'തോട്ടിപ്പണി' രേഖപ്പെടുത്താതെ കേന്ദ്രം; രാജ്യത്ത് ഏഴര വര്‍ഷത്തിനിടെ ജീവന്‍ നഷ്ടമായത് 498 പേര്‍ക്ക്

2019 ജനുവരി 1 നും 2026 ജൂണ്‍ 30 നും ഇടയിലുള്ള കാലത്തെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

Manual Scavenging
Manual ScavengingFILE
Edited by :ആതിര അഗസ്റ്റിന്‍
Last Updated :5 ഓഗസ്റ്റ് 2026, 11:44 am IST

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ അഴുക്കു ചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞത് 498 ശുചീകരണത്തൊഴിലാളികള്‍ക്ക്. ലോക്‌സഭയിലാണ് ഇത് സംബന്ധിച്ചുള്ള കണക്കുകള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഇതില്‍ ഒന്നു പോലും തോട്ടിപ്പണിക്കിടെയുണ്ടായ മരണമാണെന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല.

2019 ജനുവരി 1 നും 2026 ജൂണ്‍ 30 നും ഇടയിലുള്ള കാലത്തെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി രാംദാസ് അത്തെവാലെ നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

2019ലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്, 132 പേരാണ് അന്ന് ജീവന്‍ പൊലിഞ്ഞത്. 2020-ല്‍ 34, 2021-ല്‍ 62, 2022-ല്‍ 88 മരണങ്ങളും രേഖപ്പെടുത്തി. 2023-ല്‍ 65-ഉം, 2024-ല്‍ 54-ഉം, 2025-ല്‍ 47-ഉം ആയിരുന്നു. 2026-ലെ ആദ്യ ആറ് മാസങ്ങളില്‍ 16 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 498 ആയി ഉയര്‍ന്നു. ഈ കണക്കുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും തോട്ടിപ്പണി മൂലം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

സര്‍ക്കാര്‍ പറയുന്ന നിര്‍വചനമനുസരിച്ച് , ശുചിത്വമില്ലാത്ത ടോയ്ലറ്റുകള്‍, തുറന്ന ഓടകള്‍, കുഴികള്‍, റെയില്‍വേ ട്രാക്കുകള്‍ അല്ലെങ്കില്‍ മറ്റ് നിര്‍ദ്ദിഷ്ട സ്ഥലങ്ങള്‍ എന്നിവയില്‍ നിന്ന് മനുഷ്യ വിസര്‍ജ്യം കൈ കൊണ്ട് നീക്കം ചെയ്യുന്നതിനേയാണ് 'തോട്ടിപ്പണി' എന്ന് പറയുന്നത്. നിര്‍ദ്ദിഷ്ട സുരക്ഷാ ഉപകരണങ്ങളോ സുരക്ഷാ മുന്‍കരുതലുകളോ ഇല്ലാതെ അഴുക്കുചാലോ സെപ്റ്റിക് ടാങ്കോ കൈകൊണ്ട് വൃത്തിയാക്കുന്നതിനെ 'അപകടകരമായ ശുചീകരണം' എന്ന് വിശേഷിപ്പിക്കുന്നത്. ഇക്കാരണത്താലാണ് 498 മരണങ്ങളും തോട്ടിപ്പണി മൂലമുള്ള മരങ്ങളല്ല, മറിച്ച് അപകടകരമായ അഴുക്കുചാല്‍-സെപ്റ്റിക് ടാങ്ക് ശുചീകരണത്തിനിടയിലെ മരണങ്ങള്‍ ആയിട്ട് രേഖപ്പെടുത്തിയത്.

2024-25 കാലയളവില്‍ നടത്തിയ സര്‍വേയില്‍ തോട്ടിപ്പണി ചെയ്യുന്ന ഒരാളെപ്പോലും കണ്ടെത്താനായില്ലെന്നും മറുപടിയില്‍ പറയുന്നു. എന്നാല്‍ 2013-ലും 2018-ലും നടത്തിയ സര്‍വേകളില്‍ 17 സംസ്ഥാനങ്ങളിലായി 58,098 തോട്ടിപ്പണിക്കാരെ കണ്ടെത്തിയിരുന്നു. ഇതിൽ പകുതിയിലധികവും ഉത്തര്‍പ്രദേശിലായിരുന്നു (32,473 പേര്‍). മഹാരാഷ്ട്രയില്‍ 6,325-ഉം ഉത്തരാഖണ്ഡില്‍ 4,988-ഉം അസമില്‍ 3,921-ഉം ആളുകളെ കണ്ടെത്തിയിരുന്നു.

മരിച്ച 498 തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ നഷ്ടപരിഹാരത്തിന്റെ വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടു. 2023 ഒക്ടോബറിലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് നഷ്ടപരിഹാര തുക 10 ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷം രൂപയായി ഉയര്‍ത്തിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 345 കേസുകളില്‍ 10 ലക്ഷം രൂപയും 75 കേസുകളില്‍ 30 ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 22 കേസുകളില്‍ ഭാഗികമായ നഷ്ടപരിഹാരമാണ് നല്‍കിയത്, 56 കേസുകളില്‍ പണം നല്‍കിയത് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. നമസ്‌തേ പദ്ധതിക്ക് കീഴില്‍ 89,915 അഴുക്കുചാല്‍-സെപ്റ്റിക് ടാങ്ക് തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

News Now

Summary

Center Omits 'Manual Scavenging'; 498 Lives Lost in Country Over Seven and a Half Years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates