'അത്ര വികാരാധീനമായി എടുക്കേണ്ടതില്ല'; കോക്രോച്ച് പാര്‍ട്ടി വിവാദം സുപ്രീംകോടതിയില്‍, അടിയന്തര വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് ചീഫ് ജസ്റ്റിസ്

കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിനെതിരെ നടപടി വേണമെന്നാണ് ഒരു ഹര്‍ജിയിലെ ആവശ്യം.

Chief Justice of India Justice Surya Kant
Chief Justice of India Justice Surya Kant file
Edited by :ആതിര അഗസ്റ്റിന്‍
Last Updated :25 മേയ് 2026, 5:45 pm IST

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിവാദപരമായ പരാമര്‍ശങ്ങളെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ 'കോക്രോച്ച് ജനതാ പാര്‍ട്ടി' (സിജെപി) പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഇത്തരം കാര്യങ്ങളില്‍ അഭിഭാഷകര്‍ 'അത്രയ്ക്ക് വികാരാധീനരാകേണ്ടതില്ല' എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി.എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ കേസില്‍ അടിയന്തര സാഹചര്യം ഇല്ലെന്നും വേഗത്തില്‍ പരിഗണിക്കേണ്ടതില്ലെന്നും, യഥാസമയം പരിശോധിക്കുമെന്നും വ്യക്തമാക്കിയത്.

കോടതിയില്‍ സമര്‍പ്പിച്ച രണ്ട് പൊതുതാല്‍പ്പര്യ ഹര്‍ജികളെക്കുറിച്ച് അഭിഭാഷകര്‍ സൂചിപ്പിച്ചപ്പോഴാണ് കോടതിയുടെ നിരീക്ഷണം. കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിനെതിരെ നടപടി വേണമെന്നാണ് ഒരു ഹര്‍ജിയിലെ ആവശ്യം. പരിഹാസാത്മക രീതിയിലുള്ള കോക്രോച്ച് ജനതാ പാര്‍ട്ടി കാമ്പയിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാണ് രണ്ടാമത്തെ ഹര്‍ജിയിലെ ആവശ്യം. ഈ ഓണ്‍ലൈന്‍ പ്രസ്ഥാനം നീതിന്യായ വ്യവസ്ഥയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുകയാണെന്ന് അഭിഭാഷകനായ എന്‍ കെ ഗോസ്വാമി വാദിച്ചപ്പോഴാണ്, 'ഇത് അത്ര വികാരാധീനമായി എടുക്കേണ്ടതില്ല' എന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കിയത്.

അഭിഭാഷകരുടെ വ്യാജ ബിരുദവും സിജെപിയെ ലക്ഷ്യമിട്ടുമുള്ള ഹര്‍ജികളാണ് അഭിഭാഷകനായ രാജാ ചൗധരി സമര്‍പ്പിച്ചത്. വ്യാജ അഭിഭാഷകരെയും വ്യാജ നിയമ ബിരുദങ്ങളെയും കുറിച്ച് സിബിഎ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സമീപകാല സുപ്രീംകോടതി വാദങ്ങള്‍ക്കിടയിലെ കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍ സാമ്പത്തിക നേട്ടത്തിനായി പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

വ്യവസ്ഥിതിയെ ആക്രമിക്കുന്ന ഇത്തിക്കിള്‍ക്കണ്ണികള്‍ സമൂഹത്തില്‍ നേരത്തെയുണ്ട്, നിങ്ങള്‍ അവരോടൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നുണ്ടോ?' ശരിയായ ജോലിയോ തൊഴില്‍പരമായ ഇടമോ ലഭിക്കാത്ത പാറ്റകളെപ്പോലെയുള്ള ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരാകുന്നു, ചിലര്‍ സോഷ്യല്‍ മീഡിയാ പ്രവര്‍ത്തകരും വിവരാവകാശ പ്രവര്‍ത്തകരുമാകുന്നു. എന്നിട്ട് അവര്‍ എല്ലാവരെയും ആക്രമിക്കാന്‍ തുടങ്ങുന്നു, എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.

ഇതിനെതിരെയാണ് വ്യാപക പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലുയര്‍ന്നത്. ഇതേത്തുടര്‍ന്നാണ് സാമൂഹികരാഷ്ട്രീയ വിഷയങ്ങളെ പരിഹാസാത്മകമായി അവതരിപ്പിച്ച് കോക്രോച്ച് ജനത പാര്‍ട്ടി യുവാക്കള്‍ക്കിടയില്‍ വളരെവേഗം ശ്രദ്ധ പിടിച്ചുപറ്റിയത്. തുടര്‍ന്ന്, തന്റെ വാക്കുകള്‍ തെറ്റായി ഉദ്ധരിക്കപ്പെട്ടതാണെന്നും, തന്റെ പരാമര്‍ശം പൊതുവെ തൊഴിലില്ലാത്ത യുവാക്കള്‍ക്ക് എതിരല്ലെന്നും, മറിച്ച് 'വ്യാജ ബിരുദങ്ങള്‍' ഉപയോഗിച്ച് ഈ രംഗത്തേക്ക് കടന്നുവരുന്ന വ്യക്തികളെ ഉദ്ദേശിച്ചുള്ളതാണെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തത വരുത്തി.

News Now

Summary

The Supreme Court declined urgent hearings on petitions related to the satirical Cockroach Janta Party, and the CJI urged people to not get ‘so sentimental’.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates