'ടേക്ക് എന്ന് പറയുമ്പോള്‍ കേട്ടത് മമ്മൂക്കയുടെ കൂര്‍ക്കം വലിയാണ്'; ജോഷിയേട്ടന് ദേഷ്യം വന്നുവെന്ന് കരുതി: ഉര്‍വശി

'അയ്യോ ജോഷിയേട്ടന് ദേഷ്യം വന്നുവെന്ന് ഞാന്‍ ലിസിയോട് പറഞ്ഞു'

Urvashi, Mammootty
Urvashi, Mammootty
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :18 സെപ്റ്റംബർ 2026, 3:23 pm IST

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള രസകരമായ അനുഭവം പങ്കിടുകയാണ് നടി ഉര്‍വശി. ജോഷി സംവിധാനം ചെയ്ത നിറക്കൂട്ട് എന്ന ചിത്രത്തിന്റെ ചിത്രകരണത്തിനിടെ ഉണ്ടായ അനുഭവമാണ് ഉര്‍വശി പങ്കുവെക്കുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി ഓര്‍മ പങ്കിട്ടത്.

''ഞാന്‍ മലയാളത്തില്‍ അഭിനയിച്ച് റിലീസാകുന്ന ആദ്യത്തെ സിനിമയാണ് നിറക്കൂട്ട്. ജോഷിയേട്ടന്റെ പടം. മമ്മൂക്ക നായകന്‍. ജോഷിയേട്ടനും മമ്മൂക്കയും ഭയങ്കര ഹിറ്റുകള്‍ കൊടുത്തിട്ടുള്ളവരാണ്. ഞാനും ലിസിയും കൂടെ അദ്ദേഹത്തെ കെട്ടിയിട്ടിരിക്കുകയാണ്. അഞ്ച് സിനിമയുടെ ഷൂട്ടിങ് ഉണ്ട് മമ്മൂക്കയ്ക്ക്. നായകനായിട്ട്. പിന്നീട് അഞ്ച് സിനിമകള്‍ ഒരേസമയം ചെയ്യേണ്ടി വന്നപ്പോള്‍ ആ ബുദ്ധിമുട്ട് ഞാനും മനസിലാക്കി. ഉറങ്ങിയിട്ടില്ല. നമുക്ക് അത് അറിയില്ല. അഭിനയിക്കുമ്പോള്‍ ആ ഇമോഷന്‍ കൃത്യമായി ചെയ്യുന്നുമുണ്ട്.'' ഉര്‍വശി പറയുന്നു.

''ഞാന്‍ ദേഷ്യത്തില്‍ നില്‍ക്കണം ആ രംഗത്തില്‍. ടേക്ക് എന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക കൂര്‍ക്കം വലിക്കുന്ന ശബ്ദമാണ് കേട്ടത്. ഞാന്‍ കരുതി എന്നെ പറ്റിക്കാന്‍ ചെയ്തതാണെന്ന്. കല ചേച്ചിയുടെ കൂടെ അഭിനയിക്കുമ്പോള്‍ എന്നെ ചെറുപ്പം മുതലേ കണ്ടിട്ടുണ്ട്. എന്നെ കളിപ്പിക്കാന്‍ എന്തോ ചെയ്യുകയാണെന്ന് കരുതി. മമ്മൂക്കാ, കള്ളത്തരം കാണിക്കല്ലേ എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ മമ്മൂക്ക ശരിക്കും ഉറങ്ങിപ്പോയിരുന്നു. ജോഷിയേട്ടന്‍ കുറച്ച് നേരം നോക്കിയ ശേഷം പാക്കപ്പ് എന്ന് പറഞ്ഞു'' ഉര്‍വശി പറയുന്നു.

''ഞാന്‍ കരുതി ദേഷ്യത്തിലായിരിക്കുമെന്നാണ്. പാവം തോന്നിയിട്ടായിരുന്നു. പിറ്റേന്ന് രണ്ടാളും തോളില്‍ കയ്യിട്ട് വരുന്നത് കണ്ടു. അയ്യോ ജോഷിയേട്ടന് ദേഷ്യം വന്നുവെന്ന് ഞാന്‍ ലിസിയോട് പറഞ്ഞു. ആണെന്ന് തോന്നുന്നുവെന്ന് ലിസിയും പറഞ്ഞു. പിറ്റേന്ന് കാണുന്നത് ആ മമ്മൂട്ടി എന്നും പറഞ്ഞ് സംസാരിച്ച് വരുന്ന രണ്ടു പേരെയുമാണ്. അവര്‍ പിണങ്ങിയിട്ടില്ലെന്ന് ഞാന്‍ പോയി ലിസിയോട് പറഞ്ഞു'' എന്നും അവര്‍ പറയുന്നു.

ജോഷിയുടെ സംവിധാനത്തില്‍ 1985 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നിറക്കൂട്ട്. ഡെന്നീസ് ജോസഫ് തിരക്കഥയെഴുതിയ ചിത്രത്തില്‍ മമ്മൂട്ടി, സുമലത, ഉര്‍വശി, ലിസി, ബാബു നമ്പൂതിരി, ജോസ് പ്രകാശ് തുടങ്ങിയ താരനിരയുമുണ്ടായിരുന്നു. ശ്യാം ആയിരുന്നു സംഗീതം. ബോക്‌സ് ഓഫീസില്‍ വലിയ വിജയമായ ചിത്രം പിന്നീട് തമിഴിലേക്കും കന്നഡയിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

News Now

Summary

Urvashi recalls Mammootty sleeping during a scene in Nirakkoottu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics