'അവിടെയെത്തിയപ്പോൾ എനിക്ക് കരച്ചിലടക്കാനായില്ല; 'മെയ്യഴകനി'ലെ ആദ്യ സീൻ വായിച്ചപ്പോൾ തന്നെ കണക്ടായി'

ഇപ്പോൾ ഞാൻ ആ സ്ഥലത്ത് പോയാലും കരയും.

Arvind Swamy
Arvind Swamy വിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :2 ഒക്ടോബർ 2026, 6:20 pm IST

സി പ്രേം കുമാർ രചനയും സംവിധാനവും നിർവഹിച്ച് 2024-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'മെയ്യഴകൻ'. അരുൾമൊഴി എന്ന കഥാപാത്രമായി അരവിന്ദ് സ്വാമി എത്തിയപ്പോൾ 'മെയ്യഴകൻ' ആയെത്തിയത് കാർത്തിയായിരുന്നു. ഇപ്പോഴിതാ 'മെയ്യഴകൻ' തന്റെ ജീവിതവുമായി ഏറെ അടുപ്പമുള്ള സിനിമയാണെന്ന് പറയുകയാണ് അരവിന്ദ് സ്വാമി. തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓർത്തെടുത്തു കൊണ്ടാണ് നടൻ ഇക്കാര്യം പറഞ്ഞത്.

എന്ത് സാഹചര്യം ഉണ്ടായിരുന്നെങ്കിലും മെയ്യഴകൻ താൻ ഒഴിവാക്കില്ലായിരുന്നുവെന്നും അരവിന്ദ് പറഞ്ഞു. മനോഹരമായ കഥയാണ് 'മെയ്യഴകന്റേ'ത്. അതുകൊണ്ട് തന്നെ എനിക്ക് നോ പറയാൻ പറ്റില്ല. വേറെ എന്തൊക്കെ കാര്യങ്ങൾ വന്നിരുന്നെങ്കിലും ആ സിനിമ ഞാൻ ഒഴിവാക്കില്ലായിരുന്നു. ഞാൻ വളർന്നത് ഒരു ഫാമിലായിരുന്നു.

കൈക്കുഞ്ഞ് ആയിരുന്നപ്പോൾ മുതൽ ഒരു 15 വയസ് വരെ തോട്ടത്തിൽ ആയിരുന്നു വളർന്നത്. എനിക്ക് ന​ഗരത്തിലെ ജീവിതമൊന്നും ഇഷ്ടമല്ലായിരുന്നു. എനിക്ക് തോട്ടത്തിൽ പോകണം. 32 ഏക്കറുണ്ട് ആ ഫാം. എന്റെ ജീവിതം തന്നെ ആ ഫാം ആയിരുന്നു. അവിടുത്തെ പശുക്കൾ, നായകൾ, ചെടികൾ അങ്ങനെ എല്ലാം. നമുക്ക് അവിടുത്തെ പ്രകൃതിയോട് ഒരു അടുപ്പമുണ്ടാകും.

പക്ഷേ 15-ാം വയസിൽ എനിക്ക് അവിടം വിടേണ്ടി വന്നു. എന്റെ അച്ഛനൊരു ഹൃദ്രോ​ഗിയായിരുന്നു. ആ കാലത്ത് അവിടെ ആശുപത്രി സൗകര്യങ്ങളൊന്നുമില്ലായിരുന്നു. അങ്ങനെയാണ് ചെന്നൈയിലേക്കേ വരുന്നത്. അദ്ദേഹത്തിന്റെ ജോലി, എന്റെ സ്കൂൾ... അങ്ങനെയാണ് നമ്മൾ ഷിഫ്റ്റ് ചെയ്യുന്നത് അവിടെ നിന്ന്. വീട്ടിൽ ആർക്കും അവിടെ നിന്ന് പോകാൻ താല്പര്യമില്ലായിരുന്നു. അഞ്ചാറ് വർഷം കഴിഞ്ഞ് ഞാൻ തിരിച്ചു വന്ന് അവിടെ നോക്കിക്കോളാം എന്നൊക്കെയായിരുന്നു എന്റെ മനസിൽ.

കാരണം അവിടം വിട്ടൊരു ജീവിതം എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു. പക്ഷേ അത് നടന്നില്ല. അത് നമ്മൾ വിറ്റു. വേറെ ഒരാൾ അത് വാങ്ങി. നമ്മൾ ന​ഗരത്തിലേക്ക് വന്നു. വർഷങ്ങൾക്ക് ശേഷം ആ സ്ഥലത്തേക്ക് എനിക്ക് പോകേണ്ട ഒരു കാര്യം വന്നു. ഞാൻ അത് പരമാവധി ഒഴിവാക്കാൻ ശ്രമിച്ചു. കാരണം അതെനിക്ക് അങ്ങേയറ്റം ട്രോമാറ്റിക് ആണ്. അമ്മയും അച്ഛനും മരിച്ച് ഒരു പത്ത് വർഷത്തിന് ശേഷമാണ് ഞാൻ പോകുന്നത് അങ്ങോട്ട്.

ആ ​ഗേറ്റ് തുറന്ന് കാൽ കുത്തിയപ്പോൾ തന്നെ ഞാൻ അറിയാതെ കരയാൻ തുടങ്ങി. എനിക്കത് നിയന്ത്രിക്കാൻ പറ്റിയില്ല. അന്ന് പിന്നെ പെട്ടെന്ന് തിരികെ വന്നു അവിടെ നിന്ന്. അവരോട് അനുവാദം ചോദിച്ചിട്ടാണ് ഞാൻ അങ്ങോട്ട് ചെല്ലുന്നത്. അതിന് ശേഷം മെയ്യഴകന്റെ പ്രൊമോഷൻ സമയത്ത്, ഇവിപി (ഫിലിം സിറ്റി) പോകണമായിരുന്നു. ഇവിപിയുടെ അടുത്ത് മറ്റൊരു സ്റ്റുഡിയോയിലും പരിപാടിയുണ്ട്. ഇവിപി കഴിഞ്ഞ് പോകണം ആ ഫാമിലേക്ക്.

അപ്പോൾ ഒരു ഇടറോഡിലൂടെ നമ്മൾ വണ്ടിയിൽ പോവുകയാണ്. ഞാനെന്തോ വായിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ ഓട്ടോമാറ്റിക് ആയിട്ട് എന്റെ ഉള്ളിലൊരു ഫീൽ വന്നു. ഞാൻ നോക്കിയപ്പോൾ, എനിക്ക് ആ വഴി 30 വർഷം മുൻപേ അറിയാം. അവിടെ ഡീലക്സ് എന്ന് പറഞ്ഞൊരു കടയുണ്ടായിരുന്നു. അവിടെ പോയി ക്രിക്കറ്റ് കളിക്കാൻ ഞാൻ പന്ത് വാങ്ങുമായിരുന്നു. ചിലപ്പോൾ റോഡിലേക്ക് സൈക്കിൾ ഓടിച്ച് പോകുമായിരുന്നു. വിനായകയോ വിഘ്നേശ്വരയോ അങ്ങനെ ഒരു തിയറ്റർ അവിടെ ഉണ്ടായിരുന്നു.

ആ തിയറ്റർ എവിടെയാണ് എന്നൊക്കെ ഞാൻ നോക്കി. അവിടെയായിരുന്നു അന്ന് സിനിമ കാണാൻ പോയിരുന്നത്. ഇതെല്ലാം ഞാനിങ്ങനെ തപ്പി കൊണ്ടിരിക്കുകയാണ്. സ്റ്റുഡിയോയിൽ എത്തുന്നതിന് മുൻപ് ഒരു കുക്കിങ് ഷോ ഉണ്ടായിരുന്നു. ആ ഷോയിലും നമുക്ക് പ്രൊമോഷനുണ്ടായിരുന്നു. 30 വർഷത്തിന് ശേഷം ഞാൻ വീണ്ടും കരയുകയാണ്.

പ്രേം (സംവിധായകൻ) എനിക്ക് ഹൈദരാബാദിൽ വച്ച് തന്നെ മെയ്യഴകന്റെ സ്ക്രിപ്റ്റ് തന്നിരുന്നു. ഞാൻ നിങ്ങളോട് കഥ പറയുന്നില്ല, നിങ്ങൾ സ്ക്രിപ്റ്റ് വായിച്ചാൽ മതി എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാനത് വായിച്ച് തുടങ്ങിയതും ആദ്യ സീൻ തന്നെ എനിക്ക് കണക്ട് ആയി. ഇപ്പോൾ ഞാൻ ആ സ്ഥലത്ത് പോയാലും കരയും. ഞാനിപ്പോൾ വളർന്നു, വയസായി, ഒരു യുവാവ് എന്ന് പോലും എന്നെ പറയാൻ പറ്റില്ല.

ഞാനൊരു വൃദ്ധനാണ്. അത് ഇന്നും അവിടെയുണ്ട്, ആ സ്ഥലം. ലോജിക്കലി വേണമെങ്കിൽ എനിക്കത് വെറുമൊരു സ്ഥലമാണെന്ന് പറയാം. പക്ഷേ അങ്ങനെയല്ല. അവിടുത്തെ ഓരോ മരവും എനിക്കറിയാം. എനിക്കിപ്പോഴും അവിടുത്തെ സപ്പോർട്ട മരത്തിന്റെയൊക്കെ ടെക്സ്ചർ ഓർമയുണ്ട്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

ഒളിച്ചു കളിക്കുമ്പോൾ ഏത് മരത്തിന്റെ പുറകിൽ ആണ് ഒളിച്ചിരുന്നതെന്നും, ഏത് മരത്തിന്റെ മുകളിലാണ് കയറിയതെന്നും അതിന് എത്ര ചില്ലകളുണ്ടായിരുന്നുവെന്നുമൊക്കെ എനിക്ക് വിഷ്വലൈസ് ചെയ്യാൻ പറ്റുന്നുണ്ട്. അത് നമ്മൾ എവിടെയാണ് വളർന്നത് എന്നതിന്റെ ഇംപ്കാട് ആണ്".- ​ഗോപിനാഥ് പോഡ്കാസ്റ്റിൽ അരവിന്ദ് സ്വാമി പറഞ്ഞു.

News Now

Summary

Arvind Swamy talks about Meiyazhagan movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates