'കഥാപാത്രങ്ങളോട് സിംപതി തോന്നാനുള്ള എല്ലാം ഒരുക്കി വച്ചിട്ടുണ്ട്'; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ’ പാകപ്പിഴകൾ പറഞ്ഞ് ആർ ശ്രീലേഖ

പക്ഷേ ഒരു സിനിമ കാണുമ്പോൾ നമ്മൾ അതിനകത്ത് ഒന്ന് ഇൻവോൾഡ് ആവണം.

R Sreelekha, Prathama Dhrishtya Kuttakkar
R Sreelekha, Prathama Dhrishtya KuttakkarSource by : ഫെയ്സ്ബുക്ക്
Last Updated :10 October 2026, 4:53 pm IST
Guest Author :Hima Prakash

പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിലെത്തിയ സിനിമയാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. ചിത്രം ഇന്നലെ ഒടിടിയിലും ചിത്രം റിലീസിനെത്തിയിരുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടിയിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മുൻ ഡിജിപി ആർ ശ്രീലേഖ പങ്കുവച്ച അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്.

സിനിമയിൽ ഒരുപാട് പാകപ്പിഴകളുണ്ടെന്നും ഒരു പൊലീസ് ഓഫിസർ എന്ന നിലയിൽ ഈ സിനിമയോട് വലിയ ഇഷ്ടം തോന്നിയില്ലെന്നും ശ്രീലേഖ പറയുന്നു. ഷഹദ് സംവിധാനം ചെയ്ത ഈ സിനിമയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് യഥാർഥ പൊലീസ് ഉദ്യോഗസ്ഥനായ പിഎസ് സുബ്രഹ്മണ്യമാണ്. ‘‘ഇതിനുമുൻപ് രണ്ട് സിനിമകളെ കുറിച്ച് ഞാൻ വിഡിയോ ചെയ്തിട്ടുണ്ട്.

അതിലൊന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ‘ഗുരു’ എന്ന സിനിമയെക്കുറിച്ചായിരുന്നു. മലയാളത്തിൽ അത് തന്നെയാണ് എന്റെ പ്രിയപ്പെട്ട സിനിമ. രണ്ടാമത് ചെയ്തത് ‘എംപുരാൻ’ സിനിമയെ കുറിച്ചായിരുന്നു ഇതെന്റെ മൂന്നാമത്തെ സിനിമ നിരൂപണമാണ്. നിരൂപണം എന്ന് പറയാൻ പറ്റില്ല, ഒരു അഭിപ്രായം എന്ന് വേണമെങ്കിൽ പറയാം. പലരും എന്നോട് നല്ലതാണ്, പൊലീസ് സ്റ്റോറി ആണ് പോയി കാണണമെന്ന് പറഞ്ഞ് ഞങ്ങള്‍ സകുടുംബം പോയി തിയറ്ററിൽ കണ്ട സിനിമയാണ് ‘പ്രഥമ ദൃഷ്ട്യ കുറ്റക്കാർ’.

ഈ സിനിമ പൊതുവേ എല്ലാവർക്കും വലിയ ഇഷ്ടമായി, ഞാൻ ഇതുവരെ നെഗറ്റീവ് ആയിട്ടുള്ള നിരൂപണവും കണ്ടില്ല. എല്ലാവരും വളരെ നല്ല രീതിയിലാണ് അതിനെക്കുറിച്ച് പറഞ്ഞതെങ്കിലും പൊലീസ് ഓഫീസർ എന്നുള്ള നിലയിലും എന്റെ കാഴ്ചപ്പാടിലും ഇതിനകത്ത് വലിയ അപാകതയായി തോന്നിയത് കഥയിലെ ചില പ്ലോട്ട് ഹോൾസിലാണ്. അതിലുപരിയായി ഈ സിനിമ മൊത്തം നീങ്ങുന്നത് സ്ക്രിപ്റ്റ് അനുസരിച്ച് മാത്രമാണ്.

അതിനകത്ത് മറ്റൊന്നുമില്ല. ഒരു കഥ, ഒരു സ്ക്രിപ്റ്റ് എന്നുള്ളതിൽ കവിഞ്ഞ് ആസ്വാദനത്തിന് വേണ്ടിയിട്ടുള്ള മറ്റൊന്നും ഇതിനകത്ത് കാണാൻ സാധിച്ചില്ല. കഥാകൃത്തിന്റെ മനസ്സിൽ ഒരു കഥയുണ്ടായി അത് മുഴുവനായി സ്ക്രിപ്റ്റ് ചെയ്ത് ബാക്കി സിനിമ മൊത്തം അത് അനുസരിച്ച് നീങ്ങി. ചിലപ്പോൾ എല്ലാ സിനിമകളും അങ്ങനെ അങ്ങനെ ആയിരിക്കും. പക്ഷേ സിനിമകൾക്ക് അതിന്റേതായിട്ടുള്ള ഒരു ആത്മാവും ഒരു ജീവനും ഉണ്ട്.

അത് പ്രകടമാകുന്നത് കഥാപാത്രങ്ങളിലൂടെയും അവരുടെ അഭിനയ മികവിലൂടെയും ഒക്കെയാണ്. ഇതിനകത്ത് അഭിനയ മികവില്ല എന്നല്ല. പക്ഷേ ഇതിൽ നാല് പ്രധാനപ്പെട്ട കഥാപാത്രങ്ങളായി വരുന്നത് സിദ്ധാർഥ് ഭരതൻ, പാർവതി, ഉണ്ണിമായ, മാത്യു തോമസ് എന്നിവരാണ്. ഇവരെ കൂടാെത മറ്റനേകം കഥാപാത്രങ്ങളും വരുന്നുണ്ട്. പക്ഷേ ഈ നാലുപേരും കൂടെ ചേർന്നാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകേണ്ടത്, പ്രത്യേകിച്ച് പാർവതി.

എനിക്ക് തോന്നുന്നത് പാർവതിയെ ഈ റോളിലേക്ക് തിരഞ്ഞെടുത്തതിന്റെ കാരണം ഒരു ഇന്റലിജന്റ് വനിതാ പൊലീസ് ഓഫിസർ, അതായത് സാമാന്യ ബുദ്ധിശക്തിയുള്ള വളരെ ഷാർപ്പ് ആയി ചിന്തിക്കുകയും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വനിതാ പൊലീസ് ഓഫിസർ വേണം. അതിനു വേണ്ടിയിട്ടായിരിക്കണം പാർവതിയെ തന്നെ തിരഞ്ഞെടുത്തത്. ആ ഒരു കാര്യത്തിൽ കാസ്റ്റിങ്ങിന് മിസ്മാച്ച് ഒന്നുമില്ല. കാസ്റ്റിങ് നല്ലതാണ്.

പക്ഷേ ഒരു സിനിമ കാണുമ്പോൾ നമ്മൾ അതിനകത്ത് ഒന്ന് ഇൻവോൾഡ് ആവണം. ആ സിനിമ നമ്മളെ കൂട്ടികൊണ്ട് അകത്തോട്ട് കയറ്റി കൊണ്ടു പോകണം. നമുക്കൊരു സിംപതി, അല്ലെങ്കിൽ നമ്മളാണ് ആ കാരക്ടർ എന്നൊരു തോന്നൽ വേണം. അവരുടെ അനുഭവങ്ങളും ഫീലിങ്സും നമ്മുടേതായി തോന്നണം. അങ്ങനെ ഒരു തോന്നൽ ഈ സിനിമയ്ക്കകത്ത് എനിക്ക് തോന്നിയില്ല.

ഇതൊരു സ്ക്രിപ്റ്റഡ് നറേറ്റീവ് പ്രകാരം കഥാപാത്രങ്ങൾ അങ്ങ് നീങ്ങികൊള്ളണം എന്ന് പറയുന്നതുപോലെയാണ്. ഈ സിനിമ കണ്ടിട്ടില്ലാത്തവർ ദയവു ചെയ്ത് എന്റെ ഈ വിഡിയോ കാണരുത്. വിഡിയോ വൈകിക്കാൻ കാരണവും മനഃപൂർവമാണ്. സിനിമ തിയറ്ററിൽ ഇറങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടുണ്ട്. ഒരുപാട് പേര് അത് കണ്ടിട്ടുണ്ടാവും. അതുകൊണ്ട് സ്പോയിലർ അലർട്ടോടു കൂടി ബാക്കി കാര്യങ്ങൾ പറയുകയാണ്. കഥയിൽ കുറെയധികം പാകപ്പിഴകൾ ഉണ്ട്.

അത് എങ്ങനെ തുടങ്ങണം എങ്ങനെ തീരണം എന്ന് നിശ്ചയിച്ച് തീരുമാനിച്ചതുപോലെ, ഇതിനകത്ത് വന്നിരിക്കുന്ന കുറെ പ്രശ്നങ്ങൾ ഉള്ളത് ഓരോന്നോരോന്നായി പറയാം. വിജയരാഘവൻ അവതരിപ്പിച്ച കഥാപാത്രമാണ് ആന്റഗണിസ്റ്റ്. അതായത് വില്ലൻ അല്ല, പക്ഷേ എതിരായി നിൽക്കുന്ന കഥാപാത്രം. വളരെ സമർത്ഥനായ, എല്ലാ കേസുകളും തെളിയിച്ച ചരിത്രമുള്ള മിടുമിടുക്കനായ പൊലീസ് ഓഫിസർ. സർവീസിൽ ഇരിക്കെ തന്നെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

പക്ഷേ അതിനൊക്കെ കുറച്ച് പ്രയാസമാണ്. കാരണം സർവീസിൽ ഇരിക്കെ തന്നെ കേസ് അന്വേഷണത്തിന്റെ കഥകൾ എഴുതുന്നത് ചട്ടലംഘനമാണ്. അതുകൊണ്ട് ആ ഒരുകാര്യം അത്ര വിശ്വസനീയമല്ല. പക്ഷേ അലീനയുടെ ഭർത്താവ് ആരാധിച്ചിരുന്ന ഒരു ഓഫിസർ ആയിരുന്നു വിജയരാഘവന്റെ കാരക്ടർ.

അയാൾ ആ പുസ്തകങ്ങൾ എല്ലാം വായിക്കുകയും അത് ഭാര്യയുമായി പങ്കിടുകയും പാർവതിയും അതെല്ലാം വായിക്കുന്നതും ഈ ചിത്രത്തിൽ നിരന്തരം കാണിക്കുന്നുണ്ട്. ഭർത്താവ് മരിക്കുമ്പോൾ ‘ഡയിങ് ഇൻ ഹാർനസ് സ്കീമി’ൽ വന്ന് എനിക്ക് യൂണിഫോം ഇട്ട പൊലീസ് ഓഫിസർ തന്നെ ആകണം എന്ന് പറഞ്ഞുകൊണ്ട് ക്ലറിക്കൽ ജോലി വേണ്ടന്നു പറഞ്ഞ് യൂണിഫോമിന്റെ സർവീസിൽ തന്നെ കേറുന്ന ഒരു ഭാര്യ. ട്രെയിനിങ്ങിലും പിന്നീട് അവരുടെ ജീവിതത്തിലും ഒരുപാട് കഷ്ടപ്പാട് ഉള്ളതായി കാണിക്കുന്നു.

പരമാവധി കാണികളുടെ സിംപതി പിടിച്ചുപറ്റാൻ തക്കമുള്ള ഒരു കാരക്ടർ ആർക്ക് ആണത്. ഈ നാല് കഥാപാത്രങ്ങളുടെയും പശ്ചാത്തലം ഏതാണ്ട് ഇതുപോലെ കഷ്ടപ്പാട് നിറഞ്ഞതാണ്. ഓരോരുത്തർക്കും ജീവിതത്തിൽ ഓരോ പ്രശ്നങ്ങളുണ്ട്. ഈ നാല് കഥാപാത്രങ്ങൾക്കും പ്രേക്ഷകരുടെ സിംപതി വേണ്ടുവോളം വാങ്ങികൊടുക്കാൻ തക്കവണ്ണമുള്ള പശ്ചാത്തലം പറയുന്നുണ്ടെങ്കിലും അവരോട് ആരോടും ഒരു ദയയും നമുക്ക് അല്ലെങ്കിൽ എനിക്ക് വ്യക്തിപരമായി തോന്നിയില്ല.

അതായത് ഈ കഥ നീങ്ങുമ്പോളൊന്നും ‘അയ്യോ പാവം ഇവര്‍ രക്ഷപ്പെട്ടാൽ മതിയായിരുന്നു, ഇവരെ പിടിക്കാതിരുന്നാൽ മതിയായിരുന്നു’ എന്നൊക്കെയുള്ള ചിന്ത എന്റെ മനസ്സിൽ കൂടെ ഒരു തരിമ്പും പോയില്ല. അതിനുപകരം കുറച്ചു കൂടെ ഇഷ്ടപ്പെട്ടത് വിജയരാഘവൻ ചെയ്ത കഥാപാത്രമാണ്. അദ്ദേഹത്തിന്റെ അന്വേഷണം വിജയിച്ചാൽ കൊള്ളാം എന്നൊക്കെയുള്ള ചിന്ത മനസ്സിൽ വന്നു.

പക്ഷേ അത് സക്സസ് ആവാൻ സമ്മതിക്കാതെ പ്രശ്നങ്ങൾ ഇങ്ങനെ ഉണ്ടായിക്കൊണ്ടിരുന്നു. രണ്ട് കാരക്ടേഴ്സ് തമ്മിലുള്ള ദ്വന്ദ യുദ്ധം പോലെ, അതായത് വളരെ മിടുക്കനായിട്ടുള്ള, സമർത്ഥനായിട്ടുള്ള, ഒരുപാട് അനുഭവസ്ഥനായിട്ടുള്ള ഡിവൈഎസ്പി റാങ്കിലുള്ള ഓഫിസറായ പുരുഷനും മറുവശത്ത് ഒട്ടും അനുഭവമില്ലാതെ പുതിയതായി വന്ന് കയറിയിട്ടുള്ള എന്നാൽ കുറച്ചു ബുദ്ധിയുള്ള ഒരു വനിതാ പൊലീസ് ഓഫീസറും തമ്മിലുള്ള ടഗ് ഓഫ് വാർ എന്ന് വച്ച് നോക്കി കഴിഞ്ഞാൽ ഈ സിനിമ രസകരമാണ്.

പക്ഷേ അല്ലാതെ ഇതിനകത്തെ കഥ വച്ചു നോക്കുമ്പോൾ ഒരുപാട് പാകപ്പിഴകൾ തോന്നിയിട്ടുണ്ട്. അലീന എന്ന് പറയുന്ന കഥാപാത്രം വളരെ മിടുക്കിയായിട്ടാണ് കാണിക്കുന്നത്. ഈ സംഭവത്തിനുശേഷം എല്ലാം പ്ലാൻ ചെയ്ത് ചെയ്യുന്നുണ്ട്. പക്ഷേ ഇയാളെ സ്റ്റേഷനിൽ കൊണ്ടുവന്ന് റിപ്പോർട്ട് എഴുതി ആശുപത്രിയിൽ കൊണ്ടുപോയി മദ്യം കഴിച്ചിട്ടുണ്ടോ എന്നുള്ള ടെസ്റ്റ് നടത്താനുള്ള അപേക്ഷ കൊടുക്കുന്നതിനു മുമ്പായിട്ടെങ്കിലും വാഹന പരിശോധന നടത്താൻ പറയാമായിരുന്നു കാരണം അതിനോടകം തന്നെ വാഹനം തിരിച്ചുവരികയും ചാവി കൊണ്ട് ഏൽപ്പിക്കുകയും ചെയ്യുന്നുണ്ട്.

അപ്പോഴാണ് വാഹനം പരിശോധിക്കാൻ പറഞ്ഞു വിടുന്നത്. ഇതൊക്കെ അപാകതയായി എനിക്ക് തോന്നുന്നത് ഞാനൊരു പൊലീസ് ഓഫിസർ ആയതുകൊണ്ടായിരിക്കും. കൂടാതെ മറ്റൊരുപാട് ലൂപ്പ് ഹോൾസ് കണ്ടുകൊണ്ടു പോകുമ്പോൾ എനിക്ക് ഇടക്കിടക്ക് ഇങ്ങനെ നെറ്റി ചുളിക്കേണ്ടി വന്നു. പൊലീസ് സ്റ്റേഷനിൽ വച്ചു സംഭവിക്കുന്ന ഈ കൊലപാതകം മൂടിവെക്കാനായി ഈ നാലുപേരും ശ്രമിക്കുന്നതും വളരെ അവിശ്വസനീയമാണ്.

കാരണം ഏതൊരു പൊലീസ് സ്റ്റേഷന്റെ അകത്തുവച്ചും ഇതുപോലെ ഒരു ആളെ പിടിച്ചുകൊണ്ടുവന്നു കഴിഞ്ഞാൽ, അത് മറച്ചുവയ്ക്കുക എന്ന് പറയുന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ്. കാരണം ഇതൊരു ക്രൈം അല്ല. ഇവര്‍ നാലുപേർക്കും ഇയാള്‍ മരിച്ചതുകൊണ്ട് വ്യക്തിപരമായി യാതൊരു ഗുണവും ഉണ്ടാകുന്നില്ല. അതുകൊണ്ട് ബോഡി മറച്ചുവയ്ക്കേണ്ട കാര്യം വരുന്നില്ല.

നിങ്ങൾ ‘തുടരും’ എന്നുള്ള സിനിമ ഓർക്കുന്നുണ്ടോ? അതിനകത്ത് ഈ മോഹൻലാലിന്റെ മകനെ കൊല്ലാനായിട്ടും ആ ബോഡി മറവു ചെയ്യാനായും ജോർജിന് ഒരു കാരണമുണ്ട്. അതുകൊണ്ടാണ് ആ പയ്യനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി കൊല്ലുന്നതും ബോഡി മറവ് ചെയ്യുന്നതും. ഈ നാലുപേർക്കും ഇയാളെ കൊല്ലാൻ കാരണമില്ല. ഇത് അപകടത്തിൽ സംഭവിക്കുന്നതാണ്. ആ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വളരെ മോശമാണെങ്കിലും എസ്എച്ച്ഒ നല്ലൊരു ഓഫിസർ ആണ്.

വിനയ് ഫോർട്ട് ആണ് ആ കഥാപാത്രം. അതിനകത്ത് ആകെ ഒരു അപാകത എനിക്ക് തോന്നിയിട്ടുള്ളത് താടി ഇത്രയും വളർത്തേണ്ടായിരുന്നു എന്നാണ്. ശബരിമലയ്ക്ക് മാല ഇടുന്ന വ്യക്തിക്ക് 40 ദിവസമാണ് ഷേവ് ചെയ്യേണ്ടെന്നുള്ള പരമാവധി അനുവാദം കൊടുക്കുക. അല്ലെങ്കിൽ ദിവസവും നമ്മൾ ഷേവ് ചെയ്യണം. സർക്കിൾ ഇൻസ്പെക്ടർ റാങ്കിലുള്ള എസ്എച്ച്ഓയ്ക്ക് ഇത്രയും നീണ്ടു വളർന്ന താടി ഉണ്ടാവാന്‍ വലിയ സാധ്യത കുറവാണ്.

ഇതുപോലെയുള്ള താടിയുള്ള കഥാപാത്രം കണ്ടത് ‘ഉന്മാദം’ എന്ന സിനിമയിലാണ്. അത് വളരെ മോശം സിനിമയായിരുന്നു. പിതാവിന്റെ കർമം ചെയ്യാനായി ഷേവ് ചെയ്യാതിരിക്കാനുള്ള അനുവാദം നല്‍കുന്നത് കേരള പൊലീസിൽ ഇല്ല. അങ്ങനെയൊരു അപേക്ഷ ആരെങ്കിലും കൊടുത്താൽ സീനിയർ ഉദ്യോഗ്സ്ഥർ അത് അനുവദിക്കില്ല. തിരികെ ‘പ്രഥമ ദൃഷ്ട്യ കുറ്റക്കാർ’ എന്ന സിനിമയിലേക്ക് വന്നു കഴിഞ്ഞാൽ വിനയ് ഫോർട്ട് ചെയ്യുന്ന എസ്എച്ച്ഒയുടെ കാരക്ടർ വളരെ നല്ല കാരക്ടർ ആണ്.

വളരെ സപ്പോർട്ടീവ് ആണ്. മൃദു സ്വഭാവമുള്ള ആളാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു സംഭവം അയാൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്താലും ആ നാലുപേർക്കും പരമാവധി കിട്ടുക ഒരു സസ്പെൻഷൻ ആണ്. ഈ സംഭവത്തിൽ ഒരിക്കലും കേസിനകത്ത് ഇവര്‍ പ്രതിയാവില്ല. കേസ് എടുക്കും. ക്രൈം കേസ് എന്തായാലും രജിസ്റ്റർ ചെയ്യും. കാരണം ഒരു മരണമാണ് സംഭവിച്ചത്.

അപ്പോ എഫ്ഐആർ എടുക്കും. ആക്സിഡന്റൽ ഡെത്ത് എന്നുള്ള രീതിയിൽ ആയിരിക്കും എഫ്ഐആർ എടുക്കുക. കാരണം ആ പൊലീസ് ഉദ്യോഗസ്ഥയുടെ തോക്കിൽ നിന്നാണ് വെടി പൊട്ടിയിരിക്കുന്നത്. അന്വേഷണം നടത്തുമ്പോൾ ഇതെല്ലാം പുറത്തു വരുമല്ലോ ഇയാൾ ക്രിമിനൽ ആയിരുന്നു എന്നും ബോഡി കാറിൽ ഉണ്ടെന്നുമൊക്കെ. അതുകൊണ്ട് ഈ കഥയേ ഇല്ല. അപ്പോ അതൊക്കെ കൊണ്ടാണ് ഇവര്‍ നാലുപേരും പെട്ടെന്ന് ഒരു പാനിക് സിറ്റുവേഷനിൽ വരുന്നതുപോലെ കാണിക്കുന്നതും ബോഡി മറവ് ചെയ്യുന്നതും.

ഇങ്ങനെയുള്ള പാകപ്പിഴകളിൽ നിന്ന് തുടങ്ങി തുടങ്ങി തുടങ്ങി അവസാനം അന്വേഷണം എന്തായാലും വിജയരാഘവൻ ചെയ്യുന്ന കഥാപാപാത്രത്തിന്റെ കയ്യിൽ വരുമെന്ന് അലീനയ്ക്ക് ഉറപ്പുള്ളതു പോലെയാണ് ആദ്യം തൊട്ടേ അവർ ഇതെല്ലാം ചെയ്യുന്നത്. അലീന അയാളുടെ പുസ്തകം വായിച്ചിട്ടുണ്ട്. അതു കാരണം അദ്ദേഹം വന്നു കഴിഞ്ഞാൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കും.

അതിനനുസരിച്ച് ഞാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്നുള്ള ഒരു സ്ക്രിപ്റ്റ്. ആ സ്ക്രിപ്റ്റിനനുസരിച്ച് ആ കാരക്ടർ മുന്നോട്ടുപോകുന്നു. അതും അവിശ്വസനീനമായി തോന്നുന്നു. സിനിമയിലെ ഏറ്റവും വലിയ പോരായ്മ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടക്കുന്ന ടെസ്റ്റ് ആണ്. ആ ടെസ്റ്റിനകത്ത് ജുഡിഷ്യൽ ഓഫിസേഴ്സിനെ വിളിച്ചു വരുത്തുന്നു ഒരു കമ്മിറ്റിയെ വിളിച്ചു വരുത്തുന്നു.

ഏറ്റവും അപഹാസ്യം ഈ നാല് പ്രതികളെയും അവിടെ നിർത്തിയിരിക്കുന്നു. ഒരു ഫോറൻസിക് സയൻസ് ടെസ്റ്റും പ്രതികളുടെ മുന്നിൽ വച്ച് നടത്താറില്ല. അത് അതീവരഹസ്യത്തോടു കൂടി വളരെ നല്ല ചുറ്റുപാടിലാണ് നടത്തുന്നത്. ജുഡീഷ്യൽ ഓഫിസേഴ്സിനെ പോലും വിളിച്ചു വരുത്താറില്ല. വേണമെങ്കിൽ ചെയ്യാം.

ആ ടെസ്റ്റ് നടത്തി എന്ന് വിചാരിച്ചാൽ തന്നെ അതിനകത്ത് ഉള്ള പ്രശ്നം, ആദ്യം കൊടുക്കുന്ന ബുള്ളറ്റിനകത്ത് ചോരക്കറ ഉണ്ടെന്ന് പറയുമ്പോൾ, അത് തുരുമ്പിനും സംഭവിക്കാം എന്നത് വിട്ടുപോകുന്നു. ഇതിനു മുമ്പ് തന്നെ എക്സ്പേർട്ട് ഇൻവെസ്റ്റിഗേറ്റിങ് ഓഫിസർ ടെസ്റ്റ് ചെയ്തിട്ടാണ് ഈ എവിഡൻസ് അവിടെ പ്രൊഡ്യൂസ് ചെയ്യുന്നത്. അപ്പോള്‍ ഇതൊക്കെ നമ്മളെ പറ്റിക്കാനായി ചെയ്യുന്നതാണ്. കൂടാതെ ഫയറിങ് ടെസ്റ്റും നടത്തുന്നുണ്ട്.

ആറ് വെടിയുണ്ടകൾ ഫയർ ചെയ്തതിനുശേഷം അതുമായി പ്രതികളുടെ തോക്കിന് സാമ്യമുണ്ടോ എന്ന് നോക്കുമ്പോഴാണ് ഇല്ല എന്ന് തെളിയുന്നത്. ഇത് വിജയരാഘവനെ പോലെയുള്ള ഓഫിസർക്ക് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത പാകപ്പിഴയാണ്. കാരണം ഈ തോക്ക് ‌എവിടെ നിന്നാണ് അയാൾ റിക്കവർ ചെയ്യുന്നത്. തോക്ക് ഉപയോഗിച്ചു കൊണ്ടിരുന്ന ആളുകളുടെ കയ്യിൽ നിന്നാണ്. അതിന് കുറച്ചു സമയം എടുത്തു.

ഈ സംഭവം നടന്ന ശേഷം വിജയരാഘവൻ വന്ന് കേസ് അന്വേഷിച്ച് റിക്കവറി ആയി തോക്ക് എടുക്കുന്ന സമയത്തിന് കുറച്ച് ഗ്യാപ്പ് വന്നു. ഇതിനിടെ അയാൾ അയാളുടെ മകളോട് തന്നെ പറയുന്നുണ്ട്, ഈ തോക്കിനകത്ത് ഒരു ചെറിയ വര ഇട്ടു കഴിഞ്ഞാൽ എവിഡൻസ് മാറുമെന്ന്. അത് വേണമെങ്കിൽ എനിക്ക് തന്നെ ചെയ്യാമെന്ന്. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരും ഇതിനു ശ്രമിക്കില്ല എന്ന് അയാൾ എന്തുകൊണ്ട് ചിന്തിച്ചില്ല.

ഇങ്ങനെ ഒരു കാര്യം അയാൾക്ക് മാത്രമല്ലല്ലോ അറിയാവുന്നത്, അയാൾ അയാളുടെ പുസ്തകത്തിൽ എഴുതി വച്ചിട്ടുണ്ട്. അയാളുടെ പുസ്തകത്തിൽ കണ്ടതുകൊണ്ടാണല്ലോ അലീന എന്ന കഥാപാത്രം ഈ തോക്കിനകത്ത് ഒരു മാർക്ക് വരയ്ക്കുന്നത് തന്നെ. ഇത്രയും മിടുക്കനായിട്ടുള്ള ഒരു പൊലീസ് ഓഫിസർക്ക് അത് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നത് വലിയ പാകപ്പിഴയാണത്.

നാർക്കോ അനാലിസിസ് ടെസ്റ്റിനു വേണ്ടി സോഡിയം പെന്റത്തോൾ കൊടുത്തുകൊണ്ട് അലീനയുടെ ടെസ്റ്റ് നടത്തുമ്പോൾ അതിനെ പ്രതിരോധിക്കാനായി അവർ എംഡിഎംഎ കഴിച്ചിട്ടാണ് അകത്തേക്ക് പോകുന്നത്. അപ്പോൾ അത് കഴിക്കാനായിട്ടും സിനിമയിൽ ഒരു സ്ക്രിപ്റ്റ് ഉണ്ട്.

ഇതുപോലെ കാണികളെ ഒന്ന് ആവേശത്തിന്റെ മുൾമുനയിൽ ഇരുത്തുമ്പോഴും ഇങ്ങനെയൊക്കെയുള്ള അപാകതകൾ കാണുമ്പോൾ കഥാപാത്രങ്ങൾക്കും കാര്യമായി ഒന്നും ചെയ്യാനില്ല, അഭിനയത്തിനും കാര്യമായി ഒന്നും ചെയ്യാനില്ല, മറ്റ് ഇമോഷൻസിനൊന്നും കാര്യമായിട്ട് ചെയ്യാനില്ലെന്ന സിനിമയായി മാറിയോ എന്നൊരു സംശയം തോന്നുന്നു. എന്തായാലും പൊലീസ് സിനിമകൾ ഇനിയും ഒരുപാട് ഉണ്ടാകുമെന്ന് എനിക്കറിയാം.

ജനങ്ങൾക്ക് അത് കാണാൻ ഇഷ്ടമാണ്. പൊലീസ് ഓഫിസേഴ്സിന്റെ സമ്മർദ്ദങ്ങളും രീതികളും അന്വേഷണ രീതിയും ഒക്കെ എപ്പോഴും നമുക്ക് ഒരു ഹരമാണ്. ഈ സിനിമയ്ക്ക് ഇത്ര നല്ല ഒരു റിവ്യൂ കിട്ടിയപ്പോൾ അതിനൊരു വ്യത്യസ്ത അഭിപ്രായം പറയാമെന്നു തോന്നി. എല്ലാത്തിനും ഒരു മറുവശം ഉണ്ടല്ലോ. അപ്പോൾ ആ മറുവശം ഞാൻ പറഞ്ഞു എന്നേയുള്ളൂ.

ഇത് ഇതിന്റെ സംവിധായകരെയും പ്രൊഡ്യൂസേഴ്സിനെയും നടിനടന്മാരെയും ഒന്ന് ബുദ്ധിമുട്ടിക്കണം എന്ന് ആഗ്രഹിച്ച് പറഞ്ഞതല്ല. ഈ സിനിമ വിജയിക്കട്ടെ നല്ല രീതിയിൽ പോകട്ടെ, ഇനിയും ഒരുപാട് പൊലീസ് കഥകൾ വരട്ടെ".- ശ്രീലേഖ തന്റെ യൂട്യൂബ് വിഡിയോയിലൂടെ പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

News Now

Summary

R Sreelekha talks about Prathama Dhrishtya Kuttakkar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates