
'സഞ്ജുവിന്റെ സങ്കടങ്ങള്‍ നേരിട്ടറിഞ്ഞ ആളാണ് ഞാന്‍'; ഇനിയാണ് അവന്റെ സമയം: ബേസില്‍ ജോസഫ്
സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മോശം ഘട്ടങ്ങള്‍, വെറും സോഷ്യല്‍ മീഡിയയിലൂടെ കണ്ടറിയുന്നതല്ല ഞാന്‍

സഞ്ജു സംസണ്‍ ആണ് ഇപ്പോള്‍ താരം. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ക്ക് മായ്ച്ചു കളഞ്ഞ് സോഷ്യല്‍ മീഡിയയിലെങ്ങും സഞ്ജുവിനുള്ള വാഴ്ത്തുപാട്ടുകള്‍ ഉയരുകയാണ്. ടി20 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് ഇന്ത്യയെ നയിച്ച സഞ്ജുവിന്റെ ഇന്നിങ്‌സ് വിലയിരുത്തപ്പെടുന്നത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായാണ്.
സ്ഞ്ജുവിന്റെ നേട്ടത്തില്‍ എല്ലാ മലയാളികളേയും പോലെ താനും വലിയ സന്തോഷത്തിലാണെന്നാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ് പറയുന്നത്. സഞ്ജുവിന്റെ സങ്കടങ്ങള്‍ അടുത്തു നിന്ന് കണ്ടിട്ടുള്ളതിനാണ് ഈ വിജയം തനിക്കും ഏറെ പ്രിയപ്പെട്ടതാണെന്നും ബേസില്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.
''സഞ്ജുവിന്റെ തിരിച്ചുവരവ് എല്ലാവരും പ്രതീക്ഷിച്ചിരുന്നു, ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആ തിരിച്ചുവരവ് തന്നെ സംഭവിക്കുമോ എന്ന് നമുക്ക് വലിയ ഉറപ്പില്ലാത്ത സാഹചര്യത്തില്‍ നിന്നാണ് സഞ്ജുവിന് ഈ അവസരം ലഭിക്കുന്നത്. ആ അവസരം അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ തന്നെ സഞ്ജു പ്രയോജനപ്പെടുത്തി എന്നതാണ് ഏറ്റവും വലിയ മനോഹാരിത'' ബേസില്‍ പറയുന്നു.
വെറുതെ വന്ന് കുറേ റണ്‍സ് അടിക്കുകയല്ല സഞ്ജു ചെയ്തത്. ഏറ്റവും നിര്‍ണായമായ മത്സരത്തില്‍ ഓപ്പണിങ് ഇറങ്ങി, 20 ഓവര്‍ ക്രീസില്‍ നിന്ന് ഇന്ത്യയെ റെക്കോര്‍ഡ് ചേസിലേക്ക് എത്തിച്ചു. 97 റണ്‍സെടുത്ത് പുറത്താകെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചത് പീക്ക് സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആയിരുന്നുവെന്നും ബേസില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയിലെ ആഘോഷങ്ങളും റീലുകളുമൊക്കെ കാണുമ്പോള്‍ തന്റെ കണ്ണ് നിറയുകയായിരുന്നു. ഓരോ വിഡിയോയും ഇമോഷണലാക്കി. ഹൃദയത്തില്‍ തൊട്ടാണ് അത് അനുഭവിച്ചതെന്നും ബേസില്‍ പറയുന്നു. ''സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മോശം ഘട്ടങ്ങള്‍, അത് സോഷ്യല്‍ മീഡിയയിലൂടെ കണ്ടറിയുന്നതല്ല ഞാന്‍. ആ സങ്കടങ്ങള്‍ നേരിട്ട് കാണുകയും അനുഭവിക്കുകയും ആ വിഷമഘട്ടത്തിലൂടെ അദ്ദേഹത്തോടൊപ്പം സഞ്ചരിക്കുകയും ചെയ്ത ഒരാളാണ്'' എന്നും ബേസില്‍ പറയുന്നു.
സഞ്ജുവിന്റെ വിജയം കാണുമ്പോള്‍ മലയാളിയ്ക്കുണ്ടാകുന്നതിന്റെ പത്തിരട്ടി സന്തോഷമുണ്ട് തനിക്കെന്നും ബേസില്‍ പറയുന്നു. ഇത് സഞ്ജുവിന്റെ സമയമാണ്. ഇനിയങ്ങോട്ട് ഈ വിജയത്തില്‍ നിന്ന് ലഭിക്കുന്ന ആത്മവിശ്വാസം അദ്ദേഹത്തിന്റെ കരിയറിനെ തന്നെ മറ്റൊരു തലത്തിലേക്ക് മാറ്റുമെന്നും ബേസില്‍ പറയുന്നു. ഇതൊരു തുടക്കം മാത്രമാണെന്നും സഞ്ജുവിന്റെ സമയം തുടങ്ങുന്നതേയുള്ളൂവെന്നും ബേസില്‍ കൂട്ടിച്ചേര്‍ക്കുന്നു.
News Now
Summary
Sanju Samson's comeback is a personal win for Basil Joseph. Says he is only begining.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







