ശ്രദ്ധാവാല്‍ക്കര്‍ കൊലക്കേസ് പ്രതി അഫ്താബ്, ബിഷ്‌ണോയ് സംഘത്തിന്റെ ഹിറ്റ് ലിസ്റ്റില്‍, റിപ്പോര്‍ട്ട്

ഗായകന്‍ സിദ്ധുമൂസെവാലെയുടെ മാനേജര്‍ ഷാഗന്‍പ്രീത് സിങും ഹിറ്റ് ലിസ്റ്റിലുണ്ട്

Shraddha Walker murder
അഫ്താബ് പൂനെവാല, ശ്രദ്ധ വാല്‍ക്കര്‍ഫയല്‍
Last Updated :15 November 2024, 4:36 pm IST
Edited by :jayakumarna

മുംബൈ: ശ്രദ്ധ വാല്‍ക്കറെന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഫ്താബ് പൂനെവാലെ കുപ്രസിദ്ധ അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ഹിറ്റ് ലിസ്റ്റില്‍. എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍മന്ത്രിയുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷാര്‍പ്പ് ഷൂട്ടര്‍മാരെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് ഈ വിവരം ലഭിച്ചത്.

എന്നാല്‍ മുംബൈ പൊലീസില്‍ നിന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അഫ്താബ് പൂനെവാലയെ പാര്‍പ്പിച്ചിട്ടുള്ള തിഹാര്‍ ജയിലിലെ അധികൃതര്‍ പറഞ്ഞു. എങ്കിലും വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജയില്‍ അധികൃതര്‍ അഫ്താബിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

2022 മെയ് മാസത്തിലാണ് ഡല്‍ഹിയെ നടുക്കിയ കൊലപാതകം നടന്നത്. 27 കാരിയായ ശ്രദ്ധ വാല്‍ക്കര്‍ എന്ന യുവതിയെ പങ്കാളിയായ അഫ്താബ് പൂനെവാലെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം 35 കഷണങ്ങളാക്കി വീട്ടിലെ റഫ്രിജറേറ്ററില്‍ 20 ദിവസത്തോളം സൂക്ഷിച്ചു. ഇതിനിടെ ഓരോ ഭാഗങ്ങളായി മെഹ്‌റോളിയിലെ വനപ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍ പലപ്പോഴായി ഉപേക്ഷിക്കുകയായിരുന്നു.

കൊല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ധുമൂസെവാലെയുടെ മാനേജര്‍ ഷാഗന്‍പ്രീത് സിങും ബിഷ്‌ണോയ് സംഘത്തിന്റെ ഹിറ്റ് ലിസ്റ്റിലുണ്ട്. സിദ്ധുമൂസെവാലെയെയും ബിഷ്‌ണോയ് സംഘമാണ് കൊലപ്പെടുത്തിയത്. നിലവില്‍ ഗുരുഗ്രാമില്‍ തടവില്‍ കഴിയുന്ന ഗുണ്ടാ നേതാവ് കൗശല്‍ ചൗധരി, എതിര്‍ ഗുണ്ടാ സംഘത്തില്‍പ്പെട്ട അമിത് ദാഗര്‍ എന്നിവരും ബിഷ്‌ണോയ് ഗ്രൂപ്പിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now