'മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണം'; രാഹുലിനെ കണ്ട് വിഡി സതീശന്‍; വൈകില്ലെന്ന് മറുപടി

സര്‍ക്കാരുമായി സഹകരിച്ച് പോകുന്ന ഒരാള്‍ കെപിസിസി അധ്യക്ഷനാകണം എന്നാണ് വി ഡി സതീശന്റെ നിലപാട്

Rahul Gandhi, VD Satheesan
രാഹുൽ​ഗാന്ധിക്കൊപ്പം വിഡി സതീശൻഎക്സ്
Edited by :Jayakumar
Last Updated :7 സെപ്റ്റംബർ 2026, 7:40 pm IST

ന്യൂഡല്‍ഹി: സംസ്ഥാന കോണ്‍ഗ്രസിന് മുഴുവന്‍ സമയ അധ്യക്ഷനെ നിയമിക്കണമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെട്ടു. സോണിയാഗാന്ധിയുടെ ഔദ്യോഗിക വസതിയായ നമ്പര്‍ 10 ജന്‍പഥില്‍ വെച്ചായിരുന്നു രാഹുല്‍ - സതീശന്‍ കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു നിന്നു.

സംഘടനാപരവും നയപരവുമായ വിഷയങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കുന്നതിന് പാര്‍ട്ടിക്ക് മുഴുവന്‍ സമയ കെപിസിസി പ്രസിഡന്റ് വേണം. പുതിയ പ്രസിഡന്റിനെ എത്രയും വേഗം നിയമിക്കണമെന്നും മുഖ്യമന്ത്രി രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വിഡി സതീശന്‍ ഏതെങ്കിലും പേര് നിര്‍ദേശിച്ചിട്ടില്ലെന്നാണ് സൂചന.

സര്‍ക്കാരുമായി സഹകരിച്ച് പോകുന്ന ഒരാള്‍ കെപിസിസി അധ്യക്ഷനാകണം എന്നാണ് വി ഡി സതീശന്റെ നിലപാട്. കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ തീരുമാനം വൈകില്ലെന്ന് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയതായാണ് സൂചന. സംഘടനാ പ്രവര്‍ത്തനം ഏറെ ദുര്‍ബലമാണെന്നും, മുഴുവന്‍ സമയ അധ്യക്ഷനെ എത്രയും വേഗം നിയമിക്കണമെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു.

നിലവിലെ അധ്യക്ഷനായ സണ്ണി ജോസഫിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. പുതിയ അധ്യക്ഷനെ സംബന്ധിച്ച് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങള്‍ തേടാന്‍ ഹൈക്കമാന്‍ഡ് എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍, ആന്റോ ആന്റണി, ജോസഫ് വാഴക്കന്‍, മാത്യു കുഴല്‍നാടന്‍ തുടങ്ങിയ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

News Now

Summary

A full-time KPCC President is needed; VD Satheesan meets Rahul Gandhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates