മഹാരാഷ്ട്രയിലെ 265 താലൂക്കുകളില്‍ വരള്‍ച്ച, 74% പ്രദേശത്ത് ജലക്ഷാമം; ആശ്വാസ നടപടി പ്രഖ്യാപിച്ച് സര്‍ക്കാര്‍

വരള്‍ച്ച ബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ഭൂനികുതിയില്‍ ഇളവ് നല്‍കും

draught
Maharashtra Declares Drought In 74% Of State, 265 Of 358 Talukas AffectedRepresentational Image
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :26 സെപ്റ്റംബർ 2026, 3:54 pm IST

മുംബൈ: മഹാരാഷ്ട്രയില്‍ കടുത്ത വരള്‍ച്ച. സംസ്ഥാനത്തെ ആകെയുള്ള 358 താലൂക്കുകളില്‍ 265ലും വരള്‍ച്ച ബാധിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ആകെ താലൂക്കുകളുടെ 74 ശതമാനത്തോളം വരുമിത്. വരള്‍ച്ചാ മാനേജ്മെന്റ് മാനുവല്‍ അനുസരിച്ചുള്ള 'ട്രിഗര്‍-1' വ്യവസ്ഥകള്‍ സംസ്ഥാനത്ത് നടപ്പിലാക്കിയാണ് സര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയത്. 25 ശതമാനത്തിലധികം മഴക്കുറവും, തുടര്‍ച്ചയായി 21 ദിവസത്തോളം മഴ ലഭിക്കാത്ത സാഹചര്യവുമാണ് ട്രിഗര്‍-1 പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചത്.

വിവിധ ആശ്വാസ നടപടികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വരള്‍ച്ച ബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ഭൂനികുതിയില്‍ ഇളവ് നല്‍കും. കാര്‍ഷിക കടങ്ങളുടെ തിരിച്ചടവ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും വിള വായ്പകള്‍ പുനഃക്രമീകരിക്കാനും ഉത്തരവിട്ടിട്ടുണ്ട്. 7.5 ഹോഴ്‌സ്പവര്‍ വരെയുള്ള കാര്‍ഷിക പമ്പുകളുടെ വൈദ്യുതി ബില്ലുകള്‍ ഇതിനകം ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ഉയര്‍ന്ന ശേഷിയുള്ള പമ്പുകള്‍ക്കും ഇളവുകള്‍ ലഭിക്കും. വെള്ളം ലഭ്യമല്ലാത്ത ഗ്രാമങ്ങളിലെ കാര്‍ഷിക പമ്പുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കില്ല.

വരള്‍ച്ചാബാധിത പ്രദേശങ്ങളിലുള്ള സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ പരീക്ഷാ ഫീസുകള്‍ ഒഴിവാക്കി നല്‍കും. തൊഴിലുറപ്പ് പദ്ധതിയുടെ ചട്ടങ്ങളില്‍ ഇളവ് വരുത്തി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കൃഷിയെ ആശ്രയിച്ചു കഴിയുന്ന കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കും.

കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും കാലിത്തീറ്റയ്ക്കും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളില്‍ ടാങ്കറുകള്‍ വഴി വെള്ളം എത്തിക്കും. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും വിപുലമായ രീതിയില്‍ നടപ്പാക്കും. വിളനാശം കൃത്യമായി വിലയിരുത്തുന്നതിനായി ഫോട്ടോകളും ജിപിഎസ് കോര്‍ഡിനേറ്റുകളും ശേഖരിച്ച് എത്രയും വേഗം നഷ്ടപരിഹാര കണക്കുകള്‍ സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

News Now

Summary

Maharashtra Declares Drought in 74% of State, 265 Talukas Affected

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates