അനധികൃത കട പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ടു, പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് തിളച്ച ചായ ഒഴിച്ച് സ്ത്രീ; ഗുരുതരാവസ്ഥയില്‍

ബീഹാറില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് തിളച്ച ചായ ഒഴിച്ച സ്ത്രീ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST

പട്‌ന: ബീഹാറില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് തിളച്ച ചായ ഒഴിച്ച സ്ത്രീ അറസ്റ്റില്‍. ഭൂമി കയ്യേറി സ്ഥാപിച്ച കട പൊളിച്ചുമാറ്റണമെന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശമാണ് പ്രകോപനത്തിന് കാരണം. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ പൊലീസ് ഉദ്യോഗസ്ഥനെ വിദഗ്ധ ചികിത്സയ്ക്കായി പട്‌ന മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ബീഹാറിലെ മുസാഫര്‍പുറിലാണ് സംഭവം. ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ നിന്നാണ് ചായക്കട നടത്തുന്ന സരിത ദേവിയെ പിടികൂടിയത്. ഔട്ട്‌പോസ്റ്റ് ഇന്‍- ചാര്‍ജ് സുമന്‍ ഝായാണ് ആക്രമണത്തിന് ഇരയായത്.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ എത്തിയതാണ് പൊലീസ് ഉദ്യോഗസ്ഥന്‍. അനധികൃതമായി ചായക്കട പ്രവര്‍ത്തിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയത്. ജീവനക്കാര്‍ക്കും രോഗികള്‍ക്കും കട പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായുള്ള ആശുപത്രി അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തിയത്.

സരിത ദേവിയുടെ കടയില്‍ എത്തിയ സുമന്‍ ഝാ അനധികൃത കയ്യേറ്റം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടു. ഇതില്‍ കുപിതയായ സരിത ദേവി പൊലീസ് ഉദ്യോഗസ്ഥനുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. അസഭ്യം പറയാന്‍ തുടങ്ങിയ  സരിത ദേവി ഒരു ഘട്ടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് തിളച്ച ചായ ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ആക്രമണത്തിന്റെ ആഘാതത്തില്‍ നിലത്തുവീണ പൊലീസ് ഉദ്യോഗസ്ഥനെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിലേക്ക് മാറ്റി. തുടര്‍ന്ന് ആരോഗ്യനില വഷളായതിന് പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി പട്‌ന മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now