ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാം; ഉത്തരവിറക്കി സിബിഎസ്ഇ

CBSE announces special Class 12 re-exams for UAE
സിബിഎസ്ഇഫയല്‍
Edited by :Amal Joy
Last Updated :16 സെപ്റ്റംബർ 2026, 4:57 pm IST

ദുബൈ: പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യത്തില്‍ റദ്ദാക്കിയ സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷകള്‍ വീണ്ടും നടത്തും. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷ നടത്താന്‍ സിബിഎസ്ഇ തീരുമാനിച്ചത്.

40 വിഷയങ്ങളിലാണ് (20 അക്കാദമിക്, 20 സ്‌കില്‍ അധിഷ്ഠിത വിഷയങ്ങള്‍) പരീക്ഷ വീണ്ടും നടത്തുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് സിബിഎസ്ഇ പുറത്തിറക്കി. സംഘര്‍ഷ സാഹചര്യത്തില്‍ സിബിഎസ്ഇ ഈ രാജ്യങ്ങളിലെ പരീക്ഷകള്‍ നേരത്തെ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പ്രത്യേക മൂല്യനിര്‍ണയ പദ്ധതിപ്രകാരമാണ് ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഫലം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായാണ് സിബിഎസ്ഇ പരീക്ഷ നടത്താന്‍ തീരുമാനിച്ചു.

പ്രത്യേക മൂല്യനിര്‍ണയ രീതി (അസസ്‌മെന്റ് സ്‌കീം) വഴിയുള്ള ഫലത്തില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇടപെടലുണ്ടായത്. യുഎഇ, ബഹ്‌റൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. റെഗുലര്‍, പ്രൈവറ്റ് വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാം.

എന്നാല്‍ മാര്‍ച്ച് പരീക്ഷയ്ക്ക് മുന്‍പ് റജിസ്റ്റര്‍ ചെയ്യാതിരുന്നവര്‍ക്കും പരീക്ഷയ്ക്ക് ഹാജരാകാതിരുന്നവര്‍ക്കും ഈ അവസരം ലഭിക്കില്ല. റദ്ദാക്കിയ വിഷയങ്ങളില്‍ ഇഷ്ടമുള്ളവ തെരഞ്ഞെടുത്ത് പരീക്ഷയെഴുതാം. ഇപ്പോള്‍ നടക്കുന്ന പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കായിരിക്കും അന്തിമമായി കണക്കാക്കുക.

പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ഈ മാസം 22 മുതല്‍ ആരംഭിക്കും. 26 വരെ സിബിഎസ്ഇ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. യാതൊരു കാരണവശാലും തീയതി നീട്ടിനല്‍കില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പ് അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളില്‍ത്തന്നെയായിരിക്കും പരീക്ഷ. അപേക്ഷ നല്‍കിയ ശേഷം വിഷയങ്ങള്‍ മാറ്റാന്‍ അനുവദിക്കില്ല.പരീക്ഷ കഴിഞ്ഞാല്‍ ഫലപുനര്‍നിര്‍ണയത്തിനോ മറ്റ് തിരുത്തലുകള്‍ക്കോ അവസരമുണ്ടാകില്ല.

News Now

Summary

CBSE announces special Class 12 re-exams for UAE

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates