മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന രോഗം ബാധിച്ച് കഴുത്തിന് താഴെ തളര്‍ന്ന ജസ്ഫര്‍ എന്ന ആരാധകന്‍ സമ്മാനിച്ചതായിരുന്നു ഈ ഷര്‍ട്ട്

mammootty
മമ്മൂട്ടിയും അരുൺ‌ നാരായണും Source by : ഫെയ്സ്ബുക്ക്
Last Updated :21 July 2024, 12:10 pm IST

News Now

കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ധരിച്ച വെള്ള ഷര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന രോഗം ബാധിച്ച് കഴുത്തിന് താഴെ തളര്‍ന്ന ജസ്ഫര്‍ എന്ന ആരാധകന്‍ സമ്മാനിച്ചതായിരുന്നു ഈ ഷര്‍ട്ട്. ഇപ്പോള്‍ വൈറലാവുന്നത് ആരാധകന്‍ തന്ന സമ്മാനത്തേക്കുറിച്ച് മമ്മൂട്ടി പങ്കുവച്ച വാക്കുകളാണ്. നടനും നിര്‍മാതാവുമായ അരുണ്‍ നാരായണിനോടാണ് തനിക്ക് എത്ര പ്രിയപ്പെട്ടതാണ് ഈ ഷര്‍ട്ടെന്ന് മമ്മൂട്ടി പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ അരുണ്‍ തന്നെയാണ് ഇത് പങ്കുവച്ചത്.

അരുണ്‍ നാരായണിന്റെ കുറിപ്പ് വായിക്കാം

കഴിഞ്ഞ ദിവസം ഒരു പ്രോജക്ടിന്റെ കാര്യങ്ങള്‍ സംസാരിക്കാനായി മമ്മുക്കയെ കാണാനുള്ള സാഹചര്യമുണ്ടായി. അപ്പോള്‍ അവിടെ ഉണ്ടായ ഒരു സംഭവം എല്ലാവരുമായും പങ്ക് വെക്കണമെന്ന് എനിക്ക് തോന്നി. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു മമ്മുക്ക. പ്രോജെക്ടിനെ കുറിച്ച് സംസാരിച്ചതിനൊപ്പം അദ്ദേഹം തലവനെ കുറിച്ച് ചോദിക്കുകയും, തലവന്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു എന്ന് പറയുകയും ചെയ്തു. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ അദ്ദേഹം ആ ചിത്രത്തിലെ കഥാപാത്രത്തിന്റെ വേഷത്തിലായിരുന്നു. അദ്ദേഹവുമായി സംസാരിച്ചതിന് ശേഷം അവിടെ നിന്ന് ഇറങ്ങുന്നതിനു മുന്‍പായി ആണ് എനിക്ക് അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ എടുത്താല്‍ കൊള്ളാമെന്നുണ്ട് എന്ന ആഗ്രഹം ഞാന്‍ പങ്ക് വെച്ചത്. അപ്പോള്‍ തന്നെ അദ്ദേഹം അതിനു തയ്യാറായി എഴുന്നേറ്റു. എന്നിട്ട് കഥാപാത്രത്തിന്റെ ഷര്‍ട്ട് മാറ്റാനായി ജോര്‍ജേട്ടനെ വിളിച്ചു. ജോര്‍ജേട്ടനോട് അദ്ദേഹം പറഞ്ഞത് ആ വൈറ്റ് ഷര്‍ട്ട് ഇങ്ങെടുക്കാനാണ്. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് എനിക്ക് ശരിക്കു മനസ്സിലായില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അങ്ങനെ ഷര്‍ട്ട് മാറി ആ വൈറ്റ് ഷര്‍ട്ട് ഇട്ട് ഫോട്ടോ എടുക്കുന്നതിനു മുന്‍പായി എന്നോട് പറഞ്ഞത്, ആ ഷര്‍ട്ട് മമ്മുക്കക്ക് കൊടുത്ത ആളിനെ കുറിച്ചാണ്. ഒരു പ്രത്യേക രോഗാവസ്ഥ കൊണ്ട് ശരീരം തളര്‍ന്നിരിക്കുന്ന ജസ്ഫീര്‍ കോട്ടക്കുന്ന് എന്ന വ്യക്തി, ചുണ്ടുകള്‍ക്കിടയില്‍ ബ്രഷ് വെച്ച് പെയിന്റ് ചെയ്ത് ഡിസൈന്‍ ചെയ്ത ഷര്‍ട്ട് ആണ് അതെന്നും, തനിക്ക് ആ സമ്മാനം വളരെ വിലപിടിച്ചതാണെന്നുമാണ് ഇക്ക പറഞ്ഞത്. ആ ഷര്‍ട്ട് ഇട്ട് താന്‍ ഫോട്ടോക്ക് പോസ് ചെയ്യാമെന്നും, ആ ഷര്‍ട്ട് കുറച്ചു പോപ്പുലര്‍ ആവട്ടേയെന്നും കൂടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിട്ടാണ് ഈ ഫോട്ടോ എടുത്തത്.

അത് കേട്ടപ്പോള്‍ അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും വീണ്ടും വീണ്ടും വര്‍ധിക്കുന്നതായാണ് എനിക്ക് തോന്നിയത്. 40 വര്‍ഷത്തിലധികമായി ഒരു മെഗാസ്റ്റാര്‍ ആയി അദ്ദേഹം നില്‍ക്കുന്നത്, അല്ലെങ്കില്‍ ഇതിഹാസങ്ങളുടെ നിരയിലെത്തി നില്‍ക്കുന്നത്, ഒരു ഗംഭീര നടന്‍ ആയത് കൊണ്ട് മാത്രമല്ല, ഇത്തരമൊരു മനോഭാവവും മനുഷ്യത്വവും കൂടി ഉള്ളത് കൊണ്ടാണ്. എന്നെ പോലൊരാള്‍ ഒരു ഫോട്ടോ ചോദിക്കുമ്പോള്‍, ഇട്ട വസ്ത്രം മാറുകയും ഈ ഷര്‍ട്ട് ഓര്‍മ്മിച്ചെടുത്തു ധരിക്കുകയും അതിനൊപ്പം ആ ഷര്‍ട്ട് സമ്മാനിച്ച ആളെ ഓര്‍ക്കുകയും അത് എന്നോട് പറയാനും കാണിക്കുന്ന ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates