ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ചെയർപേഴ്സൺ സ്ഥാനാർഥിക്ക് കിട്ടിയത് 'പൂജ്യം' വോട്ട്: ബിജെപിക്ക് തിരിച്ചടി

സ്വന്തം പാർട്ടി സ്ഥാനാർഥിയെ കൈയൊഴിഞ്ഞ് അംഗങ്ങൾ; വിമതനായ സ്വതന്ത്രന് 12 വോട്ട്;

Mundwa Municipal Election BJP Setback
Mundwa Municipal Election BJP Setbackഫയൽ
Edited by :Damodaran K
Last Updated :22 സെപ്റ്റംബർ 2026, 10:51 am IST

ജയ്പൂർ: രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ മുണ്ട്വ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയും നാണക്കേടും. 25 വാർഡുകളുള്ള നഗരസഭയിൽ പത്ത് സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും, ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥിക്ക് സ്വന്തം കൗൺസിലർമാരുടെ വോട്ടുപോലും ലഭിക്കാതെ പോയതാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചത്. ഔദ്യോഗിക ബിജെപി സ്ഥാനാർഥിയായ ഗീതാ ദേവിക്ക് 'പൂജ്യം' വോട്ട് ലഭിച്ചപ്പോൾ, കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിസ്ഥാനാർഥി അൽക്കാ ദേവി കണ്ടോയി അട്ടിമറി വിജയം നേടി.

കൗൺസിലർമാരുടെ എണ്ണത്തിൽ വ്യക്തമായ ആധിപത്യം ഉണ്ടായിരുന്നിട്ടും സ്വന്തം അംഗങ്ങൾ ഒന്നടങ്കം വിമത നീക്കം നടത്തിയതാണ് ബിജെപിക്ക് തിരിച്ചടിയായത്. 25 അംഗ മുണ്ട്വ മുൻസിപ്പാലിറ്റിയിൽ ബിജെപി 10, ആർഎൽപി ഏഴ്, കോൺഗ്രസ് മൂന്ന്, സ്വതന്ത്രർ അഞ്ച് എന്നിങ്ങനെയായിരുന്നു കക്ഷിനില. ചെയർപേഴ്സൺ സ്ഥാനത്തേക്ക് പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് ബിജെപി വിട്ട് സ്വതന്ത്രനായി മത്സരിച്ച ഘൻശ്യാം സദാവത്തിന് (വിക്കി) പിന്തുണ നൽകാൻ ബിജെപി കൗൺസിലർമാർ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഔദ്യോഗിക സ്ഥാനാർഥിയായ ഗീതാ ദേവിക്ക് സ്വന്തം പാർട്ടിയുടെ പത്ത് കൗൺസിലർമാരിൽ ഒരാളുടെ പോലും പിന്തുണ ലഭിക്കാതെ വോട്ട് പൂജ്യത്തിലൊതുങ്ങി.

ബിജെപിയുടെ ആഭ്യന്തര ഭിന്നത മുതലെടുത്ത് കോൺഗ്രസും ഹനുമാൻ ബെനിവാളിന്റെ ആർഎൽപിയും പരസ്പരം കൈകോർക്കുകയായിരുന്നു. മൂന്ന് അംഗങ്ങളുള്ള കോൺഗ്രസും ഏഴ് അംഗങ്ങളുള്ള ആർഎൽപിയും ചേർന്നപ്പോൾ പത്ത് വോട്ടുകളാണ് സഖ്യത്തിന് ഉറപ്പായിരുന്നത്. എന്നാൽ വോട്ടെടുപ്പിൽ മൂന്ന് സ്വതന്ത്രരുടെ കൂടി പിന്തുണ നേടിയെടുക്കാൻ ഇവർക്ക് സാധിച്ചു. ഇതോടെ 13 വോട്ടുകൾ നേടി അൽക്കാ ദേവി കണ്ടോയി വിജയിക്കുകയായിരുന്നു.

ബിജെപി ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് കളത്തിലിറങ്ങിയ വിമത സ്വതന്ത്രൻ ഘൻശ്യാം സദാവത്തിന് പത്ത് ബിജെപി അംഗങ്ങളുടെയും രണ്ട് സ്വതന്ത്രരുടെയും ഉൾപ്പെടെ 12 വോട്ടുകൾ ലഭിച്ചെങ്കിലും ഒരു വോട്ടിന്റെ വ്യത്യാസത്തിൽ പരാജയം സമ്മതിക്കേണ്ടിവന്നു. വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് എത്താൻ സാധ്യതയുണ്ടായിരുന്ന ഒരു നഗരസഭയിൽ സ്വന്തം കൗൺസിലർമാരെ ഒപ്പം നിർത്താൻ കഴിയാതെ പോയതും ഔദ്യോഗിക ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർഥിക്ക് സ്വന്തം വോട്ടുപോലും പെട്ടിയിലാക്കാൻ സാധിക്കാതെ വന്നതും രാജസ്ഥാനിലെ ബിജെപി നേതൃത്വത്തിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.

News Now

Summary

In a dramatic political upset, the Bharatiya Janata Party (BJP) faced an embarrassing setback in Rajasthan's Nagaur district during the chairperson election for the Mundwa Municipality

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates