പാകിസ്ഥാന്‍ വ്യോമപാതക്ക് പകരം ബദല്‍പാതകള്‍ തേടി ഇന്ത്യ; ചൈനയുമായി ചര്‍ച്ച, റിപ്പോര്‍ട്ട്

India in talks with China for alternative route amid Pakistan airspace closure
പ്രതീകാത്മകചിത്രം
Edited by :Amal Joy
Last Updated :29 സെപ്റ്റംബർ 2026, 9:52 pm IST

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ വ്യോമപാത അടച്ചതിന് പിന്നാലെ ബദല്‍ മാര്‍ഗങ്ങള്‍ തേടി ഇന്ത്യ. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ചൈനയുടെ വ്യോമപാത ഉപയോഗിക്കുന്നത് സംബന്ധിച്ച് ചൈനയുമായി ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ട്. 17 മാസത്തിലേറെയായി പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മേഖലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചൈനീസ് ഉദ്യോഗസ്ഥരുമായുള്ള പലവട്ട ചര്‍ച്ചകളിലും, ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയായ ഷിന്‍ജിയാങ്ങിലെ ഹോതാനിന് മുകളിലൂടെ വ്യോമപാത ഉപയോഗിക്കാനുള്ള സാധ്യത ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് പരിശോധിച്ചിട്ടുണ്ടെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്‍ വ്യോമപാത അടച്ചിട്ടിരിക്കുന്നതുമൂലമുള്ള പ്രതിസന്ധി ലഘൂകരിക്കുന്നതിനായി ചൈനയുടെ സിന്‍ജിയാങ് പ്രദേശത്തിന് മുകളിലൂടെയുള്ള ബദല്‍ വ്യോമപാതയെക്കുറിച്ച് ഇന്ത്യ ആലോചിച്ചുവരികയാണെന്ന് വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തെയും തുടര്‍ന്നുണ്ടായ സൈനിക സംഘര്‍ഷങ്ങളെയും തുടര്‍ന്ന് 2025 ഏപ്രില്‍ മുതലാണ് പാക് വ്യോമപാത ഇന്ത്യയ്ക്കായി അടച്ചത്. രണ്ടാഴ്ച മുന്‍പ് ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത വിലക്ക് പാകിസ്ഥാന്‍ ഒരു മാസത്തേക്ക് വീണ്ടും നീട്ടി. ഒക്ടോബര്‍ 24 വരെയാണ് നിലവില്‍ നിയന്ത്രണമുള്ളത്.

പാക് വ്യോമപാത അടച്ചതോടെ യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ അറബിക്കടല്‍ വഴി മസ്‌കറ്റിലേക്ക് വഴിതിരിച്ചുവിടേണ്ടിവന്നു. ഇതുമൂലം വിമാനങ്ങളുടെ യാത്രാസമയത്തില്‍ 45 മിനിറ്റ് മുതല്‍ രണ്ടു മണിക്കൂര്‍വരെ വര്‍ധനയുണ്ടായിട്ടുണ്ട്. ഇത് വിവിധ സര്‍വീസുകളുടെ പ്രവര്‍ത്തനച്ചെലവും ഇന്ധന ഉപഭോഗവും വര്‍ധിപ്പിക്കുന്നതിന് കാരണമായി.

News Now

Summary

India in talks with China for alternative route amid Pakistan airspace closure

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates