അക്ഷയ് കുമാറിന്റെ ചില ചോദ്യങ്ങളും പരിഹാസങ്ങൾക്ക് വഴി വച്ചിരുന്നു.

Interviews
InterviewsSource by : വിഡിയോ സ്ക്രീൻഷോട്ട്
Last Updated :25 February 2026, 11:57 am IST

News Now

മുഖ്യമന്ത്രി പിണറായി വിജയനുമായി നടൻ മോഹൻലാൽ നടത്തുന്ന അഭിമുഖത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറിയിരിക്കുകയാണ്. 'കണ്ടും മിണ്ടിയും ഇരുവർ' എന്ന് പേരിട്ടിരിക്കുന്ന അഭിമുഖത്തിന്റെ പൂർണരൂപം വിനോദ- വാർത്താ ചാനലുകളിലും സാമൂഹികമാധ്യമങ്ങളിലും ഫെബ്രുവരി 26 (വ്യാഴാഴ്ച) സംപ്രേഷണം ചെയ്യും.

അഭിമുഖത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ പഴയ രണ്ട് താര അഭിമുഖങ്ങൾ വീണ്ടും ചർച്ചയായി മാറിയിരിക്കുകയാണ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന് നൽകിയ അഭിമുഖവും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മോഹൻലാൽ അഭിമുഖം ചെയ്യുന്ന വിഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറുന്നത്.

Mohanlal- Pinarayi Vijayan

Mohanlal- Pinarayi Vijayan - വിഡിയോ സ്ക്രീൻഷോട്ട്

നരേന്ദ്ര മോദി - അക്ഷയ് കുമാർ അഭിമുഖം

കഴിഞ്ഞ പാർലമെന്റ് ഇലക്ഷന് മുന്നോടിയായി നരേന്ദ്ര മോദി ബോളിവുഡ് നടൻ അക്ഷയ് കുമാറുമായി ചേർന്നു നടത്തിയ അഭിമുഖത്തെ ഓർമിപ്പിക്കുന്നതാണ് പിണറായി വിജയൻ- മോഹൻലാൽ സംഭാഷണമെന്നാണ് ടീസർ പുറത്തിറങ്ങിയതിനു പിന്നാലെ സോഷ്യൽ മീ‍ഡിയ ഉപയോക്താക്കൾ പറയുന്നത്. മാധ്യമപ്രവർത്തകരെ അകറ്റിനിർത്തുന്ന മോദി ഒരു നടന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഇരുന്നുകൊടുത്തത് അന്ന് ദേശീയതലത്തിൽ ചർച്ചയായിരുന്നു.

Akshay Kumar- Narendra Modi

Akshay Kumar- Narendra Modi - വിഡിയോ സ്ക്രീൻഷോട്ട്

2019 ൽ 'ഒരു രാഷ്ട്രീയേതര അഭിമുഖം' എന്ന പേരിലായിരുന്നു മോദി- അക്ഷയ് കുമാർ അഭിമുഖം പുറത്തിറങ്ങിയത്. പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലായിരുന്നു ഈ അഭിമുഖം ചിത്രീകരിച്ചത്. ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന അഭിമുഖം ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഉൾപ്പെടെ ഇപ്പോഴും ലഭ്യമാണ്. രാഷ്ട്രീയ ചോദ്യങ്ങൾ ഇല്ലാതിരുന്ന ഈ അഭിമുഖത്തിൽ മോദിയുടെ വ്യക്തിജീവിതം, ശീലങ്ങൾ എന്നിവയ്ക്കായിരുന്നു പ്രാധാന്യം നൽകിയത്.

'മോദി ജീ.. മാമ്പഴം ചെത്തിയാണോ..കടിച്ചാണോ കഴിക്കുന്നത്..? എന്നൊക്കെയുള്ള അക്ഷയ് കുമാറിന്റെ ചില ചോദ്യങ്ങളും പരിഹാസങ്ങൾക്ക് വഴി വച്ചിരുന്നു. എന്നാൽ ഒരു സാധാരണക്കാരന്റെ ആകാംക്ഷയോടെയാണ് താൻ ഇത്തരം ചോദ്യങ്ങൾ ചോദിച്ചതെന്നും രാഷ്ട്രീയ കാര്യങ്ങൾ ചോദിക്കുന്നത് തന്റെ ജോലിയല്ലെന്നും അക്ഷയ് കുമാർ പിന്നീട് വിശദീകരണം നൽകുകയും ചെയ്തിരുന്നു.

ഉമ്മൻ ചാണ്ടി - മോഹൻലാൽ അഭിമുഖം

2008 ൽ കോൺഗ്രസിന്റെ ഔദ്യോഗിക ചാനലായ 'ജയ്ഹിന്ദി'ൽ ആണ് ഉമ്മൻ ചാണ്ടിയുമായി മോഹൻലാൽ നടത്തിയ അഭിമുഖം സംപ്രേഷണം ചെയ്തത്. 2009 ൽ പുറത്തിറങ്ങിയ അമൽ നീരദ് ചിത്രം 'സാഗർ ഏലിയാസ് ജാക്കി- റീലോഡഡ്' ലുക്കിലാണ് മോഹൻലാലിനെ അഭിമുഖത്തിൽ കാണാൻ കഴിയുന്നത്. 'ഇരുവർ' എന്ന പേരിൽ തന്നെയാണ് പിന്നീട് ഇതേ അഭിമുഖം ഒരു വർഷം മുൻപ് 'ജയ്ഹിന്ദ്' യൂട്യൂബ് ചാനലിൽ പൂർണരൂപം പുറത്തിറക്കിയത്.

Oommen Chandy- Mohanlal

Oommen Chandy- Mohanlal - വിഡിയോ സ്ക്രീൻഷോട്ട്

പിണറായി വിജയൻ - മോഹൻലാൽ അഭിമുഖം

എന്റെ അടുത്ത ഒരു സുഹൃത്ത് എന്നോട് വളരെ രഹസ്യമായിട്ട് പറഞ്ഞു മുഖ്യമന്ത്രിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് രജനികാന്തിന്റെ സിനിമയാണെന്ന്- എന്ന മോഹൻലാലിന്റെ സംഭാഷണത്തോടെയാണ് കണ്ടും മിണ്ടിയും ഇരുവർ- എന്ന അഭിമുഖത്തിന്റെ ടീസർ ആരംഭിക്കുന്നത്. ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ട് പേർ എന്ന ടാ​ഗ് ലൈനോടെയാണ് അഭിമുഖം പുറത്തുവരുന്നത്.

Mohanlal- Pinarayi Vijayan

Mohanlal- Pinarayi Vijayan - വിഡിയോ സ്ക്രീൻഷോട്ട്

മോഹൻലാൽ ക്ലിഫ് ഹൗസിൽ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ക്ലിഫ് ഹൗസ് അങ്കണത്തിൽ ഇരുവരും ഒന്നിച്ച് നടക്കുന്നതും സൗഹൃദ സംഭാഷണത്തിലേർപ്പെടുന്നതും ടീസറിൽ കാണാം. അക്ഷയ് കുമാർ നരേന്ദ്ര മോദിയോട് ചോദിച്ചതു പോലെ ഭക്ഷണത്തെക്കുറിച്ചൊക്കെ മോഹൻലാൽ മുഖ്യമന്ത്രിയോട് ചോദിക്കുമോ എന്നൊക്കെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് കേരള ജനത.

Rahul Gandhi- Kamal Haasan

Rahul Gandhi- Kamal Haasan - വിഡിയോ സ്ക്രീൻഷോട്ട്

രാഹുൽ ​ഗാന്ധി- കമൽ ഹാസൻ അഭിമുഖം

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും നടൻ കമൽ ഹാസനും തമ്മിൽ നടത്തിയ അഭിമുഖവും ഏറെ ശ്രദ്ധ നേടിയിരുന്നു. രാഷ്ട്രീയവും സിനിമയുമെല്ലാം ഇരുവരുടെയും സംഭാഷണത്തിൽ കടന്നുവന്നിരുന്നു. 2023 ജനുവരിയിലാണ് ഈ അഭിമുഖം പുറത്തുവന്നത്. രാഹുൽ ​ഗാന്ധിയുടെ യൂട്യൂബ് ചാനലിൽ ഈ അഭിമുഖം കാണാനാകും.

Summary

Cinema News: Super stars interview with Politicians goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates