'എനിക്ക് അബദ്ധം പറ്റിയതാണ്, സ്പെഷ്യൽ ജൂറി അവാർഡ് തരാമായിരുന്നുവെന്ന് ഐ വി ശശി പറഞ്ഞു', 'സ്പിരിറ്റ്' വിവാദത്തിൽ നന്ദു

പ്രതിമയിൽ നിന്ന് എന്റെ പേര് ഇളക്കി മാറ്റി മറ്റേയാളുടെ പേര് ഒട്ടിച്ചത് ഇവനാണ്

Spirit, Nandhu
Spirit, Nandhuവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :11 സെപ്റ്റംബർ 2026, 3:39 pm IST

മോഹൻലാൽ നായകനായെത്തി, 2012 ൽ പുറത്തിറങ്ങിയ സിനിമയാണ് 'സ്പിരിറ്റ്'. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി നടൻ നന്ദുവുമെത്തിയിരുന്നു. മണി എന്ന അദ്ദേഹത്തിന്റെ കഥാപാത്രത്തിന് നിരവധി പ്രശംസകളും ലഭിച്ചിരുന്നു. സ്പിരിറ്റിലെ കഥാപാത്രത്തിന് ആ വർഷത്തെ മികച്ച സഹനടനുള്ള നോമിനേഷനും ലഭിച്ചിരുന്നു. എന്നാൽ അന്ന് നന്ദുവിന് അവാർഡ് ലഭിച്ചില്ലെന്ന് മാത്രമല്ല, അതേ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളുമുണ്ടായി.

ഇപ്പോഴിതാ അവാർഡുകളിലൊന്നും തനിക്കൊരു വിശ്വാസവുമില്ലെന്ന് പറയുകയാണ് നന്ദു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "സർക്കാരിന്റെ കാര്യത്തിൽ എനിക്ക് യാതൊരു തരത്തിലുള്ള വിശ്വാസങ്ങളും അന്നുമില്ല, ഇന്നുമില്ല.

'സ്പിരിറ്റ്' സിനിമയുടെ സമയത്താണ് വിവാദമുണ്ടായത്. 'സ്പിരിറ്റി'ൽ സഹനടനുള്ള അവാർഡിൽ എന്റെ പേരുണ്ടായിരുന്നു. പക്ഷേ അതൊക്കെ ചീറ്റിപ്പോയി. അന്ന് സഹനടന് അവാർഡ് കിട്ടിയത് മനോജ് കെ ജയനാണ്. പക്ഷേ മനോജ് കെ ജയൻ മത്സരിച്ചത് മികച്ച നടനാണ്. ആ സിനിമയിൽ മനോജ് നായകനാണ്.

ആ സിനിമയിൽ മികച്ച നടനുള്ള അവാർഡിന് മനോജ് കൊടുത്തു, പക്ഷേ കിട്ടിയത് സഹനടനാണ്. അതിനകത്തൊക്കെ ഒരുപാട് അഭ്യാസങ്ങൾ നടന്നുവെന്ന് മനോജ് എന്നോട് പറഞ്ഞു. അന്ന് പോയി അവാർഡുകളിലുള്ള എന്റെ വിശ്വാസം. 13 വർഷം കഴിഞ്ഞില്ലേ 'സ്പിരിറ്റ്' ഇറങ്ങിയിട്ട്. ഇപ്പോഴും ആ സിനിമയിലെ എന്റെ കഥാപാത്രത്തെക്കുറിച്ച് ആളുകൾ പറയാറുണ്ട്, 'സ്പിരിറ്റി'ലെ അഭിനയം നന്നായിരുന്നു എന്ന് പറയാറുണ്ട്.

ഇതൊക്കെ തന്നെയല്ലേ നമ്മുടെ സന്തോഷം. എനിക്കതുകൊണ്ട് അവാർഡുകളിൽ ഒന്നും ഒരു വിശ്വാസവുമില്ല. എനിക്ക് അവാർഡ് കിട്ടണമെങ്കിൽ 'സ്പിരിറ്റി'ൽ കിട്ടണമായിരുന്നു. അതിന്റെ സത്യാവസ്ഥ എന്താണെന്ന് പറഞ്ഞാൽ, ഐ വി ശശി ചേട്ടനായിരുന്നു 'സ്പിരിറ്റി'റങ്ങിയ സമയത്ത് ജൂറി ചെയർമാൻ. മൂന്ന് വർഷം കഴിഞ്ഞ് ഞാനൊരു ദിവസം കോഴിക്കോട് മഹാറാണിയിൽ എന്തോ ഷൂട്ടിങ് ആവശ്യത്തിന് പോയിരുന്നു.

റിസപ്ഷനിലെത്തിയപ്പോൾ എന്നോട് പോൾ പറഞ്ഞു, 'ശശി ചേട്ടൻ അവിടെ ഇരിക്കുന്നത് നന്ദു കണ്ടില്ലേ' എന്ന്. ഞാനപ്പോൾ ഓടിച്ചെന്ന് അദ്ദേഹത്തെ വിളിച്ചു. എന്നെ അദ്ദേഹം 'ഇരിക്കെടാ' എന്ന് പറഞ്ഞു പിടിച്ചിരുത്തി. "സ്പിരിറ്റി'ലെ നിന്റെ അഭിനയം അസാധ്യമായിരുന്നു. ശരിക്കും നിനക്ക് അവാർഡ് കിട്ടേണ്ടതാണ്. പിന്നെ അവസാന നിമിഷം കുറേ സംഭവങ്ങളൊക്കെ നടന്നു.

അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. പോട്ടെ. അതാ നിനക്ക് കിട്ടാതിരുന്നത്. നിനക്ക് തീർച്ചയായിട്ടും അവാർഡ് കിട്ടും. നിനക്ക് നല്ല കഴിവുണ്ട്, നിനക്ക് അവാർഡ് കിട്ടും" - എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, 'അതിലൊന്നും കാര്യമില്ല ചേട്ടാ. അവാർഡ് ഇല്ലെങ്കിൽ ഇല്ല, അത്ര തന്നെ. ഉണ്ടെങ്കിൽ ഉണ്ട്. അവാർഡ് പ്രതീക്ഷിച്ചല്ല, ഞാൻ ആ വേഷം ചെയ്തത്.

അതുകൊണ്ട് എനിക്കതിൽ യാതൊരു വിഷമവുമില്ലെന്ന്'. 'നിനക്ക് വേണമെങ്കിൽ എനിക്കൊരു സ്പെഷ്യൽ ജൂറി അവാർഡ് തരാമായിരുന്നുവെന്ന്' ചേട്ടൻ പറഞ്ഞു. അതു കേട്ടപ്പോൾ എനിക്ക് വിഷമമായി. 'ചേട്ടാ ഇതുവരെ എനിക്ക് വിഷമം ഇല്ലായിരുന്നു, ചേട്ടനിത് പറഞ്ഞപ്പോൾ എനിക്ക് വിഷമമായി. ചേട്ടന് അപ്പോൾ വെറുതേ തരാമായിരുന്നു.

സുഖമായിട്ട് തരാമായിരുന്നു' എന്ന് ഞാൻ പറഞ്ഞു. 'എനിക്ക് അബദ്ധം പറ്റിയതാണ്. ഞാനത് അപ്പോൾ പറഞ്ഞിരുന്നെങ്കിൽ എല്ലാവരും അത് അം​ഗീകരിച്ചേനേ. നിനക്കത് കിട്ടുകയും ചെയ്തേനേ. എന്റെ ഭാ​ഗത്തു നിന്ന് പറ്റിയ തെറ്റാണ്. സാരമില്ലെടാ തീർച്ചയായും നിനക്ക് നല്ല അവാർഡുകൾ വേറെ കിട്ടും' എന്ന് അദ്ദേഹം പറഞ്ഞു.

ചേട്ടനത് പറഞ്ഞപ്പോൾ എനിക്ക് വിഷമമായി, അല്ലാതെ എനിക്കിതിലൊന്നും ഒരു വിശ്വാസവുമില്ല. കാര്യം ഇതിനകത്തൊക്കെ ഒരുപാട് ഇടപെടലുകൾ ഉണ്ട്. അവർക്ക് ഇഷ്ടമുള്ളവർക്ക് അവർ കൊടുക്കും. പലരും പറഞ്ഞ അനുഭവങ്ങൾ അങ്ങനെയാണ്. പിന്നെ വേറൊരു പ്രശസ്തമായ അവാർഡിന് എന്നെ വിളിച്ചു. ചെല്ലണമെന്ന് പറഞ്ഞു.

അവാർഡ് പ്രഖ്യാപിച്ചപ്പോൾ അത് എനിക്കല്ല, മറ്റൊരു വ്യക്തിക്കായിരുന്നു. എനിക്കതിൽ ഒരു വിഷമവും തോന്നിയില്ല. ഞാനതിൽ നോമിനേഷനിലുണ്ടായിരുന്നു. അങ്ങനെ അത് വേറൊരാൾക്ക് കിട്ടി. ഇതിൽ വിഷമം വന്നത് എപ്പോഴാണെന്നോ. നാളുകൾക്ക് ശേഷം ഞാനൊരു പടം ചെയ്തു കൊണ്ടിരിക്കുമ്പോൾ ആ മേക്കപ്പ്മാന്റെ അസിസ്റ്റന്റ് എന്നോട് പറഞ്ഞു.

അന്നത്തെ അവാർഡ് ദാനച്ചടങ്ങിൽ, അവരുടെ കൂടെ ഞാൻ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. 'അന്ന് സപ്പോർട്ടിങ് ആക്ടറുടെ അവാർ‌ഡ് ചേട്ടനാണ് കിട്ടേണ്ടത്'. അപ്പോൾ ഞാൻ ചോദിച്ചു, 'എന്നിട്ടെന്താ കിട്ടാതിരുന്നതെ'ന്ന്. ആ ചടങ്ങിൽ സ്റ്റേജിന് പുറകിൽ നിന്ന് ഷീൽഡുകൾ എടുത്ത് കൊടുത്തിരുന്നത് ഇവനാണ്.

അപ്പോൾ ആരോ ഓടി വന്നിട്ട് പറഞ്ഞു, 'എടാ മറ്റേ ആർട്ടിസ്റ്റ് വന്നിട്ടുണ്ടെന്ന്'. പ്രതിമയിൽ നിന്ന് എന്റെ പേര് ഇളക്കി മാറ്റി മറ്റേയാളുടെ പേര് ഒട്ടിച്ചത് ഇവനാണ്. പറഞ്ഞ കമ്പിനിയും കാര്യങ്ങളുമൊന്നും ഞാൻ പറയുന്നില്ല". - നന്ദു പറഞ്ഞു.

News Now

Summary

Nandhu talks about Spirit movie award controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics