ഹരിയാന ഫരീദാബാദിലെ യുവതിയുടെ കൊലപാതകത്തില്‍ നിര്‍ണായക കണ്ടെത്തല്‍

Faridabad woman's murder case
Faridabad woman's murder case
Last Updated :27 June 2025, 12:53 pm IST

News Now

ഫരീദാബാദ്: ഹരിയാന ഫരീദാബാദിലെ യുവതിയുടെ കൊലപാതകത്തില്‍ നിര്‍ണായക കണ്ടെത്തല്‍. കൊന്നു കുഴിച്ചുമൂടുന്നതിന് മുന്‍പ് യുവതിയെ ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തതായി പൊലീസ് പറയുന്നു. യുവതിയുടെ ഭര്‍തൃമാതാവും കൊലപാതകത്തില്‍ പങ്കാളിയാണ്. കൊലപാതക കേസില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ യുവതിയുടെ ഭര്‍ത്താവിനായി പൊലീസ് വ്യാപക തിരച്ചിലാണ് നടത്തുന്നത്.

ഭര്‍തൃപിതാവ് ഭൂപ് സിങ്ങിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായ വിവരം ലഭിച്ചത്. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഭൂപ് സിങ് കുറ്റസമ്മത മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. 24കാരിയെ കൊലപ്പെടുത്താന്‍ പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തത് ഏപ്രില്‍ 15നാണ്. ഇതില്‍ യുവതിയുടെ ഭര്‍ത്താവും ഭര്‍തൃപിതാവും ഭര്‍തൃമാതാവും പങ്കാളിയാണ്. കൊലപാതക പ്ലാന്‍ അനുസരിച്ച് ഏപ്രില്‍ 15ന് ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കുന്നതിനായി ഭര്‍തൃമാതാവ് ഉത്തര്‍പ്രദേശിലേക്ക് പോയി. ഏപ്രില്‍ 21 ന് രാത്രിയാണ് കൊലപാതകം നടന്നതെന്ന് ഭൂപ് സിങ് വെളിപ്പെടുത്തിയതായും പൊലീസ് പറയുന്നു.

സംഭവദിവസം യുവതിയുടെ ഭര്‍ത്താവ് അരുണ്‍ ഭാര്യയ്ക്കും സഹോദരിക്കും ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി. ഇതിന് പിന്നാലെ ഇരുവരും രണ്ടുമുറികളിലായി ഉറക്കത്തിലായി. പ്ലാന്‍ അനുസരിച്ച് കൊല്ലാന്‍ ഭൂപ് സിങ് യുവതിയുടെ മുറിയിലേക്ക് പോയി. ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലാനായിരുന്നു പദ്ധതി. എന്നാല്‍ അബോധാവസ്ഥയിലായ മരുമകളെ കൊല്ലുന്നതിനുമുമ്പ്, ഭൂപ് സിങ് ബലാത്സംഗം ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബലാത്സംഗം ചെയ്ത കാര്യം ഭൂപ് സിങ് ഭാര്യയോടും മകനോടും പറഞ്ഞിരുന്നില്ലെന്നും കുറ്റസമ്മത മൊഴിയില്‍ പറയുന്നതായും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

കുറച്ച് സമയത്തിന് ശേഷം, ഭൂപ് സിങ് അരുണിനെ മുകളിലത്തെ മുറിയിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മൃതദേഹം കുഴിച്ചിട്ടതായും പൊലീസ് പറയുന്നു. തെരുവില്‍ കുഴി ഉണ്ടാക്കി അതിലിട്ടാണ് മൃതദേഹം മൂടിയത്. തുടര്‍ന്ന് കുഴി മലിനജല സംവിധാനത്തിനാണ് നിര്‍മ്മിച്ചതെന്ന് പറഞ്ഞു അയല്‍വാസികളെ പ്രതികള്‍ വിശ്വസിപ്പിച്ചു. യുവതിയെ കാണാതായ രണ്ടുമാസക്കാലം ഇക്കാര്യം ഭര്‍തൃവീട്ടുകാര്‍ മറച്ചുവെച്ചുവെന്നും പൊലീസ് പറയുന്നു. രണ്ടുവര്‍ഷം മുന്‍പായിരുന്നു അരുണുമായുള്ള യുവതിയുടെ വിവാഹം.

Summary

Faridabad woman's murder case: husband, mother-in-law, father-in-law involved

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates