'ഫാസിൽ മുതൽ മക്കളുടെ പ്രായമുള്ള പുതിയ സംവിധായകർ വരെ എന്റെ ഗുരുക്കന്മാർ, അതിൽ അഭിമാനം'; പാട്ടെഴുത്തിൽ 40 തികഞ്ഞ് കൈതപ്രം

സിനിമയിലെത്തിയിട്ട് 40 വർഷം പൂർത്തിയായതിന്റെ സന്തോഷത്തിലാണ് കൈതപ്രമിപ്പോൾ.

Kaithapram Damodaran Namboothiri
Kaithapram Damodaran NamboothiriSource by : ഫെയ്സ്ബുക്ക്
Last Updated :11 April 2026, 11:39 am IST

"സീമാതീത സൂര്യോദയ ദീപാങ്കുരം

ആകാശം മിന്നിത്തെന്നുന്നൊരു

പൊന്മാനം മേലെക്കണ്ടു

കനവിൻകോണിൽ കുളിരായ്

കുളിർമഴ നനവായ്...

കാട്ടുചെമ്പകം പൂത്തോട്ടേ...

നാട്ടുതത്തമ്മ കേട്ടോട്ടേ

നീയെനിക്കുള്ള കന്നിപ്പെണ്ണാണേ..."

ജെൻ സി പിള്ളേരുടെ ഇടയിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ് പള്ളിച്ചട്ടമ്പിയിലെ ഈ ​ഗാനം. പാട്ട് പുറത്തുവന്നതിന് പിന്നാലെ എല്ലാവരും ആ​ദ്യം തിരക്കിയത് ആരാണ് ഇതിന് വരികളെഴുതിയത് എന്നാണ്. എക്കാലത്തെയും മലയാളികളുടെ പ്രിയപ്പെട്ട ​ഗാനരചയിതാവായ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് പിന്നിലെന്ന് അറിഞ്ഞതോടെ എല്ലാവർക്കും ഇരട്ടി സന്തോഷം.

കൈതപ്രം തിരുമേനിയുടെ വരികൾക്ക് ഇപ്പോഴും 20 വയസാണെന്നാണ് സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നത്. പുതിയ കാലത്ത് ഒരുപാട് പാട്ടെഴുത്തുകാർ ഉണ്ടെങ്കിലും വർഷത്തിൽ ഒരു ഹിറ്റ് കൈതപ്രത്തിന്റേതായി ഉണ്ടാകും. ക്ലാസിക്കലും ന്യൂ ജനറേഷന്റെ റാപ്പും ഒരുപോലെ വഴങ്ങും കൈതപ്രത്തിന്.

ദേവദുന്ദുഭി, എന്നോടെന്തിനീ പിണക്കം, കണ്ണീർ പൂവിന്റെ കവിളിൽ തലോടി, ലജ്ജാവതിയേ, അന്നക്കിളി, മിന്നൽ വള, കാ‌ട്ടുചെമ്പകം... വരെ എത്തി നില്ക്കുന്നു കൈതപ്രത്തിന്റെ ഹിറ്റുകൾ. സിനിമയിലെത്തിയിട്ട് 40 വർഷം പൂർത്തിയായതിന്റെ സന്തോഷത്തിലാണ് കൈതപ്രമിപ്പോൾ.

കൈതപ്രം എന്ന സുന്ദരഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന താൻ, ഭാസ്കരൻ മാഷ്, വയലാർ, തമ്പി, യൂസഫലി തുടങ്ങിയ മഹാത്മാക്കളുടെ പിൻഗാമിയാണ് എന്നതിലാണ് അഭിമാനിക്കുന്നതെന്നാണ് കൈതപ്രം ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ദേവദുന്ദുഭി മുതൽ കാട്ടുചെമ്പകം വരെ- ജനങ്ങൾ കയ്യിലേറ്റ ഗാനങ്ങൾ എഴുതുന്നുവെന്നതിലും അഭിമാനം. ഫാസിൽ മുതൽ എന്റെ മക്കളുടെ പ്രായമുള്ള പുതിയ സംവിധായകർ വരെ എന്റെ ഗാനങ്ങളുടെ ഗുരുക്കന്മാരായി ഞാൻ കണക്കാക്കുന്നുവെന്നും കൈതപ്രം കുറിച്ചിട്ടുണ്ട്. കവി, ഗാനരചയിതാവ്, സംഗീതസംവിധായകൻ, ഗായകൻ, നടൻ, തിരക്കഥാകൃത്ത് തുടങ്ങി കൈവച്ച എല്ലാ മേഖലകളിലും പൊന്നിൻ തിളക്കമാണ് കൈതപ്രത്തിന്.

1986ൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രത്തിലെ ‘ദേവദുന്ദുഭീ സാന്ദ്രലയ’മാണ് കൈതപ്രത്തിന്റെ തൂലികയിൽ പിറന്ന ആദ്യ ചലച്ചിത്രഗാനം.

വരികളിൽ ഒളിപ്പിച്ചിരിക്കുന്ന മായാലോകത്തിലൂടെ പുതിയ തലമുറയെയും തന്റെ ആരാധകരായി മാറ്റിയിരിക്കുകയാണ് കൈതപ്രം. അന്നും ഇന്നും തലമുറ വ്യത്യാസമില്ലാതെ പാട്ടെഴുത്തിൽ വിസ്മയം തീർക്കുന്ന കൈതപ്രത്തിന് ആശംസകളും നേരുകയാണ് മലയാളികൾ.

കൈതപ്രം പങ്കുവച്ച കുറിപ്പ്

കൈതപ്രം എന്ന സുന്ദരഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഞാൻ, ഭാസ്കരൻ മാഷ്, വയലാർ, തമ്പി, യൂസഫലി തുടങ്ങിയ മഹാത്മാക്കളുടെ പിൻഗാമിയാണ് എന്നതിലാണ് അഭിമാനിക്കുന്നത്. ഗിരീഷ് മുതൽ ഹരിനാരായണൻ വരെയുള്ളവർ ആത്മസുഹൃത്തുക്കളാണ് എന്നതിലും ഞാൻ അഭിമാനിക്കുന്നു.

ഭാസ്കരൻ മാഷിന്റെ കാലത്തു തുടങ്ങി പുത്തൻകൂറ്റുകാരുടെ കൂടെവരെ, ദേവദുന്ദുഭി മുതൽ കാട്ടുചെമ്പകം വരെ- ജനങ്ങൾ കയ്യിലേറ്റ ഗാനങ്ങൾ എഴുതുന്നുവെന്നതിലും അഭിമാനം. ഫാസിൽ മുതൽ എന്റെ മക്കളുടെ പ്രായമുള്ള പുതിയ സംവിധായകർ വരെ എന്റെ ഗാനങ്ങളുടെ ഗുരുക്കന്മാരായി ഞാൻ കണക്കാക്കുന്നു.

ജോൺസൺ, രവിയേട്ടൻ, ഔസേപ്പച്ചൻ, മോഹൻ സിതാര തുടങ്ങി ദീപക് ദേവ്, ഹിഷാം, ജേക്സ് ബിജോയ് വരെയുള്ളവരുടെ കൂട്ടായ്മകൾ മുഴുവൻ ഞാൻ ആസ്വദിച്ചു. സ്നേഹത്തോടെ 40 സിനിമാവയസ്സുകാരൻ.

News Now

Summary

Cinema News: Kaithapram Damodaran Namboothiri 40 years in Malayalam Cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates