ഉത്തര്‍പ്രദേശില്‍ രണ്ടു വയസുകാരിയെ അച്ഛന്‍ കഴുത്തുഞെരിച്ച് കൊന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:41 am IST

News Now

ലക്‌നൗ:  ഉത്തര്‍പ്രദേശില്‍ രണ്ടു വയസുകാരിയെ അച്ഛന്‍ കഴുത്തുഞെരിച്ച് കൊന്നു. കൊലപാതകത്തിന് ശേഷം കുഞ്ഞിനെ മൂത്ത മകള്‍ക്ക് കൈമാറി. കുട്ടിയുടെ മൃതദേഹം വഹിച്ച് മൂത്തമകള്‍ അച്ഛന്റെ ബൈക്കില്‍ വരുന്നത് കണ്ട നാട്ടുകാര്‍ ഞെട്ടി. നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച യുവാവിനെ പിന്നീട് പൊലീസിന് കൈമാറി.

ഗോരഖ്പൂറിലാണ് നാടിനെ നടുക്കിയ സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. പ്രതി രമേഷ് മദ്യപിച്ച് ഭാര്യയെ തല്ലുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉപദ്രവം സഹിക്കാന്‍ വയ്യാതെ വന്നതോടെ ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. കൂടെ മൂന്ന് മക്കളെയും കൂട്ടി. ഇഷ്ടിക ചൂളയിലാണ് ഭാര്യയ്ക്ക് ജോലി.

ഭാര്യയ്ക്ക് സുഖമില്ല എന്ന വിവരം അറിഞ്ഞാണ് യുവാവ് വീട്ടില്‍ എത്തിയത്. മൂന്ന് കുട്ടികളെയും ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി. തിരിച്ച് വീട്ടില്‍ രണ്ടു വയസുകാരിയായ ശ്രേയയുടെ മൃതദേഹവുമായാണ് എത്തിയത്. എട്ടു വയസുകാരിയായ മൂത്തമകള്‍ കാജല്‍ കുട്ടിയെ കൈയില്‍ എടുത്തിരിക്കുന്ന നിലയിലാണ് വീട്ടില്‍ എത്തിയത്. ഇത് കണ്ട നാട്ടുകാര്‍ പ്രകോപിതരാകുകയും യുവാവിനെ മര്‍ദ്ദിക്കുകയുമായിരുന്നു.

അനുജത്തിയെ അച്ഛനാണ് കൊന്നതെന്ന് കാജല്‍ പൊലീസിന് മൊഴി നല്‍കി. അച്ഛന്‍ ബൈക്കില്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി. രാത്രിയില്‍ തോട്ടത്തിലാണ് കഴിഞ്ഞത്. അവിടെ വച്ച് ശ്രേയയെ ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നു എന്നതാണ് കാജലിന്റെ മൊഴി. കുട്ടിയുടെ കരച്ചില്‍ കേട്ടാണ് എഴുന്നേറ്റത്. ശ്രേയ തന്റെ കുട്ടിയല്ല എന്ന് അച്ഛന്‍ ഇടയ്ക്കിടെ പറയാറുണ്ടെന്നും കാജല്‍ പൊലീസിനോട് പറഞ്ഞു.കൊലപാതകം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates