ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ ധാരണ; 10,000 കോടി ഡോളര്‍ വ്യാപാര ലക്ഷ്യവുമായി മോദിയും പുടിനും

റഷ്യയില്‍ കൂടുതല്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അവസരങ്ങള്‍ ഉറപ്പാക്കുന്നതും ചര്‍ച്ചയായി

modi, putin brics 2026
Modi-Putin Meet: $100B Trade Target, Defence & Ukraine on AgendaX/ @MEAIndia
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :11 സെപ്റ്റംബർ 2026, 6:54 pm IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടന്ന ഉന്നതതല കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, പ്രതിരോധ സഹകരണം, ഊര്‍ജ്ജ സുരക്ഷ, യുക്രൈന്‍ പ്രതിസന്ധി എന്നിവയാണ് ചര്‍ച്ചകളില്‍ പ്രധാനമായും ഇടംപിടിച്ചത്.

വിവിധ രംഗങ്ങളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നെന്ന് വിദേശകാര്യ വുക്താവ് രണ്‍ധിര്‍ ജയ്‌സ്വാള്‍ എക്‌സില്‍ കുറിച്ചു. വ്യാപാര സഹകരണത്തിനു പുറമെ സമാധാന ശ്രമങ്ങളുടെ ഭാഗമാകാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ന്യൂഡല്‍ഹിയില്‍ വെച്ചാണ് നിര്‍ണായക ഉഭയകക്ഷി ചര്‍ച്ച നടന്നത്. കൂടിക്കാഴ്ചയുടെ തുടക്കത്തില്‍, തമിഴ് ക്ലാസിക് കൃതിയായ തിരുക്കുറലിന്റെ റഷ്യന്‍ പരിഭാഷ പ്രധാനമന്ത്രി പുടിന് സമ്മാനിച്ചു.

2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 10,000 കോടി ഡോളറിലേക്ക് എത്തിക്കുകയെന്നത് ചര്‍ച്ചകളിലെ പ്രധാന അജണ്ടയായി. ഊര്‍ജ്ജം, പ്രതിരോധം എന്നിവയ്ക്ക് പുറമെ ഫാാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍ ഘടകങ്ങള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ത്യന്‍ കയറ്റുമതി വര്‍ധിപ്പിക്കാനും റഷ്യന്‍ വിപണിയില്‍ കൂടുതല്‍ പ്രവേശനം നേടാനും ഇന്ത്യ ലക്ഷ്യമിടുന്നു. പരമ്പരാഗത മേഖലയായ പ്രതിരോധ സഹകരണവും ഊര്‍ജ്ജ സുരക്ഷയും കൂടിക്കാഴ്ചയില്‍ വിശദമായി അവലോകനം ചെയ്തു. റഷ്യന്‍ ഇന്ധന വിതരണം സുഗമമാക്കുന്നതിനും തന്ത്രപ്രധാനമായ സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ഇരുനേതാക്കളും ചര്‍ച്ച നടത്തി.

റെയില്‍വേ, ടണലിങ്, ക്രിട്ടിക്കല്‍ മിനറല്‍സ് എന്നിവയില്‍ സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചു. കൂടാതെ, റഷ്യയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കുന്നതും ചര്‍ച്ചയായി. ആണവ ഇന്ധന സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. യുക്രൈന്‍ വിഷയത്തില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചുറപ്പിച്ചു. 'അവസാനമില്ലാത്ത യുദ്ധം' അവസാനിപ്പിക്കണമെന്നും യുദ്ധക്കളത്തിലല്ല, ചര്‍ച്ചകളിലൂടെയാണ് പരിഹാരം കണ്ടെത്തേണ്ടതെന്നും നേരത്തെ മോദി വ്യക്തമാക്കിയ നിലപാട് അദ്ദേഹം ഈ കൂടിക്കാഴ്ചയിലും ചൂണ്ടിക്കാണിച്ചു.

News Now

Summary

Modi-Putin Talks Focus on $100 Billion Trade Target, Defence, and Ukraine Conflict

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates