കാത്തിരിപ്പ് നീളും; ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്നുണ്ടാകില്ല; പിന്നെ എപ്പോള്‍?

സിനിമാലോകവും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു

National Film Awards
National Film Awards
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :3 ജൂലൈ 2026, 5:40 pm IST

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്നുണ്ടാകില്ല. സിനിമാലോകവും പ്രേക്ഷകരും ആകാംക്ഷയോടെ പുരസ്‌കാര പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് ആറ് മണിയോടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍ പുരസ്‌കാര പ്രഖ്യാപനം ഇന്നുണ്ടാകില്ല എന്നാണ് ഇപ്പോള്‍ വ്യക്താകുന്നത്.

ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പുരസ്‌കാര പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് അറിയിച്ചിരിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ചിരുന്നില്ല. ഒരുപക്ഷെ അടുത്തയാഴ്ച പ്രഖ്യാപനം ഉണ്ടായേക്കും. തിയ്യതി തീരുമാനിച്ച ശേഷം ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

മലയാള സംവിധായകന്‍ ജയരാജ് ചെയര്‍മാന്‍ ആയ ജൂറിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. 2024 ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. കഴിഞ്ഞ തവണ മികച്ച സഹനടന്‍, സഹനടി പുരസ്‌കാരങ്ങള്‍ മലയാളികളെ തേടിയെത്തിയത് കേരളക്കരയ്ക്ക് അഭിമാന നിമിഷമായിരുന്നു. പൂക്കാലം എന്ന ചിത്രത്തിലൂടെ വിജയരാഘവന്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടിയപ്പോള്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലൂടെ ഉര്‍വ്വശിയേയാണ് തേടിയെത്തിയത്.

പോയ വര്‍ഷം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയുമായിരുന്നു മികച്ച നടന്മാര്‍. ജവാനും 12ത്ത് ഫെയിലുമാണ് ഇരുവരേയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. മിസിസ് ചാറ്റര്‍ജി വെഴ്‌സസ് നോര്‍വെയിലൂടെ റാണി മുഖര്‍ജി മികച്ച നടിയായപ്പോള്‍ വിധു വിനോദ് ചോപ്രയുടെ 12ത്ത് ഫെയില്‍ ആയിരുന്നു മികച്ച സിനിമ.

മലയാളത്തിന് ഏറെ പ്രതീക്ഷകളുള്ള വര്‍ഷമാണിത്. മലയാളത്തില്‍ നിന്നും മമ്മൂട്ടി ചിത്രം ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, കിഷ്‌കിന്ധാ കാണ്ഡം തുടങ്ങിയ ചിത്രങ്ങള്‍ മത്സര രംഗത്തുണ്ട്. തമിഴ് ചിത്രങ്ങളായ അമരന്‍, മെയ്യഴകന്‍, മഹാരാജ തുടങ്ങിയവയും മത്സരത്തിലുണ്ട്.

News Now

Summary

National Film Awards will not be announced today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics