'അതൊന്നും പെട്ടെന്ന് മറക്കാനാകില്ല, ആ ട്രോമ മനസിലല്ലെങ്കിലും ശരീരത്തിൽ തങ്ങി നിൽക്കും'; സുശാന്തിന്റെ മരണത്തിന് ശേഷമുള്ള അവസ്ഥയെക്കുറിച്ച് റിയ

രോഗശാന്തി എന്നത് പെട്ടെന്ന് എത്തുന്ന ഒരു ലക്ഷ്യസ്ഥാനമല്ല.

Rhea Chakraborty, Sushant Singh Rajput
Rhea Chakraborty, Sushant Singh RajputSource by : ഇൻസ്റ്റ​ഗ്രാം
Last Updated :26 June 2026, 4:51 pm IST
Guest Author :Hima Prakash

നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെത്തുടർന്ന് തനിക്കുണ്ടായ മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി റിയ ചക്രബർത്തി. വർഷങ്ങൾക്ക് ശേഷവും ആ അനുഭവം തന്നെ ബാധിക്കുന്നുണ്ടെന്ന് അവർ തുറന്നുപറഞ്ഞു. 33 കാരിയായ റിയ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ്ഡി) അനുഭവിച്ചാണ് ജീവിക്കുന്നതെന്ന് വെളിപ്പെടുത്തി.

ദുരന്തത്തെത്തുടർന്ന് തൻ്റെ സഹോദരൻ ഷോവിക് ചക്രബർത്തിയും സമാനമായ മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നും അവർ പറഞ്ഞു. നേഹ ധൂപിയയുടെ 'ഡബിൾ ഡേറ്റ്' എന്ന ചാറ്റ് ഷോയിൽ പങ്കെടുത്തപ്പോഴാണ് റിയ തന്റെ മാനസികാഘാതത്തെക്കുറിച്ച് മനസ് തുറന്നത്. ആഘാതങ്ങൾ മനസിനെ മാത്രമല്ല, ശരീരത്തെയും ബാധിക്കുമെന്ന് റിയ പറയുന്നു.

"ഇതൊന്നും അത്ര പെട്ടെന്ന് മറക്കാൻ കഴിയുന്ന ഒന്നല്ല. ഇത് ഒരു ആഘാതമാണ്. അത് നിങ്ങളുടെ മനസിലല്ലെങ്കിലും ശരീരത്തിൽ തങ്ങിനിൽക്കും. ഇതിനെ പിടിഎസ്ഡി എന്ന് വിളിക്കുന്നു. നിങ്ങൾ ഇതിനായി തെറാപ്പി ചെയ്യുകയും അതിനെ നേരിടാൻ ശ്രമിക്കുകയും ചെയ്യുന്നു. രോഗശാന്തി എന്നത് പെട്ടെന്ന് എത്തുന്ന ഒരു ലക്ഷ്യസ്ഥാനമല്ല.

അതൊരു തുടർച്ചയായ പ്രക്രിയയാണ്. -റിയ പറഞ്ഞു. റിയയുടെ സഹോദരൻ ഷോവിക് ചക്രവർത്തിയും ഈ പോരാട്ടത്തിൽ കൂടെയുണ്ടായിരുന്നു. മുൻപ് പഠനത്തിലും കരിയറിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഷോവിക്, ഐഐഎം, വാർട്ടൺ പോലുള്ള പ്രശസ്തമായ ബിസിനസ് സ്കൂളുകളിൽ പ്രവേശനം നേടാൻ ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നു. എന്നാൽ സുശാന്തിന്റെ മരണം അവരുടെ ജീവിതത്തിന്റെ ഗതി മാറ്റി.

ഇന്നും താൻ പിടിഎസ്ഡി അനുഭവിക്കുന്നുണ്ടെന്നും അപ്രതീക്ഷിതമായി വീടിന്റെ ബെൽ അടിക്കുമ്പോൾ പോലും പഴയ പേടിപ്പെടുത്തുന്ന അനുഭവങ്ങൾ ഓർമവരുമെന്നും ഷോവിക് പറഞ്ഞു. ആ സമയത്തെ ബഹളങ്ങളും സമ്മർദ്ദങ്ങളും കാരണം ആരെങ്കിലും തങ്ങളെ പിടിക്കാൻ വരികയാണെന്ന തോന്നലാണ് ഓരോ ബെൽ ശബ്ദവും നൽകുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

പൊതുസമൂഹത്തിന്റെ കടുത്ത നിരീക്ഷണത്തിന് കീഴിൽ ഇത്തരം ഒരു പ്രതിസന്ധി നേരിടേണ്ടി വന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കിയെന്ന് റിയ വിശ്വസിക്കുന്നു. മറ്റുള്ളവരുടെ വ്യക്തിപരമായ പ്രയാസങ്ങൾ ലോകം അറിയാറില്ല, എന്നാൽ തങ്ങളുടെ കാര്യത്തിൽ അത് പരസ്യമായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി.

"ഞങ്ങളുടേത് പരസ്യമായിരുന്നു, അതിനാൽ എല്ലാവർക്കും അതിനെക്കുറിച്ച് അറിയാം, എല്ലാവരും അതിനെക്കുറിച്ച് സംസാരിക്കുന്നു, അത് കുഴപ്പമില്ല". -എന്നാണ് ഇതിനെക്കുറിച്ച് റിയ പ്രതികരിച്ചത്. നീണ്ട നാലഞ്ച് വർഷങ്ങൾ എടുത്താണ് ജീവിതത്തിൽ ചെറിയ തോതിലെങ്കിലും സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ ഇവർക്ക് സാധിച്ചത്.

നിലവിൽ നിയമപോരാട്ടങ്ങളിൽ നിന്ന് റിയയ്ക്ക് വലിയ ആശ്വാസം ലഭിച്ചിരിക്കുകയാണ്. സിബിഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിൽ റിയയെ എല്ലാ കുറ്റങ്ങളിൽ നിന്നും മുക്തയാക്കിയിട്ടുണ്ട്.

News Now

Summary

Rhea Chakraborty on trauma due to arrest after Sushant Singh Rajput's death.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates