
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി: അറ്റോർണി ജനറലിന്റെ അനുമതി തേടി സുപ്രീം കോടതി അഭിഭാഷകൻ
കമ്മീഷണർമാരെ മറികടന്ന് ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്ന് പരാതി; ടി.എൻ. ശേഷൻ കേസിലെ വിധി ലംഘിച്ചെന്ന് ആരോപണം

ന്യൂഡൽഹി: സുപ്രീം കോടതി മുൻ ഉത്തരവുകൾ ലംഘിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊണ്ടുവെന്നാരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടിക്ക് നീക്കം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനായ ബ്രജേഷ് സിങ് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിക്ക് കത്തയച്ചു. കോടതി അലക്ഷ്യ നിയമത്തിലെ സെക്ഷൻ 15(1)(ബി) പ്രകാരമാണ് അഭിഭാഷകൻ അറ്റോർണി ജനറലിന്റെ അനുമതി തേടിയത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളായ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരുടെ അറിവോ സമ്മതമോ ഇല്ലാതെ കഴിഞ്ഞ പത്തുമാസത്തിനിടെ നിർണ്ണായകമായ പതിനാലോളം തീരുമാനങ്ങൾ കമ്മീഷൻ ഏകപക്ഷീയമായി കൈക്കൊണ്ടുവെന്ന മാധ്യമ അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. സമ്മതിദായകരുടെ രജിസ്ട്രേഷനുള്ള ഫോം-6 ലെ മാറ്റങ്ങൾ, വോട്ടർപട്ടികയിൽ പേരുകൾ ചേർക്കുന്നതിലും ഒഴിവാക്കുന്നതിലും വരുത്തിയ പരിഷ്കാരങ്ങൾ, വോട്ടർപട്ടികയുടെ ഡാറ്റാബേസ് കേന്ദ്രീകരണവും അതിന്റെ ലഭ്യതയിൽ വരുത്തിയ നിയന്ത്രണങ്ങളും ഉൾപ്പെടെയുള്ള നടപടികളിൽ കമ്മീഷണർമാർ കടുത്ത എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ നടപടികൾ 'അധികാരമില്ലാത്തതും നിയമവിരുദ്ധവുമാണ്' എന്നാണ് കമ്മീഷണർമാർ വിശേഷിപ്പിച്ചതെന്നും, ഇത് കമ്മീഷന്റെ ഭരണഘടനാപരമായ പ്രവർത്തന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അറ്റോർണി ജനറലിന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നത് ഒരു ബഹുരംഗ സമിതിയാണെന്നും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ മറ്റ് കമ്മീഷണർമാർക്ക് തുല്യനായ ഒന്നാമൻ (primus inter pares) മാത്രമാണെന്നും പരമാധികാരിയല്ലെന്നും ചരിത്രപ്രസിദ്ധമായ ടി.എൻ. ശേഷൻ കേസിലെ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. മുഖ്യ കമ്മീഷണർ ഭരണഘടനാ സ്ഥാപനത്തേക്കാൾ വലിയ ആളല്ലെന്നും, സമിതിയുടെ തീരുമാനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണെന്നും ചെയർമാന്റേത് മാത്രമല്ലെന്നും വ്യക്തമാക്കിയ മുൻ ഉത്തരവുകൾ നിലനിൽക്കെയാണ് ഏകപക്ഷീയമായ നീക്കങ്ങൾ നടന്നതെന്ന് അഭിഭാഷകൻ ആരോപിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ ഉറപ്പാക്കാൻ കമ്മീഷന്റെ സ്വയംഭരണാധികാരം അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കിയ 2023-ലെ അനൂപ് ബരൺവാൾ കേസിലെ വിധിക്ക് വിരുദ്ധമായി മറ്റ് കമ്മീഷണർമാരെ നോക്കുകുത്തിയാക്കി 'ഫുൾ കമ്മീഷൻ' എന്ന പേരിൽ ഉത്തരവുകൾ ഇറക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 141 പ്രകാരമുള്ള ഉത്തരവുകളുടെ ബോധപൂർവ്വമായ ലംഘനമാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയുണ്ടെന്ന മാധ്യമ വാർത്തകൾ തെറ്റാണെന്നും കരട് ഘട്ടത്തിൽ ഉദ്യോഗസ്ഥർ തമ്മിൽ നടത്തുന്ന സാധാരണ പരിശോധനകളും അഭിപ്രായപ്രകടനങ്ങളും മാത്രമാണിതെന്നും കമ്മീഷൻ വിശദീകരിച്ചു. എല്ലാ തീരുമാനങ്ങളും യോജിപ്പോടെയാണ് എടുക്കുന്നതെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023-ലെ കേന്ദ്ര നിയമത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതിന് തൊട്ടുപിന്നാലെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടിയുമായി അഭിഭാഷകൻ രംഗത്തെത്തിയിരിക്കുന്നത്. അറ്റോർണി ജനറൽ അനുമതി നൽകിയാൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതിയുടെ മുൻപാകെ എത്തും.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
A Supreme Court advocate has sought the statutory consent of Attorney General R. Venkataramani to initiate criminal contempt of court proceedings against Chief Election Commissioner (CEC) Gyanesh Kumar, alleging deliberate non-compliance with apex court verdicts regarding the multi-member functioning of the Election Commission of India
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ്: സ്റ്റേ നൽകാൻ വിസമ്മതിച്ച് സുപ്രീം കോടതി; വിശദമായ സത്യവാങ്മൂലം നൽകാൻ നിർദ്ദേശം

വോട്ടർപട്ടിക പുതുക്കലിൽ ഗുരുതര നിയമലംഘനം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി



