'മമ്മൂട്ടി ആയിരുന്നില്ല ആദ്യത്തെ നായകൻ, സുഹാസിനിയും റഹ്മാനും വരുന്നത് അങ്ങനെ'; 'കൂടെവിടെ ?' പിന്നാമ്പുറ കഥ പറഞ്ഞ് പ്രേം പ്രകാശ്

അങ്ങനെയാണ് ‌ശരിക്കും സുഹാസിനി വരുന്നത്.

Prem Prakash, Koodevide?
Prem Prakash, Koodevide?വിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :1 സെപ്റ്റംബർ 2026, 6:14 pm IST

പത്മരാജൻ സംവിധാനം ചെയ്ത് 1983ൽ പുറത്തിറങ്ങിയ ചിത്രമാണ് 'കൂടെവിടെ ?'. മമ്മൂട്ടി, റഹ്മാൻ, സുഹാസിനി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. പ്രേം പ്രകാശും രാജൻ പ്രകാശും ആയിരുന്നു ചിത്രം നിർമിച്ചത്. സുഹാസിനിയുടെ മലയാള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.

ഇപ്പോഴിതാ ചിത്രത്തിന്റെ കാസ്റ്റിങ്ങിനെക്കുറിച്ച് പ്രേം പ്രകാശ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. എംപയർ ടോക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഹ്മാന്റെ കാരക്ടറിന് വേണ്ടി ഞങ്ങൾ പത്രത്തിൽ പരസ്യം കൊടുത്തു. റഷിൻ എന്നാണ് അന്ന് റഹ്മാന്റെ പേര്. അവന്റെ അച്ഛനും അമ്മയും സൗദിയിലാണ്. പത്രത്തിൽ ഈ പരസ്യം കണ്ട് അവർ സൗദിയിൽ നിന്ന് ഞങ്ങൾക്ക് കത്തയച്ചു.

ഞങ്ങളുടെ മകന് അഭിനയിക്കാൻ താല്പര്യമുണ്ട്. അവൻ ഊട്ടിയിൽ ഒരു സ്കൂളിലാണ് പഠിക്കുന്നത് എന്നൊക്കെ പറഞ്ഞ്. അവന്റെ ഫോട്ടോസ് ഞാൻ പത്മരാജനെ കാണിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, വേണ്ട നമുക്ക് മറ്റൊരു പയ്യനുണ്ട്. തിരുവനന്തപുരത്തുള്ളതാണ്. അവനെ ഞാൻ കണ്ടുവച്ചിട്ടുണ്ടെന്ന്.

പപ്പൻ പറഞ്ഞു കഴിഞ്ഞാൽ പിന്നെ നമ്മൾ എതിര് പറയില്ലല്ലോ. മമ്മൂട്ടിയുടെ കഥാപാത്രമായി പത്മരാജൻ പറഞ്ഞതും വേറെ ഒരാളെയായിരുന്നു. നവംബറിന്റെ നഷ്ടം എന്ന സിനിമയിലെ രാമചന്ദ്രനെയായിരുന്നു. ഈ പടത്തിന് ഒരു കൊമേഴ്സ്യൽ എലമെന്റ് വേണമല്ലോ. മമ്മൂട്ടി അന്ന് കയറി വരുകയാണ്. ഒരു ആണത്തമുള്ള പട്ടാള ഉദ്യോ​ഗസ്ഥനെ ആണ് വേണ്ടത്. അപ്പോൾ ഞാൻ പറഞ്ഞു, നമുക്ക് മമ്മൂട്ടിയെ ഒന്ന് ശ്രമിച്ചാലോ.

അപ്പോൾ അദ്ദേഹം പറഞ്ഞു രാമചന്ദ്രനായാലും കുഴപ്പമില്ലെന്ന്. ആ പടത്തിന്റെ ഡിസ്ട്രിബ്യൂട്ടേഴ്സ് സെൻട്രൽ പിക്ചേഴ്സ് ആണ്. അങ്ങനെ അവരും പറഞ്ഞു മമ്മൂട്ടിയെ പോലെ ഒരാളെ എടുത്തു കൂടെ എന്ന്. അങ്ങനെ പപ്പൻ വഴങ്ങി. ഞാൻ മമ്മൂട്ടിയെ കാണാൻ പോകുന്നു. എല്ലാം ഫിക്സ് ചെയ്യുന്നു. ഈ പയ്യനെ പത്മരാജൻ ഫിക്സ് ചെയ്ത് വച്ചിരിക്കുന്നതാണ്.

സുഹാസിനിയിലേക്ക് വന്നത്, അവർ അന്ന് തമിഴിൽ രണ്ട് മൂന്ന് പടങ്ങൾ ചെയ്ത് ​ഗംഭീരമായിട്ട് നിൽക്കുകയാണ്. ഒരു പരിചയവുമില്ല നമുക്ക്. എനിക്ക് സുകുമാരി ചേച്ചിയെ അറിയാം. ഇവരെ ഒരു പടത്തിൽ അഭിനയിക്കാൻ കിട്ടുമോയെന്ന് ഞാൻ ചേച്ചിയോട് ചോദിച്ചു. അവർ മലയാളത്തിൽ വരുമോ എന്നറിയില്ല, ഭാഷയുടെ പ്രശ്നമുണ്ട്, ഞാൻ ചോദിക്കാം എന്ന് ചേച്ചി പറഞ്ഞു.

പത്മരാജൻ ആണ്, അഭിനയിക്കാൻ താല്പര്യമുണ്ടോ എന്നൊന്ന് സംസാരിച്ചു നോക്കാൻ ഞാൻ പറഞ്ഞു. മലയാളം അത്ര പിടിയില്ല, പിന്നെ അവർക്കൊന്ന് അന്വേഷിക്കണം എന്നൊക്കെയാണ് അവർ പറഞ്ഞത്. ജോസ് പ്രകാശ് സാറിന്റെ അനിയനാണിത്. അദ്ദേഹം മലയാളത്തിലെ വലിയൊരു നടനാണ്. നല്ലൊരു സെറ്റ് അപ്പ് ആയിരിക്കും. ഒരു വിഷമവും ഉണ്ടാവുകയില്ല. ഞാൻ ​ഗ്യാരണ്ടി തരാം എന്നൊക്കെ സുകുമാരി ചേച്ചി അവരോട് പറഞ്ഞു.

അങ്ങനെയാണ് ‌ശരിക്കും സുഹാസിനി വരുന്നത്. അവരും അവരുടെ അച്ഛനും കൂടിയാണ് വരുന്നത്. ഷൂട്ടിങിന് ഒരാഴ്ച മുൻപ് ഞങ്ങൾ ഊട്ടിയിലെത്തി. റഹ്മാന് മുൻപ് ആ കഥാപാത്രം ചെയ്യാനിരുന്ന പയ്യനുമുണ്ടായിരുന്നു. പക്ഷേ ഈ പയ്യൻ വളരെ പൊക്കം കുറഞ്ഞ ആളായിരുന്നു. ഇതെങ്ങനെ ശരിയാകും എന്നൊരു തോന്നൽ എനിക്കുണ്ടായി. കാരണം, കഥാപരമായി മമ്മൂട്ടി സംശയിക്കണം, സുഹാസിനിയെയും ഈ പയ്യനെയും വച്ച്. ഞാനത് പപ്പനോട് പറഞ്ഞു.

പുള്ളിക്ക് പക്ഷേ മറ്റേ പയ്യനിൽ ഒരു വിശ്വാസം. സംവിധായകൻ പറഞ്ഞാൽ പിന്നെ നമ്മൾ എന്നാ പറയാനാ. ഊട്ടിയിൽ ആണെങ്കിൽ നല്ല തണുപ്പും. ഷൂട്ട് തുടങ്ങുന്നതിന് രണ്ട് മൂന്ന് ദിവസം മുൻപ് ഈ പയ്യന് പനി പിടിച്ചു. ഇവൻ പേടിച്ചിട്ടാണ് പനി പിടിച്ചതെന്ന് ചിലർ പറയുന്നു. ആകെ പ്രശ്നമായി. ആ പയ്യൻ ഇന്ന് വലിയ ബിസിനസുകാരനാണ്. ഞാൻ പിന്നെ കണ്ടിട്ടില്ല.

അവന്റെ മാതാപിതാക്കളോട് പത്മരാജൻ തന്നെ കാര്യം പറഞ്ഞു. പിന്നെ ആര് എന്ന് നോക്കിയപ്പോഴാണ്, റഷിൻ അവിടെയുണ്ട്. അവൻ ഊട്ടിയിലുണ്ട്. അങ്ങനെ ഞാൻ പപ്പനോട് പറഞ്ഞു, നമുക്ക് ഇവനെ ഒന്ന് കണ്ടു നോക്കാം. ഷാജി എൻ കരുൺ ആണ് കാമറ. ഷാജിയും രാജനും കൂടി ചേർന്ന് സ്കൂളിൽ പോയി ഇവനെ കൂട്ടിക്കൊണ്ട് വന്നു.

ഫോട്ടോ എടുത്തപ്പോൾ തന്നെ ഷാജി എന്നോട് പറഞ്ഞു, അവൻ മതിയെടാ, നല്ല പയ്യനാണെന്ന്. പിന്നെ ദൈവാനു​ഗ്രഹം കൊണ്ട് അതെല്ലാം ഒത്ത് വന്നു. അങ്ങനെയാണ് 'കൂടെവിടെ ?' സംഭവിച്ചത്".- പ്രേം പ്രകാശ് പറഞ്ഞു.

News Now

Summary

Prem Prakash talks about Koodevide movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates