കുത്തിയത് 27 തവണ, സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ കൊലപ്പെടുത്തി; മുന്‍ വൈരാഗ്യവും കവര്‍ച്ചയും പ്രേരണ

കൊലപാതകത്തിന് ശേഷം അവിടെയുണ്ടായിരുന്ന പണവും ഫോണും വിദ്യാര്‍ഥികള്‍ അപഹരിക്കുകയും ചെയ്തു

Rupa Reddy
കൊല്ലപ്പെട്ട രൂപ റെഡ്ഡി
Edited by :Jayakumar
Last Updated :20 ഓഗസ്റ്റ് 2026, 12:42 pm IST

ഹൈദരാബാദ്: സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ കുത്തിക്കൊലപ്പെടുത്തി. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലാണ് സംഭവം. രൂപ റെഡ്ഡി എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 11 ന് രൂപയുടെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം അവിടെയുണ്ടായിരുന്ന പണവും ഫോണും വിദ്യാര്‍ഥികള്‍ അപഹരിക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ടു വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

രൂപയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ വിദ്യാര്‍ഥികള്‍ 27 തവണയാണ് അധ്യാപികയെ കുത്തിയത്. പണത്തിന് വേണ്ടിയും മുന്‍പത്തെ അച്ചടക്ക നടപടികളോടുള്ള പ്രതികാരമായുമാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. മരണത്തിന് തൊട്ടുമുമ്പ് രൂപ റെഡ്ഡി തന്റെ അമ്മായിയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവായത്.

സംഭാഷണത്തിനിടെ രൂപ അടുത്തുണ്ടായിരുന്ന ആരെയോ 'ബാബു' എന്ന് അഭിസംബോധന ചെയ്തിരുന്നു. സ്‌കൂളിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ചിരുന്ന വാക്കാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മനസ്സിലാക്കി. തുടര്‍ന്ന് കൊലപാതകം നടന്ന സമയത്ത് സ്‌കൂളില്‍ വരാതിരുന്ന വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. നാലു ദിവസത്തെ ദുഃഖാചരണത്തിനുശേഷം സ്‌കൂള്‍ തുറന്നപ്പോള്‍, ഹാജരാകാതിരുന്ന 13 വിദ്യാര്‍ഥികളെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തു.

പത്താം ക്ലാസിലെ അഞ്ചു വിദ്യാര്‍ഥികളാണ് സംഭവദിവസം സ്‌കൂളില്‍ വരാതിരുന്നത്. ഇവരില്‍ രണ്ടുപേര്‍ പണം ധൂര്‍ത്തടിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഒരു വിദ്യാര്‍ഥിയുടെ പക്കല്‍ നിന്നും 1.54 ലക്ഷം രൂപ കണ്ടെടുത്തു. മാതാപിതാക്കള്‍ തന്ന പണമാണെന്നാണ് കുട്ടി പറഞ്ഞത്. എന്നാല്‍ കറന്‍സി നോട്ടുകളില്‍ രക്തക്കറ കണ്ടെത്തിയ പൊലീസ് അത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനയില്‍ രൂപയുടെ രക്തക്കറയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

പ്രതികളില്‍ ഒരാള്‍ മുമ്പ് സ്‌കൂള്‍ ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. ഇയാള്‍ക്ക് മദ്യത്തോടും ബൈക്കുകളോടും വലിയ താല്‍പര്യമുണ്ടായിരുന്നു. ഒരു തവണ ഈ കുട്ടിയുടെ ബാഗില്‍ നിന്നും പണവും ഫോണും കണ്ടെത്തുകയും പ്രിന്‍സിപ്പല്‍ രൂപ ശകാരിക്കുകയും ചെയ്തു. ഹോസ്റ്റലില്‍ നിന്നും കുട്ടിയെ പുറത്താക്കുകയും ചെയ്തു. ഇതില്‍ കുട്ടിക്ക് രൂപ റെഡ്ഡിയോട് കടുത്ത വൈരാഗ്യമുണ്ടായിരുന്നു. സ്‌കൂള്‍ ഫീസായി പിരിച്ചെടുക്കുന്ന പണം പ്രിന്‍സിപ്പലിന്റെ വീട്ടില്‍ സൂക്ഷിക്കുന്ന കാര്യം പ്രതികള്‍ മനസ്സിലാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.

News Now

Summary

Class 10 students stabbed school principal Rupa Reddy to death

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates