'ബഹളം വച്ചതിന് മമ്മൂട്ടിയെ ക്ലാസില്‍ നിന്നും പുറത്താക്കി'; അധ്യാപനകാലത്തെ ഓര്‍മ പങ്കിട്ട് കെ.വി തോമസ്

മാന്യതയും ലാളിത്യവും

KV Thomas about Mammootty
KV Thomas about MammoottySource by : ഫയല്‍
Last Updated :7 September 2025, 3:42 pm IST

മമ്മൂട്ടിയുടെ കോളേജ് കാലത്തെ ഓര്‍മകള്‍ പങ്കുവച്ച് മുന്‍ അധ്യാപകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കെവി തോമസ്. മമ്മൂട്ടി തേവര കോളേജില്‍ പഠിച്ചിരുന്ന കാലത്തായിരുന്നു കെവി തോമസ് അദ്ദേഹത്തെ പഠിപ്പിച്ചിരുന്നത്. ഒരിക്കല്‍ ക്ലാസില്‍ ബഹളം വച്ചതിന് മമ്മൂട്ടിയെ പുറത്താക്കിയ ഓര്‍മയാണ് കെവി തോമസ് പങ്കുവെക്കുന്നത്.

മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം അക്കാലം ഓര്‍ത്തെടുക്കുന്നത്. പിന്നീട് മമ്മൂട്ടി തന്നെ ആ സംഭവം തന്നോട് പറയുമ്പോഴാണ് തനിക്ക് ഓര്‍മ്മ വന്നതെന്നും കെവി തോമസ് പറയുന്നുണ്ട്.

''അന്ന് ബോട്ടിലായിരുന്നു വന്നിരുന്നത്. തേവര കോളേജിലാണ് പഠിക്കുന്നത്. പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന കാലം. മമ്മൂട്ടിയാണെന്ന് അറിയില്ല. ഒരു കുട്ടി ക്ലാസിലിരുന്ന് ബഹളം വച്ചു, ഞാന്‍ പിടിച്ച് പുറത്താക്കി. പിന്നീട് മമ്മൂട്ടിയാണ് പറയുന്നത് എന്നെയാണ് സാര്‍ ക്ലാസില്‍ നിന്നും പുറത്താക്കിയതെന്ന്. അതിന് ശേഷം അദ്ദേഹവും നല്ല ബന്ധമുണ്ട്. പ്രഗല്‍ഭനായ നടനാണ്, മാന്യനാണ്. സ്‌നേഹമുള്ള ആളാണ്. എവിടെയെങ്കിലും വച്ച് കണ്ടാല്‍ മാഷ് വരട്ടെ എന്ന് പറഞ്ഞ് കാത്തിരിക്കും. ആ മാന്യതയും ലാളിത്യവുമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ അംഗീകരിക്കുന്നത്. '' എന്നും അദ്ദേഹം പറയുന്നു.

''അദ്ദേഹമൊരു ആഴ്ചപ്പതിപ്പില്‍ എഴുതിയപ്പോഴാണ് ആ സംഭവം ഞാന്‍ അറിയുന്നത്. അന്ന് ചെറുപ്പമല്ലേ. എനിക്കും അല്‍പം ചോരത്തിളപ്പുണ്ടായിരുന്നു. കോളേജില്‍ ചേര്‍ന്ന കാലഘട്ടത്തിലാണ്. മമ്മൂട്ടി പറഞ്ഞില്ലെങ്കില്‍ ഞാന്‍ ഓര്‍ക്കുകയുമില്ല. മമ്മൂട്ടി കല്യാണം കഴിച്ചത് അടുത്ത വീട്ടില്‍ നിന്നുമാണ്. ആ പെണ്‍കുട്ടിയേയും ബാപ്പയേയുമൊക്കെ നന്നായി അറിയാം'' എന്നും കെവി തോമസ് പറയുന്നുണ്ട്.

തന്റെ 74-ാം ജന്മദിനമാണ് മമ്മൂട്ടി ഇന്ന് ആഘോഷിച്ചത്. രോഗവസ്ഥയില്‍ നിന്നും തിരികെ വന്ന ശേഷമുള്ള ആദ്യ ജന്മദിനമെന്ന നിലയില്‍ ഈ പിറന്നാള്‍ ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. താരത്തിന് ആശംസകളുമായി സിനിമാ ലോകത്തു നിന്നും മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളെല്ലാമെത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics