മരണം എഡിറ്റ് ചെയ്തിട്ടുണ്ട്, ഇന്നും ആ ട്രോമ മാറിയിട്ടില്ല; രാത്രി പേടി മാറാന്‍ ചെയ്തത് ഇതായിരുന്നു: സംഗീത് പ്രതാപ്

കുറച്ച് ഡാര്‍ക് ഹ്യൂമറാണ്, പറഞ്ഞാല്‍ ഞാന്‍ എയറില്‍ പോകുമോ എന്നറിയില്ല

Sangeeth Prathap
Sangeeth Prathap
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :8 സെപ്റ്റംബർ 2026, 3:04 pm IST

അഭിനയത്തില്‍ മാത്രമല്ല എഡിറ്റിങിലും മികവ് തെളിയിച്ചിട്ടുണ്ട് സംഗീത് പ്രതാപ്. പ്രേമുലുവിലെ അമല്‍ ഡേവിസായ മലയാളികളുടെ മനസില്‍ ഇടം നേടിയ സംഗീതിനെ തേടി മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമെത്തിയിട്ടുണ്ട്. മിസ് റാവുത്തര്‍ എന്ന ചിത്രത്തിലൂടെയാണ് സംഗീത് പുരസ്‌കാരം നേടുന്നത്.

തന്റെ കരിയറിന്റെ തുടക്കകാലത്ത് ഏറെ കഷ്ടതകളും പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട് സംഗീതിന്. അഭിനേതാവും എഡിറ്ററുമൊക്കെയാകുന്നതിന് മുമ്പുള്ള ജീവിതം പങ്കുവെക്കുകയാണ് സംഗീത്. സാമ്പത്തിക പ്രതിസന്ധികള്‍ കാരണം താന്‍ മരണാനന്തര ചടങ്ങുകള്‍ വരെ എഡിറ്റ് ചെയ്തിട്ടുണ്ടെന്നാണ് സംഗീത് പറയുന്നത്. കാര്‍ത്തിക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംഗീത് മനസ് തുറന്നത്.

''ഞാന്‍ മരണാനന്തര ചടങ്ങ് എഡിറ്റ് ചെയ്തിട്ടുണ്ട്. സ്റ്റുഡിയോയുടെ ഉടമയാണ് നമുക്ക് വര്‍ക്ക് തരുന്നത്. എന്തെങ്കിലും കറക്ഷനുണ്ടെങ്കില്‍ പറയുന്നതും അദ്ദേഹമാണ്. ഒരിക്കല്‍ സാമ്പത്തികമായി ഭയങ്കരമായി ബുദ്ധിമുട്ടുള്ള സമയം. കല്യാണ വര്‍ക്ക് ചോദിച്ച് അങ്ങോട്ട് വിളിച്ചു. ഒരു വര്‍ക്കുണ്ട്, ഞാന്‍ തന്നെ പിടിച്ചിട്ടില്ല. ഫ്യൂണറല്‍ ആണ് പരിപാടി. പിടിക്കണോ എന്ന് ചോദിച്ചു. പിടിക്കാം എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ പിടിച്ചു'' സംഗീത് പറയുന്നു.

''രാത്രി പതിനൊന്നിനും രാവിലെ ഏഴിനും ഇടയിലാണ് ഈ വര്‍ക്ക് ചെയ്യേണ്ടത്. വെളുപ്പിന് ഇരുന്ന് ചെയ്യുകയാണ്. ചെയ്യാന്‍ തുടങ്ങി. ഇന്നും എനിക്ക് അതിന്റെ ട്രോമയുണ്ട്. പേടിയുമാകുന്നുണ്ട്, എഡിറ്റ് ചെയ്ത് തീര്‍ക്കുകയും വേണം. കുറച്ച് ഡാര്‍ക് ഹ്യൂമറാണ്, പറഞ്ഞാല്‍ ഞാന്‍ എയറില്‍ പോകുമോ എന്നറിയില്ല. പേടി കുറയ്ക്കാന്‍ ഹെഡ് സെറ്റില്‍ വേറെ പാട്ട് ഇട്ടാണ് ഞാന്‍ എഡിറ്റ് ചെയ്തത്. അവസാനം മരണത്തിന്റേതായ പാട്ട് ഫില്‍ ചെയ്തു കൊടുക്കുകയായിരുന്നു. ഭയങ്കര ഡാര്‍ക്ക് ആയിരുന്നു ആ സമയത്ത് എഡിറ്റ് ചെയ്യുകയെന്നത്''.

''ഒറ്റേ വര്‍ക്കേ ഞാന്‍ ചെയ്തിട്ടുള്ളൂ. അവര്‍ ഭയങ്കര വലിയ കുടുംബമായിരുന്നു. തമാശ എന്താണെന്ന് വച്ചാല്‍ അതിന്റെ പൈസ എനിക്ക് കിട്ടിയിട്ടില്ല. അവര്‍ പൈസ തന്നില്ലെന്നാണ് പറഞ്ഞത്. നഷ്ടമായ പൈസകളുടെ കൂട്ടത്തില്‍ ഇതും ഉണ്ട്. ഞാന്‍ വിളിച്ച് ചേട്ടാ അതെങ്കിലും എനിക്ക് തരണമെന്ന് പറഞ്ഞു. ഇത്രയും പേടിച്ച് രാത്രിയിരുന്ന് ചെയ്തതാണേ'' എന്നും സംഗീത് പറയുന്നു.

News Now

Summary

Sangeeth Prathap recalls editing funerals for money.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics