'ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ വഴിമുട്ടി'; വിട്ടുവീഴ്ചകള്‍ക്ക് പരിധിയുണ്ടെന്ന് നിര്‍മല സീതാരാമന്‍

കസ്റ്റംസ് തീരുവ വ്യാപാരക്കമ്മി കുറയ്ക്കുന്നതിനുള്ള ആയുധമായി ഉപയോഗിക്കപ്പെടുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്നും മന്ത്രി

Nirmala Sitharaman
Nirmala Sitharaman
Last Updated :5 October 2026, 9:37 pm IST
Edited by :ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാര കരാര്‍ ചര്‍ച്ചകള്‍ വഴിമുട്ടിയെന്നും ഇരുരാജ്യങ്ങള്‍ക്കും ഇനിയങ്ങോട്ട് വിട്ടുവീഴ്ചകള്‍ ചെയ്യുന്നതിന് പരിമിതികളുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും ഇരുവിഭാഗവും എത്തിനില്‍ക്കുന്ന ഘട്ടത്തില്‍ നിന്ന് ഇനി വിട്ടുനല്‍കാനോ നേടാനോ ഏറെ പ്രയാസകരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എങ്കിലും ഇരുരാജ്യങ്ങളും താത്പര്യം കാണിച്ചാല്‍ ഇനിയും ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടന്ന മ്യൂണിക് ലീഡേഴ്‌സ് മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരത്തിലെ കമ്മിയാണ് അമേരിക്കയുടെ പ്രധാന ആശങ്കയെന്ന് ധനമന്ത്രി പറഞ്ഞു. വ്യാപാര പങ്കാളിത്തം നിലവില്‍ ഇന്ത്യയ്ക്ക് അനുകൂലമാണ്. വര്‍ഷങ്ങളായി നേരിടുന്ന വ്യാപാരക്കമ്മി നികത്താനാണ് യുഎസ് ശ്രമിക്കുന്നത്. മുന്‍പ് ചര്‍ച്ചകളിലൂടെയും വിപണിയിലെ വിട്ടുവീഴ്ചകളിലൂടെയുമാണ് രാജ്യങ്ങള്‍ ഇത്തരം വ്യാപാരക്കമ്മികള്‍ പരിഹരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയെന്നും, കസ്റ്റംസ് തീരുവ വ്യാപാരക്കമ്മി കുറയ്ക്കുന്നതിനുള്ള ആയുധമായി ഉപയോഗിക്കപ്പെടുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്നും മന്ത്രി നിരീക്ഷിച്ചു. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 2014ന് ശേഷം വന്‍തോതില്‍ വര്‍ധിച്ച കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി.

ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് പ്രാധാന്യമുള്ള വസ്ത്ര നിര്‍മാണം, പാദരക്ഷകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ തൊഴിലധിഷ്ഠിത മേഖലകളില്‍ കൂടുതല്‍ വിപണി ലഭിക്കുന്നത് രാജ്യത്ത് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും, യൂറോപ്യന്‍ യൂണിയന്‍ പോലെയുള്ള വലിയ വിപണികളിലേക്ക് ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രവേശനം ലഭിക്കുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ വാഷിംഗ്ടണില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഉഭയകക്ഷി വാണിജ്യ കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. 2030-ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറിലധികമായി ഉയര്‍ത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം. കരാര്‍ ഉടന്‍ ഉണ്ടാകില്ലെന്ന് യുഎസ് ട്രേഡ് പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ ഈമാസം 1ന് സൂചിപ്പിച്ചിരുന്നു. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 5 വരെ വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ ചര്‍ച്ചകള്‍ക്കായി യുഎസില്‍ എത്തിയിരുന്നു. ഇറക്കുമതി തീരുവ, വിപണി പ്രവേശനം, വ്യാപാര കമ്മി എന്നിവയിലാണ് ഇരുപക്ഷവും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

News Now

Summary

India-US Trade Talks Hit Plateau as Room for Concessions Shrinks, Says Sitharaman

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates