'എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ തയ്യാര്‍'; 24 മണിക്കൂര്‍ ചര്‍ച്ച നടത്താമെന്ന് അമിത് ഷാ

amit shah
അമിത് ഷാPhoto | ANI
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :12 ഓഗസ്റ്റ് 2026, 12:43 pm IST

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സ്തംഭനാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ പ്രതിപക്ഷത്തിന് 24 മണിക്കൂര്‍ ചര്‍ച്ചാ സമയം വാഗ്ദാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ താന്‍ സജ്ജനാണെന്നും ചര്‍ച്ചകള്‍ക്കൊടുവില്‍ വിശദമായ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റ് നടപടികള്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി, ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണി വരെ സഭയില്‍ എത്താന്‍ താന്‍ തയ്യാറാണെന്ന് അമിത് ഷാ അറിയിച്ചു. പ്രതിപക്ഷാംഗങ്ങള്‍ക്ക് ഈ സമയത്തിനുള്ളില്‍ തങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കാമെന്നും ചര്‍ച്ചയുടെ അവസാനം അവയ്‌ക്കെല്ലാം താന്‍ വ്യക്തമായ മറുപടി നല്‍കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

നീറ്റ് ക്രമക്കേടില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് വെടിച്ച സംഭവത്തിലും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിലും അമിത് ഷാ മറുപടി പറയണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പ്രതിഷേധം ശക്തമായതോടെ തുടര്‍ച്ചയായി സഭാനടപടികള്‍ സ്തംഭിക്കുന്ന അവസരത്തിലാണ് അമിത് ഷാ താന്‍ സഭയിലെത്താമെന്ന് വ്യക്തമാക്കിയത്. ചര്‍ച്ച വേണ്ട വിഷയങ്ങളില്‍ കത്തെഴുതി നല്‍കണമെന്നും ഇന്ന് 3 മണി മുതല്‍ നാളെ 3 മണിവരെ ചര്‍ച്ച നടത്താമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ചര്‍ച്ച വേണോ സഭാനടപടികള്‍ അലങ്കോലമാക്കണോ എന്ന് പ്രതിപക്ഷത്തിന് തീരുമാനിക്കാമെന്നും അമിത് ഷാ പറഞ്ഞു.

സഭയിലെ അസാന്നിധ്യത്തിലുണ്ടായ പ്രതിപക്ഷ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങിയതു മുതല്‍ താന്‍ അവിടെതന്നെ ഉണ്ടായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. നടപടിക്രമങ്ങള്‍ നടക്കുന്നില്ലെങ്കില്‍ തന്റെ ചേമ്പറില്‍ തുടരുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്. വിദ്യാര്‍ഥി വിഷയങ്ങളില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം തയ്യാറാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു നേരത്തെതന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാല്‍ പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറാല്ല. ഞങ്ങള്‍ എല്ലാത്തില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു അവരുടെ ആരോപണം. എന്നാലിപ്പോള്‍ ആരാണ് ഓടിയൊളിക്കുന്നതെന്ന് ജനം തീരുമാനിക്കട്ടെയെന്നും അമിത് ഷാ പറഞ്ഞു.

News Now

Summary

Amit Shah says will answer questions in Parliament

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates