'ദുല്‍ഖര്‍ സല്‍മാനുമായി എന്താണ് പ്രശ്‌നം? ലോക ടീം താങ്കളെ ഒതുക്കിയതെന്തിന്?'; വായടപ്പിച്ച് ടൊവിനോയുടെ മാസ് മറുപടി

'ടൊവിനോയെക്കുറിച്ച് ആ ടീം ആരും ഒന്നും പറഞ്ഞു കേട്ടില്ല'

Dulquer Salmaan, Tovino Thomas
Dulquer Salmaan, Tovino Thomas
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :31 മാർച്ച് 2026, 12:04 pm IST

ദുല്‍ഖര്‍ സല്‍മാനുമായി എന്താണ് പ്രശ്‌നമെന്ന തമിഴ് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കി ടൊവിനോ തോമസ്. പുതിയ ചിത്രം പള്ളിച്ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാഗമായി ചെന്നൈയിലെത്തിയതായിരുന്നു ടൊവിനോ തോമസ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ മറുപടി നല്‍കുന്നതിനിടെയായിരുന്നു ദുല്‍ഖറിനെക്കുറിച്ചുള്ള ചോദ്യം. ടൊവിനോയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

'ലോക' എന്ന സിനിമയില്‍ താങ്കള്‍ ഗംഭീര അഭിനയമായിരുന്നു. രണ്ടാം ഭാഗത്തില്‍ നായകനും വില്ലനുമാണെന്ന് കേള്‍ക്കുന്നു. ആദ്യ ഭാഗം വലിയ വിജയവുമായിരുന്നു. എന്നാല്‍ ടൊവിനോയെക്കുറിച്ച് ആ ടീം ആരും ഒന്നും പറഞ്ഞു കേട്ടില്ല. താങ്കളെക്കുറിച്ച് ചോദിക്കുമ്പോഴും അവര്‍ മൗനം പാലിച്ചു. ദുല്‍ഖര്‍ സല്‍മാനും നിങ്ങളും തമ്മില്‍ എന്താണ് പ്രശ്‌നം? എന്നായിരുന്നു ചോദ്യം. അതിനുള്ള ടൊവിനോയുടെ മറുപടി ഇങ്ങനെയാണ്:

ഹ..ഹ...ഹ ഇപ്പോള്‍ ഫോണ്‍ ചെയ്ത് ചോദിക്കട്ടെ? ഞങ്ങളെല്ലാം ഏറെ നാളായി ഒരുമിച്ച് അഭിനയിക്കുന്നവരാണ്. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം തീവ്രത്തിലൂടെയാണ്. അതിന് ശേഷം ദുല്‍ഖര്‍ സല്‍മാന്റെ വില്ലനായി എബിസിഡി എന്ന ചിത്രത്തിലും അഭിനയിച്ചു. അന്ന് മുതല്‍ ഇന്ന് വരെ അദ്ദേഹം വളരെ സ്വീറ്റായിട്ടാണ് പെരുമാറിയിട്ടുള്ളത്. നിങ്ങള്‍ പറഞ്ഞത് റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിച്ചാല്‍ ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് പൊട്ടിച്ചിരിക്കും.

ആ സിനിമയുടെ സംവിധായകന്‍ അരുണ്‍ ഡൊമിനിക്കിന്റെ ആദ്യ സിനിമ തരംഗത്തില്‍ ഞാനായിരുന്നു നായകന്‍. കല്യാണിയുടെ കൂടെ തല്ലുമാല എന്ന ചിത്രം ചെയ്തിട്ടുണ്ട്. നസ്ലെന്‍ എനിക്കൊരു സഹോദരനെപ്പോലെയാണ്. ഞാന്‍ കണ്ടതില്‍ ഏറ്റവും സ്വീറ്റായിട്ടുള്ള വ്യക്തികളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. വേണമെങ്കില്‍ ഞങ്ങളുടെ വാട്‌സ് ആപ്പ് ചാറ്റ് കാണിച്ചു തരാം. അപ്പോള്‍ മനസിലാകും ഞങ്ങള്‍ക്കിടയിലെ അടുപ്പം എന്താണെന്ന്.

പുറമെ നിന്ന് നോക്കുമ്പോള്‍ ഇതുപോലെയുള്ള ഗോസിപ്പുകളൊക്കെ കൊളുത്തി വിടുന്നത് വളരെ എളുപ്പമാണ്. പക്ഷെ മിക്കപ്പോഴും ഇതെല്ലാം വായിച്ച് ഞങ്ങള്‍ ചിരിക്കുകയാണ് ചെയ്യാറ്. വലിയ തമാശയാണ്. വെറുതെ പറയുന്നതല്ല, ഞാന്‍ വാട്‌സ് ആപ്പ് ചാറ്റ് കാണിച്ചു തരാം. നിങ്ങള്‍ക്ക് തന്നെ പരിശോധിക്കാം. ആ സിനിമയിലുള്ളവരെല്ലാം എന്റെ അടുത്ത സുഹൃത്തുക്കളാണ്. തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. ആ സിനിമ വരുമ്പോള്‍ ഞങ്ങളെല്ലാം ഒരുമിച്ച് വന്ന് ഇവിടെ ഇരിക്കും. അപ്പോള്‍ ചോദിക്കൂ, മറുപടി നല്‍കും.

ആ സിനിമ റിലീസായ സമയം നീയും വന്നാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞ് എന്റെ ടിക്കറ്റൊക്കെയെടുത്ത് ദുബായിലേക്ക് കൂട്ടിക്കൊണ്ടു പോയത് ദുല്‍ഖര്‍ തന്നെയാണ്. മൂന്ന് ദിവസം ഞങ്ങള്‍ ഏറെ സന്തോഷത്തോടെയാണ് പ്രൊമോഷന്‍ പരിപാടികളിലൊക്കെ പങ്കെടുത്തത്. ആരാണ് ഈ വാര്‍ത്തകളൊക്കെ പടച്ചു വിടുന്നത്? എന്ത് സന്തോഷമാണ് അതിലൂടെ കിട്ടുന്നത്?

News Now

Summary

Tovino Thomas gives reply to a reporter who asked what is the issue with Dulquer Salmaan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates