
അഹമ്മദാബാദ് വിമാന ദുരന്തം; ബ്ലാക് ബോക്‌സ് കണ്ടെത്തി, അപകട കാരണം കണ്ടെത്തുന്നതില്‍ നിര്‍ണായകം
ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡേറ്റാ റെക്കോര്‍ഡറും കിട്ടിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക് ബോക്‌സ്(Black box) കണ്ടെത്തി. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ആണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. അപകടത്തെക്കുറിച്ചുള്ള കാരണം കണ്ടെത്തുന്നതിന് ബ്ലാക് ബോക്‌സ് നിര്‍ണായകമാണ്. ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡേറ്റാ റെക്കോര്‍ഡറും കിട്ടിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അഹമ്മദാബാദില്‍ ഡോക്ടര്‍മാരുടെ ഹോസ്റ്റലിന് മുകളില്‍ നിന്നാണ് ബ്ലാക് ബോക്‌സ് കണ്ടെത്തിയത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഐബി) സംഘമാണ് ബ്ലാക് ബോക്‌സ് കണ്ടെത്തിയത്.
അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട സ്ഥലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയ സംഘങ്ങളോടൊപ്പം 40 ലധികം ഗുജറാത്ത് സര്‍ക്കാര്‍ ജീവനക്കാരും പങ്കു ചേര്‍ന്നിട്ടുണ്ട്.
വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് റെക്കോര്‍ഡിങ് ഉപകരണമാണ് ബ്ലാക്ക് ബോക്സ്. വിമാനാപകടങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തുന്നതിന് അന്വേഷണ സംഘങ്ങള്‍ക്ക് നിര്‍ണായകമായ വിവരങ്ങള്‍ നല്‍കാന്‍ ഇവ സഹായിക്കും.
ബ്ലാക്ക് ബോക്സ് എന്നാണ് പേരെങ്കിലും ഇവയുടെ നിറം ഓറഞ്ചാണ്. അപകടസ്ഥലത്ത് എളുപ്പത്തില്‍ കണ്ടെത്താന്‍ വേണ്ടി സ്റ്റീല്‍ അല്ലെങ്കില്‍ ടൈറ്റാനിയം കൊണ്ട് നിര്‍മ്മിച്ച, ശക്തമായ ലോഹ കവചമാണ് ഇവയ്ക്കുണ്ടാവുക. തീ, വെള്ളം എന്നിവയില്‍ നിന്നും പ്രതിരോധിക്കാനാണിത്. കാരണം അപകടസമയത്ത് പിന്‍ ഭാഗത്ത് ആഘാതം കുറവായിരിക്കും എന്നതിനാല്‍ ഇവിടയാണ് ബ്ലാക്ക് ബോക്സുകള്‍ സൂക്ഷിക്കുക. മെക്കാനിക്കല്‍ തകരാര്‍, പൈലറ്റിന്റെ പിഴവ്, കാലാവസ്ഥാ പ്രശ്നങ്ങള്‍, അല്ലെങ്കില്‍ മറ്റ് ബാഹ്യ ഘടകങ്ങള്‍ (ഉദാ: പക്ഷി ആഘാതം) എന്നിവയാണോ അപകടത്തിന്റെ കാരണമെന്ന് ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നതിലൂടെ കണ്ടെത്താന്‍ സാധിക്കും. ബ്ലാക്ക് ബോക്സ് എന്നത് ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡറും കോക്പിറ്റ് വോയിസ് റെക്കോര്‍ഡറും ചേര്‍ന്നതാണ്.
അപകടത്തില്‍ ഇതുവരെ 265 പേര്‍ മരിച്ചതായാണ് സ്ഥിരീകരിച്ചത്. ഇന്നലെ 1.38 ന് പറന്നുയര്‍ന്ന് 5 മിനിറ്റിനുള്ളില്‍ തന്നെ എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം താഴേക്കു പതിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ടാണ് വിമാനം വീണതെന്നാണ് പുറത്തു വരുന്ന സൂചനകള്‍. എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Related News


ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് കൂപ്പുകുത്തി; ലണ്ടനില്‍ തിരിച്ചിറക്കി

'ലക്ഷ്യമിട്ടത് വിമാനം ഇസ്രായേലില്‍ തകര്‍ത്തു വീഴ്ത്താന്‍'; ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയതായി റിപ്പോര്‍ട്ട്




