ഡ്രൈവറില്ലാ 'റോബോടാക്‌സി' ഹിറ്റ്; 40 ലക്ഷത്തിലേറെ കിലോമീറ്ററുകള്‍ പിന്നിട്ടു, ദുബൈയില്‍ കൂടുതല്‍ മേഖലകളിലേക്ക് സേവനം

Dubai robotaxis travel four million kilometres
Dubai robotaxis
Edited by :Amal Joy
Last Updated :19 ഓഗസ്റ്റ് 2026, 7:40 pm IST

ദുബൈ: ദുബൈയില്‍ ഡ്രൈവറില്ലാ 'റോബോടാക്‌സി' ഹിറ്റ്. ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ആരംഭിച്ച സേവനങ്ങള്‍ ഇതിനകം 40 ലക്ഷത്തിലേറെ കിലോമീറ്ററുകള്‍ പിന്നിട്ടു. ഇതുവരെ 7,613 യാത്രകളാണ് പൂര്‍ത്തിയാക്കിയത്. സേവനത്തില്‍ 144 വാഹനങ്ങളുണ്ട്, 48 എണ്ണം നിലവില്‍ സജീവമാണ്, പ്രതിദിനം ഏകദേശം 50 യാത്രകള്‍ നടത്തുന്നുണ്ട്. പദ്ധതിയില്‍ ഉപഭോക്തൃ സംതൃപ്തി 97 ശതമാനത്തിലെത്തി, ഡ്രൈവറില്ലാ യാത്രയില്‍ വര്‍ദ്ധിച്ചുവരുന്ന ജനവിശ്വാസമാണിത് സൂചിപ്പിക്കുന്നതെന്ന് കോര്‍പറേറ്റ് ടെക്‌നോളജി സപ്പോര്‍ട്ട് സര്‍വീസസ് സെക്ടര്‍ സിഇഒ അഹമ്മദ് ബഹ്‌റൂസിയാന്‍ പറഞ്ഞു.

2030ഓടെ ദുബൈയിലെ ആകെ ഗതാഗതത്തിന്റെ 25 ശതമാനവും ഡ്രൈവറില്ലാ വാഹനങ്ങളാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവയപ്പാണിത്. സുരക്ഷ, വിശ്വാസ്യത, പ്രവര്‍ത്തന സന്നദ്ധത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഘട്ടം ഘട്ടമായുള്ള സമീപനത്തിലൂടെയാണ് റോബോടാക്‌സി പദ്ധതിക്ക് ജനപിന്തുണയേറിയത്.

ഗ്ലോബല്‍ സാങ്കേതിക പങ്കാളികളായ ബൈഡൂവിന്റെ 'അപ്പോളോ ഗോ', വീറൈഡ്, പോണി.എഐ എന്നിവരുമായി സഹകരിച്ചാണ് ആര്‍ടിഎ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതിന്റെ ഭാഗമായി ആഗോള റൈഡ് ഷെയറിങ് പ്ലാറ്റ്ഫോമായ 'ഊബര്‍' ആപ്പിലൂടെയും അപ്പോളോ ഗോയുടെ പൂര്‍ണമായി ഡ്രൈവറില്ലാ വാഹനങ്ങള്‍ ദുബൈയില്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ന്യൂ ഹൊറൈസണ്‍ ലക്ഷ്വറി ട്രാന്‍സ്‌പോര്‍ട്ടിനാണ് ഇതിന്റെ ഫ്‌ലീറ്റ് ഓപ്പറേഷന്‍ ചുമതല.

2026ന്റെ ആദ്യ പകുതിയില്‍ മാത്രം 34.8 കോടി ആളുകളാണ് ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചത്. പ്രതിദിനം ശരാശരി 19 ലക്ഷം യാത്രക്കാരാണ് ഇവയെ ആശ്രയിക്കുന്നത്. വരും വര്‍ഷങ്ങളില്‍ നഗരത്തിലെ കൂടുതല്‍ മേഖലകളിലേക്ക് ഡ്രൈവറില്ലാ ടാക്‌സി സേവനം വിപുലീകരിക്കാനാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്.

News Now

Summary

Dubai robotaxis travel four million kilometres

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates