ഒമ്പത് മാസത്തെ എക്‌സ്‌ക്ലൂസീവ് കണ്ടന്റ് തരണം, പണം തരാമെന്ന് ചാനലുകള്‍; ഗര്‍ഭം വിറ്റ് കിട്ടുന്ന കാശ് വേണ്ടെന്ന് മീര അനില്‍

റീച്ചും വ്യൂസും കുറയുമ്പോള്‍ എന്റെ പിള്ളേരെ എടുത്തിടാന്‍ പറ്റില്ല.

Meera Anil
Meera Anil
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :5 സെപ്റ്റംബർ 2026, 11:42 am IST

ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങള്‍ വിറ്റ് കാശാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് അവതാരകയായ മീര അനില്‍. ഗര്‍ഭവും വരാന്‍ പോകുന്ന കുട്ടികളേയും വിറ്റിട്ട് പണമുണ്ടാക്കില്ലെന്ന് താനും ഭര്‍ത്താവും മുമ്പ് തന്നെ തീരുമാനിച്ചതാണെന്നും മീര പറയുന്നു. ഒമ്പത് മാസത്തെ എക്‌സ്‌ക്ലൂസീവ് കണ്ടന്റിന് വേണ്ടി ചില ചാനലുകള് സമീപിച്ചതായും മീര പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മീരയുടെ പ്രതികരണം.

''ഗര്‍ഭം വിറ്റിട്ടോ, ഞങ്ങളുടെ ഇനി വരാന്‍ പോകുന്ന കൊച്ചുങ്ങളെ വിറ്റിട്ടോ, വ്യക്തി ജീവിതം വിറ്റിട്ടോ ഉണ്ടാക്കുന്ന പൈസ വേണ്ട എന്ന് ഞങ്ങള്‍ ആദ്യമെ തന്നെ തീരുമാനിച്ചിരുന്നു. സത്യം പറഞ്ഞാല്‍, ഫാമിലി പ്ലാനിങിനെക്കുറിച്ച് ഞങ്ങളുടെ മനസില്‍ പോലും ഇല്ലാതിരുന്ന സമയത്ത് പല ചാനലുകളില്‍ നിന്നും വിളിച്ചിട്ട് ചേച്ചി ഒമ്പത് മാസം ഞങ്ങള്‍ക്ക് തരണേ, ഞങ്ങള്‍ ഇപ്പോഴേ എടുത്തേക്കാം ഇപ്പോഴേ കോണ്‍ട്രാക്ട് ചെയ്യാം, ഇത്രയും രൂപ തരാം. ഒമ്പത് മാസം ചേച്ചിയുടെ എക്‌സ്‌ക്യൂസീവ് കണ്ടന്റ് നമ്മള്‍ എടുക്കുന്നു എന്നു പറഞ്ഞിട്ടുണ്ട്'' എന്നാണ് മീര പറയുന്നത്.

''എന്നില്‍ നിന്നും നിങ്ങള്‍ക്ക് അത് കിട്ടാന്‍ പോകുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. റീച്ചും വ്യൂസും കുറയുമ്പോള്‍ എന്റെ പിള്ളേരെ എടുത്തിടാന്‍ പറ്റില്ല. ഏറ്റവും എളുപ്പമുള്ള ടെക്‌നിക് ആണ്, പിള്ളേരേയും അവരുടെ ക്യൂട്ട്‌നെസും കാണിക്കുന്നത്. അതും ഒരുതരം വില്‍പ്പനയല്ലേ? അതിലൊരു സെല്ലിങ് പോയന്റ് ഇല്ലേ? അവരെ കാമറയ്ക്ക് മുമ്പില്‍ നിര്‍ത്തി അവരുടെ കുട്ടിത്തം വില്‍ക്കുകയല്ലേ ചെയ്യുന്നത്?'' എന്നും മീര ചോദിക്കുന്നു.

''ഇതൊക്കെ ഞങ്ങളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്, ഇത് ചെയ്യുന്നവരോട് യാതൊരു എതിര്‍പ്പുമില്ല. ഞാന്‍ അങ്ങനെയുളള കണ്ടന്റ് കാണുന്ന ആളല്ല. കുഞ്ഞുങ്ങളുടെ സ്വകാര്യത കാത്തുസൂക്ഷിക്കണം. നമ്മള്‍ ഇപ്പോഴും ദീപിക പദുക്കോണിന്റെ മകളുടെ ഫോട്ടോ കണ്ടിട്ടില്ല. അനുഷ്‌ക ശര്‍മ-വിരാട് കോലിയുടെ കുട്ടികളുടെ മുഖം നമുക്ക് അധികം പരിചിതമല്ല. ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ഏറ്റവും മിനിമലായിട്ടാണ് കാണിക്കുന്നത്. അവര്‍ക്കെന്താ വില്‍ക്കാന്‍ പറ്റില്ലേ?'' എന്നും മീര ചോദിക്കുന്നു.

മലയാളി പ്രേക്ഷകര്‍ക്ക് പേഴ്‌സണല്‍ കണ്ടന്റ് കാണാനാണ് താല്‍പര്യം. അത് മനസിലാക്കി ചെയ്യുന്നവര്‍ കാശുണ്ടാക്കുന്നു. അത് കണ്ട് സമയം കളയണോ വേണ്ടയോ എന്ന് ഓരോരുത്തരുടേയും ചോയ്‌സ് ആണ്. ഞങ്ങള്‍ അത്തരത്തില്‍ ഒന്നും വില്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. പിന്നാലെ നിരവധി പേരാണ് മീരയുടെ തീരുമാനത്തെ അനുകൂലിച്ചെത്തുന്നത്.

News Now

Summary

Meera Anil says she doesn't want to sell their personal life for money.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates