പിന്നെ ഞാൻ എങ്ങനെയൊക്കെയോ ഡയലോ​ഗ് പഠിച്ച് ചെയ്തു.

Suraj Venjaramoodu
Suraj VenjaramooduSource by : വിഡിയോ സ്ക്രീൻഷോട്ട്
Last Updated :13 October 2026, 6:48 pm IST
Guest Author :Hima Prakash

News Now

'ജയിലർ 2' റിലീസിനായി കാത്തിരിക്കുകയാണ് മലയാളം, തമിഴ് സിനിമാ പ്രേക്ഷകർ. ചിത്രത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ 'ജയിലർ 2' വിൽ അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് സുരാജ്. 'ജയിലർ 2' സൂപ്പർ ഷോയിൽ സംസാരിക്കുകയായിരുന്നു നടൻ.

"വീര ധീര സൂര'ന്റെ സംവിധായകൻ അരുൺ കുമാർ സാർ എന്നെ വിളിച്ചിട്ട് പറഞ്ഞു, സൺ പിക്ചേഴ്സിൽ നിന്ന് നിങ്ങൾക്കൊരു കോൾ വരും. ഞാൻ നെൽസൺ സാറിനെ കണ്ടിരുന്നു. നിങ്ങൾക്ക് 'ജയിലർ 2' വിൽ ഒരു കാരക്ടർ ഉണ്ടെന്ന് എന്നോട് പറഞ്ഞു എന്ന്. അത് കേട്ടപ്പോൾ ഞാൻ ഭയങ്കര ആവേശത്തിലായി.

കാരണം എനിക്ക് നെൽസണെ ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ആദ്യ സിനിമ കോലൈമാവ് കോകില കണ്ടപ്പോഴെ എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. ഒരു യുണീക്ക് ആയിട്ടുള്ള സംവിധാനമാണ് അദ്ദേഹത്തിന്റേത്. ഇന്ത്യയിൽ ഞാൻ വേറൊരു സംവിധായകനിലും അങ്ങനെ കണ്ടിട്ടില്ല. ടെൻഷനടിക്കുമ്പോൾ കോമഡി ഉണ്ടാക്കുക എന്ന് പറയുന്നത് അത്ര ചെറിയ കാര്യമല്ല. എനിക്ക് കോമഡി ഭയങ്കര ഇഷ്ടമാണ്.

പിന്നെ സാറിന്റെ എല്ലാ സിനിമയും ഞാൻ കണ്ടിട്ടുണ്ട്. ജയിലർ 1 തിയറ്ററിൽ കണ്ടപ്പോൾ, രജനി സാറിനെ വേറെ ലെവലിൽ ആണ് കാണാനായത്. അനിരുദ്ധ് സാർ വേറെ ലെവൽ. ലാൽ സാർ, ജാക്കി ഷെറോഫ് സാർ അങ്ങനെ എല്ലാവരും നന്നായി ചെയ്തു. പ്രത്യേകിച്ച് എന്റെ സുഹൃത്ത് വർമൻ (വിനായകൻ). അദ്ദേഹവും സൂപ്പറായി ചെയ്തിട്ടുണ്ട്. ഒരു പ്രാവശ്യമെങ്കിലും ഇവരുടെ കൂടെ വർക്ക് ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു.

അങ്ങനെ ഞാൻ നെൽസൺ സാറിനെ കണ്ടു. എന്റെ കാരക്ടർ എങ്ങനെയാണെന്നൊക്കെ അദ്ദേഹം എനിക്ക് പറഞ്ഞു തന്നു. എനിക്കത് ഒരുപാട് ഇഷ്ടപ്പെട്ടു. അതിന് മുൻപ് തന്നെ ഈ സിനിമ ചെയ്യണമെന്ന് ‍ഞാൻ തീരുമാനിച്ചിരുന്നു. ഡയലോ​ഗ് ഒക്കെ എനിക്ക് നേരത്തെ തരണം, എനിക്കത് പഠിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

അങ്ങനെ അദ്ദേഹം എനിക്കതൊക്കെ തന്നു. ഞാൻ ഷൂട്ടിനായി റെഡിയായി. ഫുൾ കോൺഫിഡന്റായി ലൊക്കേഷനിൽ എത്തി. അപ്പോൾ നെൽസൺ സാർ എന്നെ കൂളായി നിന്നു നോക്കി. 'സാർ ഡയലോ​ഗ് എല്ലാം ഓക്കെ ആണോ സാർ ?' എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു എല്ലാം ഓക്കെ എന്ന്. അപ്പോൾ, നെൽസൺ സാർ, 'ആ ഡയലോ​ഗ് ഒന്നും ഇല്ല, എല്ലാം മാറ്റി' എന്ന് പറഞ്ഞു.

ഞാൻ ചോദിച്ചു, 'എന്താ ?' എന്ന്. 'എല്ലാം മാറ്റി സാർ, പുതിയ ഡയലോ​ഗ് വച്ചു' എന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ട് അദ്ദേഹത്തിന്റെ അസോസിയേറ്റ് ഭാർ​ഗവിയെ വിളിച്ചു പറഞ്ഞു, 'ഭാർ​ഗവി ഇവിടെ വരൂ, എഴുതിക്കോ' എന്ന്. ഞാൻ ഭയങ്കര ടെൻഷനായി പോയി. ടെൻഷനടിച്ച് നിന്നപ്പോൾ ദേ രജനി സാർ വരുന്നു. കംപ്ലീറ്റ് ബ്ലാക്കൗട്ട്.

അങ്ങനെ നിൽക്കുമ്പോൾ ഭാർ​ഗവി മാഡം, റെഡി സാർ എന്ന് പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു, 'എന്ത് റെഡി. ഇപ്പോൾ അല്ലേ ഡയലോ​ഗ് തന്നതെന്ന്'. എന്നിട്ട് അവർ പറഞ്ഞു 'എല്ലാവരും റെഡി ആണ് സാർ' എന്ന്. അന്നത്തെ ദിവസം ഷോട്ടിനായി ഞാൻ രണ്ട് മണിക്കൂർ മുൻപേ റെഡിയായിരുന്നു.

പിന്നെ ഞാൻ എങ്ങനെയൊക്കെയോ ഡയലോ​ഗ് പഠിച്ച് ചെയ്തു. നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥയിലായിരുന്നു ഞാൻ. എങ്ങനെയെങ്കിലും നീന്തി കരയ്ക്ക് കയറണമെന്നല്ലേ നമ്മൾ വിചാരിക്കൂ. ജീവൻ വേണമല്ലോ... ഇവിടെ നിൽക്കണമല്ലോ. - സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Summary

Suraj Venjaramoodu talks about Jailer 2 experience.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates