മുംബൈ കോസ്റ്റൽ റോഡിൽനിന്ന് ബിഎംഡബ്ല്യു കാർ 75 അടി താഴ്ചയിലേക്ക് പതിച്ചു: മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ഡിവൈഡർ തകർത്ത് താഴേക്ക് പതിച്ചത് അമിതവേഗത്തിലെത്തിയ ആഡംബര കാർ

 Mumbai Coastal Road BMW Accident
Mumbai Coastal Road BMW AccidentScreen Grab|ANI Video
Edited by :Damodaran K
Last Updated :20 സെപ്റ്റംബർ 2026, 12:09 pm IST

മുംബൈ: മുംബൈയിലെ കോസ്റ്റൽ റോഡിൽ അമിതവേഗത്തിലെത്തിയ ആഡംബര ബിഎംഡബ്ല്യു കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് 75 അടി താഴ്ചയിലേക്ക് പതിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരു വിദ്യാർഥി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച പുലർച്ചെ 5.20-ഓടെ ലാലാ ലജ്പത് റായ് കോളജിന് എതിർവശമുള്ള ലോട്ടസ് ജെട്ടിക്ക് സമീപമാണ് അപകടം. മറൈൻ ഡ്രൈവിൽനിന്ന് ഹാജി അലി ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. അമിതവേഗതയിൽ സഞ്ചരിക്കുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കോസ്റ്റൽ റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും തുടർന്ന് ബാരിക്കേഡ് തകർത്ത് ഫ്ലൈഓവറിൽനിന്ന് 75 അടിയോളം താഴ്ചയിലേക്ക് കൂപ്പുകുത്തുകയുമായിരുന്നുവെന്ന് കോസ്റ്റൽ റോഡ് കൺട്രോൾ റൂം അധികൃതർ വ്യക്തമാക്കി.

അപകടം നടന്നയുടൻ കാറിലുണ്ടായിരുന്ന നാല് വിദ്യാർഥികളെയും സമീപത്തെ നായർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേർ മരണത്തിന് കീഴടങ്ങിയിരുന്നു. ഷനായ് ഗജ്ജൽ (21), ധൈര്യ സേത്ത് (17), ആദിത്യ ജകമാനിയ (19) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആദിത്യ ഓസ്വാൾ (23) നായർ ആശുപത്രിയിലെ ട്രോമ വാർഡിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നാലുപേരും വിദ്യാർഥികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അമിതവേഗതയാണോ അതോ വാഹനത്തിന്റെ സാങ്കേതിക തകരാറാണോ അപകടത്തിന് വഴിവെച്ചതെന്ന് വ്യക്തമാക്കാൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സൗത്ത് മുംബൈയിലെ മറൈൻ ഡ്രൈവിനെ ബാന്ദ്ര-വർളി സീ ലിങ്കുമായി ബന്ധിപ്പിക്കുന്ന 10.58 കിലോമീറ്റർ നീളമുള്ള എക്സ്പ്രസ് വേയാണ് മുംബൈ കോസ്റ്റൽ റോഡ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് നവി മുംബൈയിലെ വാശി പികെസി ആശുപത്രിക്ക് സമീപം അമിതവേഗത്തിലെത്തിയ എസ്‌യുവി ഇടിച്ച് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

News Now

Summary

In a horrific road accident early Sunday morning, three students were killed and another critically injured after their speeding BMW crashed through a highway divider and plunged nearly 75 feet from Mumbai's elevated Coastal Road

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates