'ഒരുമിച്ച് ജീവിക്കാന്‍ സമ്മതിക്കില്ല, വീട്ടുകാര്‍ കൊല്ലുമോ എന്ന് ഭയം'; 21കാരനും 19കാരിയും കൈകള്‍ പരസ്പരം കൂട്ടിക്കെട്ടി പുഴയില്‍ മരിച്ച നിലയില്‍ 

ഗുജറാത്തില്‍ പുഴയില്‍ കമിതാക്കളെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:51 am IST

അഹമ്മദാബാദ്: ഗുജറാത്തില്‍ പുഴയില്‍ കമിതാക്കളെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.  ഒരുമിച്ച് ജീവിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കില്ല എന്ന് കരുതി ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഷാപൂരില്‍ സബര്‍മതി നദിയില്‍ കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയിലാണ് 21കാരന്റെയും 19കാരിയുടെയും മൃതദേഹം കണ്ടെത്തിയത്. ഒരുമിച്ച് ജീവിക്കാന്‍ വീട്ടുകാര്‍ അനുവദിക്കില്ല എന്ന ഭയത്താലാണ് ഇരുവരും ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.എന്നാല്‍ വിവാഹം നടത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇരുവരെയും കാണാതായതെന്ന് ബന്ധുക്കള്‍ വിശദീകരിക്കുന്നു.

നവംബര്‍ പത്തിനാണ് ഇരുവരെയും കാണാതായത്. ഒരുവര്‍ഷത്തോളമായി രാകേഷും ഗണ്‍ഗണും അടുപ്പത്തിലായിരുന്നു. ഇരുവരുടെയും കുടുംബക്കാര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഇക്കാര്യം അറിഞ്ഞ സമയത്ത് വീട്ടുകാര്‍ എതിര്‍പ്പ് അറിയിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന നിലപാടും വീട്ടുകാര്‍ സ്വീകരിച്ചിരുന്നതായി പൊലീസ് പറയുന്നു.

എന്നാല്‍ വീട്ടുകാരുടെ ഇടപെടലില്‍ തൃപ്തി വരാതിരുന്ന കമിതാക്കള്‍ ഒളിച്ചോടുകയായിരുന്നു. പിന്നീട് തങ്ങളെ കണ്ടെത്തിയാല്‍ വീട്ടുകാര്‍ ഉപദ്രവിക്കുമോ എന്ന് ഇരുവരും ഭയപ്പെട്ടു. കൂടാതെ സമൂഹത്തിന് മുന്നില്‍ തങ്ങളെ അപമാനിക്കുമോ എന്ന ഭയവും ഇരുവര്‍ക്കും ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. തുടര്‍ന്ന് പുഴയില്‍ ചാടി ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

മൂന്ന് ദിവസം മുന്‍പാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീട് വിട്ടിറങ്ങിയ നവംബര്‍ പത്തിന് തന്നെ ഇരുവരും ആത്മഹത്യ ചെയ്യാനാണ് സാധ്യതയെന്നും പൊലീസ് പറയുന്നു. ഇരുവരെയും ബന്ധപ്പെടാന്‍ വീട്ടുകാര്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഫോണുകള്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇരുവരുടെയും വിവാഹം നടത്തി കൊടുക്കാന്‍ ബന്ധുക്കള്‍ ആലോചിച്ചിരുന്നതായി പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now