാക്കിയതില്‍ ഖേദമുണ്ട്. അതിന്റെ ഉത്തരവാദിത്വം സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അത്തരം ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചതായും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. പിന്നാലെയാണ് അതിവേഗം എഡിറ്റിങ് പൂര്‍ത്തിയാക്കിയത്. നടപടികള്‍ വേഗത്തിലാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് അവധി ദിനത്തിലും യോഗം ചേര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, എഡിറ്റ് ചെയ്യാത്ത എംപുരാന്‍ ഇതുവരെ വിദേശത്ത് ഗ്രോസ് കളക്ഷന്‍ 90 കോടി പിന്നിട്ടു. ഒരു കോടി ഡോളറിന്റെ കളക്ഷന്‍ സ്വന്തമാക്കിയ വിവരം മോഹന്‍ലാല്‍ തന്നെയാണ് പങ്കുവച്ചത്. ചിത്രം റിലീസ് ചെയ്ത രണ്ട് ദിനം കൊണ്ടുതന്നെ കളക്ഷന്‍ 5 ദശലക്ഷം ഡോളര്‍ പിന്നിട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now