അമ്മയുടെ മടിയില്‍നിന്ന് എടുത്തുകൊണ്ടുപോയി, പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തു; യുവാവിന് മരണം വരെ തടവുശിക്ഷ

പ്രതി ഒരു കരുണയും അര്‍ഹിക്കുന്നില്ലെന്നും അവസാന ശ്വാസം വരെ തടവറയില്‍ കഴിയണമെന്നും കോടതി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST

ബുലന്ദ്ശഹര്‍ (യുപി): അയല്‍വീട്ടിലെ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത ഇരുപതുകാരന് കോടതി മരണം വരെ തടവുശിക്ഷ വിധിച്ചു. അഡീഷനല്‍ സെഷന്‍സ് ജഡ്ജി പല്ലവി അഗര്‍വാള്‍ ആണ് പോക്‌സോ കേസില്‍ ശിക്ഷ വിധിച്ചത്. 

പ്രതി ഒരു കരുണയും അര്‍ഹിക്കുന്നില്ലെന്നും അവസാന ശ്വാസം വരെ തടവറയില്‍ കഴിയണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. തടവുശിക്ഷയ്ക്കു പുറമേ അന്‍പതിനായിരം രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ ജൂലൈയിലാണ് നാടിനെ നടുക്കിയ സംഭവം. കുഞ്ഞിനെ കളിപ്പിക്കാനെന്ന ഭാവത്തില്‍ അയല്‍വാസി തന്റെ മടിയില്‍നിന്നാണ് എടുത്തുകൊണ്ടുപോയതെന്ന് അമ്മ കോടതിയില്‍ പറഞ്ഞു. ഒരു മണിക്കൂറിനു ശേഷം തിരികെ കൊണ്ടുവന്നപ്പോള്‍ കുഞ്ഞിന്റെ വസ്ത്രം ചോരയില്‍ കുതിര്‍ന്നിരുന്നുവെന്ന് അമ്മ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് രണ്ടു ശസ്ത്രക്രിയകള്‍ വേണ്ടിവന്നു.

അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ ഐപിസി 376, പോക്‌സോ കുറ്റങ്ങളാണ് ചുമത്തിയത്. 21 ദിവസം കൊണ്ടു കുറ്റപത്രം നല്‍കിയ കേസില്‍ അഞ്ചു മാസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്.

News Now