'മിണ്ടാതിരുന്നാൽ ചോദിക്കും വായിൽ കൊഴുക്കട്ടയാണോ എന്ന്, മിണ്ടിയാലും പ്രശ്നം; എന്ത് ചെയ്യാനാ ?', വിമർശനങ്ങളിൽ പ്രതികരിച്ച് രജനികാന്ത്

ആരെങ്കിലും സംസാരിക്കാൻ വിളിച്ചാൽ പോകാൻ എനിക്ക് മടിയാണ്.

Rajinikanth
Rajinikanth വിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :24 ജൂൺ 2026, 3:19 pm IST

തന്റെ മൗനത്തെപ്പോലും വിമർശിക്കുന്നവർക്ക് ചുട്ട മറുപടി നൽകി നടൻ രജനികാന്ത്. താൻ മിണ്ടിയാലും മിണ്ടിയില്ലെങ്കിലും പ്രശ്നമാണെന്നും ഈ പ്രായത്തിലും വിമർശനങ്ങൾ ജീവിതത്തിന്റെ ഭാഗമാണെന്ന് ഈ അടുത്ത കാലത്താണ് താൻ തിരിച്ചറിഞ്ഞതെന്നും രജനികാന്ത് പറഞ്ഞു. തന്റെ 173-ാമത്തെ ചിത്രമായ 'ധർമന്റെ' പൂജാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു രജനികാന്ത്.

തന്‍റെ വാക്കുകൾ പലപ്പോഴും പലതരത്തിൽ വ്യാഖാനിക്കപ്പെടുന്നതിനാൽ ആരെങ്കിലും പ്രസംഗിക്കാൻ ക്ഷണിക്കുമ്പോൾ മടി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ''ആരെങ്കിലും സംസാരിക്കാൻ വിളിച്ചാൽ പോകാൻ എനിക്ക് മടിയാണ്. കാരണം ഞാൻ സംസാരിക്കുമ്പോഴെല്ലാം അതെനിക്കും നിങ്ങൾക്കും പ്രശ്നമായി മാറുന്നു. മിണ്ടാതിരുന്നാൽ വായിൽ കൊഴുക്കട്ടയാണോ എന്ന് ചോദിക്കും.

'എന്തുകൊണ്ട് സംസാരിച്ചു, അദ്ദേഹം അങ്ങനെ പറയാൻ പാടില്ലായിരുന്നു' എന്നൊക്കെയാണ് ആളുകൾ പറയുന്നത്. മിണ്ടിയാലും പ്രശ്നം. എന്ത് ചെയ്യാനാ ?. വളരെ വൈകിയാണ് ഞാനൊരു കാര്യം മനസ്സിലാക്കിയത്. നമ്മളെ ഇഷ്ടമില്ലാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും അത് ഇഷ്ടപ്പെടാൻ പോകുന്നില്ല. അതേസമയം, നമ്മളെ ഇഷ്ടപ്പെടുന്നവർ നമ്മൾ എന്ത് ചെയ്താലും അത് കണ്ണടച്ച് അംഗീകരിക്കും എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്.

നമ്മൾ എപ്പോഴും ജാഗ്രതയോടെ ഇരിക്കണം. എല്ലാവരുടെയും അംഗീകാരം പ്രതീക്ഷിക്കുന്നത് പ്രായോഗികമല്ലെന്നും മനുഷ്യരുടെ അഭിപ്രായങ്ങൾ പലപ്പോഴും വ്യക്തിപരമായ താല്പര്യങ്ങൾക്ക് അനുസരിച്ചാണ്".- രജനികാന്ത് പറഞ്ഞു.

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതിൽ രജനികാന്ത് മൗനം പാലിച്ചത് വിമര്‍ശനങ്ങൾക്ക് ഇടയാക്കിയിരുന്നു. രജനികാന്തിന്റെ പുതിയ ചിത്രമായ 'ധര്‍മൻ' കമൽ ഹാസൻ നേതൃത്വം നൽകുന്ന രാജ് കമൽ ഫിലിംസ് ഇന്റർനാഷണലാണ് നിര്‍മിക്കുന്നത്. ‘ഓ മൈ കടവുളേ’, ‘ഡ്രാഗൺ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അശ്വത് മാരിമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ചിത്രീകരണം വ്യാഴാഴ്ച മുതൽ തുടങ്ങും.

News Now

Summary

Rajinikanth reacts on criticism and public perception.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics