2019 -20 വർഷത്തിൽ മലയാള ഭാഷയിൽ നിർമ്മിക്കപ്പെട്ട ഏറ്റവും മികച്ച ചെറിയ സിനിമകളെയാണ് മേളയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്

ബോൺസായ് ചലച്ചിത്രമേള
Last Updated :20 January 2024, 8:34 am IST

News Now

മലയാളത്തിലെ ഏറ്റവും മികച്ച ഹ്രസ്വചിത്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബോൺസായ് 2020- ചലച്ചിത്രമേളയ്ക്ക് തുടക്കമായി. 2019 -20 വർഷത്തിൽ മലയാള ഭാഷയിൽ നിർമ്മിക്കപ്പെട്ട ഏറ്റവും മികച്ച ചെറിയ സിനിമകളെയാണ് മേളയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്നലെ ആരംഭിച്ച ചലച്ചിത്രമേളയിൽ പത്ത് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. 

ഓൺലൈൻ സ്ക്രീനിങ് വഴി കണ്ടെത്തിയ ചിത്രങ്ങൾ ജനുവരി 15 വരെ സർവ്വ മംഗളയുടെ യൂട്യൂബ് പേജിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ഇതിൽ നിന്നാകും ഏറ്റവും മികച്ച ചിത്രം, ഓഡിയൻസ് ചോയ്സ് പുരസ്കാരം നേടിയ ചിത്രം എന്നിവ തെരഞ്ഞെടുക്കുക. ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 50,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഓഡിയൻസ് ചോയ്സ് പുരസ്കാരം നേടുന്ന ചിത്രത്തിന് 25,000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. മികച്ച സംവിധായകൻ, നടി - നടൻ, മികച്ച കഥ, തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിങ്, ശബ്ദലേഖനം എന്നിവയ്ക്കും പ്രത്യേക പുരസ്കാരങ്ങളുണ്ടാകുമെന്നും മേളയുടെ സംഘാടകരായ സർവ്വമംഗള പ്രൊഡക്ഷൻസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 

ജനുവരി 20 ന്  പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമെന്നും പുരസ്കാരം നേടുന്ന ചിത്രങ്ങൾ  ജിയോ ടിവിയിൽ പ്രദർശിപ്പിക്കുമെന്നും സർവ്വമംഗള ചീഫ് ക്രിയേറ്റീവ് ഓഫീസറും മേളയുടെ ക്യൂറേറ്ററുമായ പ്രിയ എം. നായർ അറിയിച്ചു. യുവ സംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ സഞ്ജു സുരേന്ദ്രൻ, ഫിലിം ഫെസ്റ്റിവൽ  ക്യൂറേറ്ററും അഭിനേത്രിയുമായ അർച്ചന പത്മിനി, മാധ്യമ പ്രവർത്തകനും തിരക്കഥാകൃത്തുമായ ജിനോയ് ജോസ് പി. എന്നിവരാണ് ജൂറി അംഗങ്ങൾ.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates