മകന്‍ അയല്‍വാസിയായ പെണ്‍കുട്ടിയുമായി ഒളിച്ചോടിയതിന് അമ്മയെ അപമാനിച്ച് ആള്‍ക്കൂട്ടം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:57 am IST

News Now

വിരുദുനഗര്‍: മകന്‍ അയല്‍വാസിയായ പെണ്‍കുട്ടിയുമായി ഒളിച്ചോടിയതിന് അമ്മയെ അപമാനിച്ച് ആള്‍ക്കൂട്ടം. നാല്‍പ്പത്തിയഞ്ചുകാരിയായ സ്ത്രീയെ സാരി അഴിച്ചുമാറ്റി, വഴിയരികിലെ മരക്കുറ്റിയില്‍ കെട്ടിയിട്ടു. സംഭവവുമായി ബന്ധപ്പെട്ട് പതിനാലു പേര്‍ക്കെതിരെ കേസ് എടുത്തതായും രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ അറുപ്പുകോട്ടൈയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മീനാക്ഷി എന്ന നാല്‍പ്പത്തിയഞ്ചുകാരിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. മീനാക്ഷിയുടെയും രാമചന്ദ്രന്റെയു മകനായ ശക്തിശിവ (24) സമീപത്തെ പത്തൊന്‍പതുകാരിയുമായി പ്രണയത്തിലാവുകയും ഇരുവരും ഒളിച്ചോടുകയും ചെയ്തു. ജനുവരി 22നാണ് ഇവര്‍ നാടുവിട്ടത്. ചെന്നൈയിലെ അരി മില്ലിലാണ് ശക്തിശിവ ജോലി ചെയ്യുന്നത്.

ഇരു വീട്ടുകാരും നാട്ടുകാരും യുവാവിനെയും പെണ്‍കുട്ടിയെയും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച വൈകിട്ട് പെണ്‍കുട്ടിയുടെ അമ്മ ആര്‍ സുധയുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ യുവാവിന്റെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. മീനാക്ഷിയെ വീട്ടില്‍നിന്നു വലിച്ചിഴച്ച്, സാരി വലിച്ചുകീറിയ അവര്‍ ഒരു കുറ്റിയില്‍ കെട്ടിയിട്ടു. വടി കൊണ്ട് അടിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.