'ഒരു ജീവനും അവശേഷിച്ചില്ല; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 242 പേരും മരിച്ചു

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി അധികൃതര്‍ അറിയിച്ചു

Air India Flight With 242 On Board Crashes In Ahmedabad, No Survivors
Air India Flight crash;വിമാനം തകര്‍ന്നുവീണ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം Source by : പിടിഐ
Last Updated :12 June 2025, 6:13 pm IST

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിമാനം ( Air India Flight crash)തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മുഴുവന്‍ പേരും മരിച്ചു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലാണ് കെട്ടിടം തകര്‍ന്നുവീണത്. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന അഞ്ച് ജൂനിയര്‍ ഡോക്ടര്‍മാരും മരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് വിമാനം തകര്‍ന്നുവീണത്.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തമാണ് അഹമ്മദാബാദില്‍ ഉണ്ടായത്. 1998 നവംബര്‍ 12 ന് ഹരിയാണയിലുണ്ടായ സൗദി എയര്‍വേയ്‌സിന്റെ 747 ബോയിങ് വിമാനവും കസാഖ് എയര്‍ബേയ്‌സിന്റെ ടു യു-154 വിമാനവും കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ 351 പേരാണ് മരിച്ചതാണ് രാജ്യത്തെ ഏറ്റവും വലിയ വിമാന ദുരന്തം

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം.

മരിച്ച മലയാളികളില്‍ പത്തനംതിട്ട സ്വദേശിനിയായ കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ആര്‍.നായരും ഗോപകുമാരന്‍ നായരുമാണ്. ഒമാനില്‍ നഴ്സായിരുന്ന രഞ്ജിതയ്ക്ക് യുകെയില്‍ ജോലി ലഭിച്ചിരുന്നു. ജോലിയില്‍ പ്രവേശിക്കാനായി യുകെയിലേക്കു പോകുമ്പോഴാണ് ദുരന്തം. ലണ്ടനിലേക്കു പോകാനായി കൊച്ചിയില്‍നിന്ന് ഇന്നലെയാണ് രഞ്ജിത അഹമ്മദാബാദിലേക്ക് യാത്ര പുറപ്പെട്ടത്.

അഹമ്മദാബാദിലെ ജനവാസ മേഖലയില്‍ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 വിമാനമാണ് ഇന്ന് ഉച്ചയോടെ ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകര്‍ന്നുവീണത്. വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 61 പേര്‍ വിദേശികളാണ്.

ഉച്ചയ്ക്ക് 1.38നാണ് എഐ 171 ബോയിങ് 7878 ഡ്രീംലൈനര്‍ വിമാനം ടേക്ക് ഓഫ് ചെയ്തത്. പറന്നുയര്‍ന്നു 5 മിനിറ്റിനുള്ളില്‍ വിമാനം ഒരു തീഗോളമായി മാറി താഴേക്ക് പതിക്കുകയായിരുന്നു. ലണ്ടന്‍ വരെ യാത്രയുള്ളതിനാല്‍ ഇന്ധന ടാങ്കും നിറഞ്ഞിരുന്നു. ഇത് അപകടത്തിന്റെ ആഘാതം കൂട്ടി. ഒരു തീഗോളമായാണ് വിമാനം താഴേക്ക് പതിച്ചത്. പറന്നുയര്‍ന്നു തൊട്ടുപിന്നാലെ പൈലറ്റ് മെയ്‌ഡേ കോള്‍ അയച്ചിരുന്നു. അതിനു പിന്നാലെ എയര്‍ ട്രാഫിക് കണ്‍ട്രോളറില്‍ നിന്ന് പൈലറ്റുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ല. 625 അടി ഉയരത്തില്‍ എത്തിയപ്പോഴാണ് വിമാനം തകര്‍ന്നു വീണത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now