'ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് എന്തിനാണ് പൊള്ളുന്നത്?': നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ അതിശക്തമായ നടപടി; മുഖ്യമന്ത്രി

സിപിഎമ്മും ബിജെപിയും ഒരേ തൂവൽപക്ഷികളെന്ന് തെളിഞ്ഞെന്നും മുഖ്യമന്ത്രി

CM VD Satheesan Against CPM
CM VD Satheesan Against CPM Center-Center-Bangalore
Edited by :Damodaran K
Last Updated :1 ഒക്ടോബർ 2026, 12:13 pm IST

തിരുവനന്തപുരം: ബിജെപിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കോൺഗ്രസും പോഷക സംഘടനകളും സമരം ചെയ്യുമ്പോൾ കേരളത്തിലെ സിപിഎമ്മിന് എന്തിനാണ് ഇത്ര വലിയ അസ്വസ്ഥതയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംഘപരിവാറിനെതിരെ ആർജ്ജവത്തോടെ പ്രതിഷേധമുയർത്തുമ്പോൾ സിപിഎമ്മിന് എന്തിനാണ് പൊള്ളുന്നതെന്നും, സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള അക്രമപ്രവർത്തനങ്ങളോ കലാപ അന്തരീക്ഷമോ ഉണ്ടാക്കാൻ ശ്രമിച്ചാൽ അതിശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ അട്ടിമറിക്കുന്ന ബിജെപിക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെയാണ് യൂത്ത് കോൺഗ്രസ് തലസ്ഥാനത്ത് പ്രതിഷേധ സമരം നടത്തിയത്. എന്നാൽ ഈ സമരത്തെ അക്രമാസക്തമായി നേരിടാനാണ് സിപിഎം ശ്രമിച്ചത്. സിപിഎം ഉന്നത നേതൃത്വത്തിന്റെ പൂർണ്ണമായ അറിവോടെയും ആസൂത്രണത്തോടെയുമാണ് ഇന്നലെ തിരുവനന്തപുരത്ത് അക്രമ സംഭവങ്ങൾ അരങ്ങേറിയതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എസ്എഫ്ഐക്കാർ ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ അവർ ബിയർ കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുവമോർച്ചയും ബിജെപിയും സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ നിരന്തരം ശ്രമിക്കുകയാണ്. അതിന്റെ തുടർച്ച തന്നെയാണ് ഇന്നലെ രാത്രി തിരുവനന്തപുരത്ത് എസ്എഫ്ഐയും സിപിഎമ്മും കാഴ്ചവെച്ചതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ബിജെപിയും സിപിഎമ്മും ഒരേ തൂവൽ പക്ഷികളാണെന്ന് ഈ സംഭവങ്ങളിലൂടെ ഒരിക്കൽ കൂടി പകൽപോലെ വ്യക്തമായിരിക്കുകയാണ്. നാട്ടിലെ ജനങ്ങളുടെ സമാധാന ജീവിതം തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. യാതൊരു തരത്തിലുള്ള അക്രമ രാഷ്ട്രീയ പ്രവർത്തനങ്ങളും സർക്കാർ വച്ചുപൊറുപ്പിക്കില്ല. കേരളത്തിൽ കലാപം സൃഷ്ടിക്കാനാണ് ആരുടെയെങ്കിലും നീക്കമെങ്കിൽ അവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

News Now

Summary

Questioning why the CPI(M) in Kerala is troubled whenever democratic protests are organized against the BJP and the Sangh Parivar, Chief Minister V.D. Satheesan issued a stern warning against attempts to instigate unrest in the state

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates