'ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ...; ദൈവത്തെപ്പോലെ കൂടെ നിന്ന പ്രേക്ഷകര്‍, നിങ്ങള്‍ക്ക് വേണ്ടി സിനിമ ചെയ്യും'; വികാരഭരിതനായി നിവിന്‍ പോളി

പത്ത് നാളില്‍ നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമ

Nivin Pauly
Nivin Pauly
Last Updated :5 January 2026, 10:13 am IST

ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ് നിവിന്‍ പോളിയുടെ സര്‍വ്വം മായ. 2025 ക്രിസ്മസ് വിന്നറായ സര്‍വ്വം മായ 2026ന്റെ തുടക്കവും തങ്ങളുടേതാക്കി മാറ്റിയിരിക്കുകയാണ്. പത്ത് നാളില്‍ നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമ നിവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ്. ആറ് വര്‍ഷത്തിന് ശേഷമാണ് നിവിന്‍ പോളിയുടെ സിനിമ വിജയം കൈവരിക്കുന്നതെന്നും സര്‍വ്വം മായയുടെ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.

വലിയ ബഹളങ്ങളൊന്നുമില്ലാതെയാണ് സര്‍വ്വം മായ തിയേറ്ററുകൡലെത്തിയത്. വലിയ ബജറ്റോ താരബാഹുല്യമോ ഒന്നുമില്ലാതെ വന്ന ചിത്രം പക്ഷെ പ്രേക്ഷകരുടെ മനസ് കീഴടക്കി. അതിവേഗം നൂറ് കോടിയിലെത്തിയ സിനിമകളില്‍ എമ്പുരാന്‍, തുടരും, ലോക എന്നിവയ്ക്ക് തൊട്ടുപിന്നിലായി സര്‍വ്വം മായയും ഇടം നേടിയിരിക്കുകയാണ്.

സര്‍വ്വം മായയുടെ വിജയത്തിന് പിന്നാലെ തിയേറ്റര്‍ വിസിറ്റിനിടെ നിവിന്‍ പോളി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്റെ ഹിറ്റ് ഡയലോഗായ ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ എന്നാണ് നിവിന്‍ പറയുന്നത്. പല പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നപ്പോള്‍ ദൈവത്തെപ്പോലെ കൂടെ നിന്നത് പ്രേക്ഷകരാണെന്നും നിവിന്‍ പോളി പറയുന്നു. എറണാകുളം കവിത തിയേറ്ററിലെത്തിയാണ് നിവിനും ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറ പ്രവര്‍ത്തകരും പ്രേക്ഷകരെ കണ്ടത്.

'ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ.. പല പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും എന്റെ കരിയറില്‍ വന്നപ്പോള്‍ ദൈവത്തെപ്പോലെ എന്റെ കൂടെ നിന്നത് പ്രേക്ഷകരാണ്. അതിന് ഒരുപാട് നന്ദി. ഇനി നിങ്ങള്‍ക്ക് വേണ്ടി മാത്രം സിനിമകള്‍ ചെയ്യണം എന്നാണ് ആഗ്രഹം. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും വരട്ടെ. നിങ്ങള്‍ക്ക് ഇനിയും ആസ്വദിക്കാന്‍ സാധിക്കട്ടെ എന്നു മാത്രം ആഗ്രഹിക്കുന്നു. ഇവിടെ വന്നതിനും നിങ്ങളെ കാണാന്‍ സാധിച്ചതിലും ഒരുപാട് സന്തോഷം. ഇപ്പോഴുള്ള സ്‌നേഹവും സപ്പോര്‍ട്ടും കൂടെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു,' നിവിന്‍ പോളി പറയുന്നു.

നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമാണ് സര്‍വ്വം മായ. അഖില്‍ സത്യന്‍ ഒരുക്കിയ ചിത്രത്തില്‍ റിയ ഷിബുവാണ് നായിക. പ്രീതി മുകുന്ദന്‍, അജു വര്‍ഗീസ്, ജനാര്‍ദ്ദനന്‍, മധു വാര്യര്‍, രഘുനാഥ് പലേരി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

News Now

Summary

Nivin Pauly visits theatres playing Sarvam Maya. Says audience are his gods. he vows to makes movies that entertain people.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates