കര്‍ണാടക, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളോടുള്ള എന്റെ സ്‌നേഹം സത്യമാണ്. മറ്റ് അജണ്ടയുള്ളവര്‍ ഒഴികെ ഇക്കര്യത്തില്‍ സംശയിക്കില്ല

Kamal Hassan
Kamal Haasan - കമല്‍ ഹാസന്‍Source by : ഫയല്‍
Last Updated :30 May 2025, 3:26 pm IST

News Now

ചെന്നൈ: കന്നഡ തമിഴ് ഭാഷകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി ( Kamal Haasan) കമല്‍ ഹാസന്‍. നടന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ പുതിയ സിനിമ തഗ് ലൈഫ് ക‍ർണാടകയില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നുള്‍പ്പെടെയുള്ള ഭീഷണികള്‍ ഉയരുന്നതിനിടെയാണ് പുതിയ പ്രതികരണം. 'താന്‍ ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ മാപ്പ് പറയേണ്ട കാര്യമുള്ളു എന്നാണ് തമിഴ് സൂപ്പര്‍ താരത്തിന്റെ നിലപാട്.

കന്നഡ ഭാഷയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ കമല്‍ഹാസന്‍ വെള്ളിയാഴ്ചക്കകം മാപ്പ് പറയാത്തപക്ഷം അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'തഗ് ലൈഫ്' കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് (എഫ് കെ സി സി) പ്രസിഡന്റ് എം. നരസിംഹലു പ്രഖ്യാപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

''രാജ്യത്തെ ജനാധിപത്യത്തിലും നിയമ വ്യവസ്ഥയിലും വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ്. തെറ്റായ കാര്യം ചെയ്തിട്ടുണ്ടെങ്കിലല്ലാതെ മാപ്പ് പറയേണ്ട ആവശ്യമില്ല'. ചെന്നൈയില്‍ ഡിഎംകെ ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് കമല്‍ ഹാസന്‍ പ്രതികരിച്ചു. മക്കള്‍ നീതി മെയ്യം നേതാവായ കമല്‍ ഹാസന്‍ ഡിഎംകെ പിന്തുണയോടെ രാജ്യസഭാ അംഗമാകാന്‍ ഒരുങ്ങുന്നതിന് മുന്നോടിയായിട്ടായിരുന്നു സന്ദര്‍ശനം.

'ഇതൊരു ജനാധിപത്യ രാജ്യമാണ്. ഞാന്‍ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നു. കര്‍ണാടക, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളോടുള്ള എന്റെ സ്‌നേഹം സത്യമാണ്. മറ്റ് അജണ്ടയുള്ളവര്‍ ഒഴികെ ഇക്കര്യത്തില്‍ സംശയിക്കില്ല. മുമ്പും എനിക്ക് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്, ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, ഞാന്‍ ക്ഷമ ചോദിക്കും, അല്ലാത്ത പക്ഷം അതിന് മുതിരില്ല.' കമല്‍ വ്യക്തമാക്കി.

അതേസമയം, കന്നഡ ഭാഷയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് (കെഎഫ്സിസി) 'തഗ് ലൈഫ്' എന്ന സിനിമയുടെ റിലീസ് തടഞ്ഞിരിക്കുകയാണ്. കമല്‍ഹാസന്‍ ചിത്രം 'തഗ് ലൈഫ്' എന്ന ചിത്രത്തിന്റെ റിലീസ് കര്‍ണാടകയില്‍ നിരോധിക്കാന്‍ തീരുമാനിച്ചതായി കെഎഫ്സിസി പ്രതിനിധി സാ രാ ഗോവിന്ദു പറഞ്ഞിരുന്നു. നടന്‍ പരസ്യമായി മാപ്പ് പറയുന്നതുവരെ ചിത്രത്തിന്റെ റിലീസ് നിര്‍ത്തിവയ്ക്കണമെന്ന കര്‍ണാടക രക്ഷണ വേദികെയുടെയും മറ്റ് കന്നഡ സംഘടനകളുടെയും ആവശ്യം പരിഗണിച്ചാണ് നീക്കം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates