വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ ഹവാല ഇടപാടിന്റെ തെളിവ് ഉണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Veena, Muhammad Riyas
വീണ, മുഹമ്മദ് റിയാസ് ഫെയ്സ്ബുക്ക്
Edited by :Dhanoj AM
Last Updated :15 സെപ്റ്റംബർ 2026, 8:21 am IST

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ ഹവാല ഇടപാടിന്റെ തെളിവ് ഉണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വീണയുടെ പക്കല്‍ നിന്ന് കണ്ടെടുത്ത 'റെഡ് ബുക്കിലെ' കുറിപ്പുകളിലും പണത്തിന്റെ കണക്കുകളിലും വീണയും മുന്‍ മന്ത്രിയും ഭര്‍ത്താവുമായ പി എ മുഹമ്മദ് റിയാസും ഹവാല ഇടപാടിലൂടെ ദുബൈയിലേക്ക് പണമയച്ചതിനെ കുറിച്ച് പറയുന്നതായും ഇഡി പറയുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി അയച്ച കത്തിനൊപ്പം തെളിവായി അവര്‍ ചേര്‍ത്തത് ഈ റെഡ് ബുക്കിലെ കുറിപ്പുകളും പണത്തിന്റെ കണക്കുകളുമാണ്. ഇഡി സംസ്ഥാന സര്‍ക്കാരിന് കൈമാറിയ 25 പേജുള്ള കത്തിലെ നിര്‍ണായക വിവരങ്ങളാണ് പുറത്തുവന്നത്.

തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ പിണറായി വിജയനൊപ്പം വീണ താമസിച്ച വാടകവീട്ടില്‍ മെയ് 27ന് ഇഡി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത 'റെഡ് ബുക്കി'ലാണ് പണമിടപാട് വിവരങ്ങള്‍ കുറിച്ചിട്ടുള്ളതെന്നും കത്തില്‍ പറയുന്നു. റിയാസിന്റെ പൂര്‍ണ അറിവോടെ, അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വഴി 2024 ജൂലൈ മുതല്‍ 2025 ജൂലൈ വരെയായിരുന്നു ഹവാല ഉള്‍പ്പെടെയുള്ള പണമിടപാടുകള്‍ എന്നും കത്തിലുണ്ട്. പിണറായി വിജയന്‍, വീണ, റിയാസ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടാണ് ഡിജിപിക്ക് ഇഡി കത്ത് നല്‍കിയത്.

റിയാസിന്റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും കൂട്ടാളികള്‍ ആയെന്നും ഇഡിയുടെ കത്തില്‍ പറയുന്നുണ്ട്. ഹവാല കടത്തിന് വേണ്ടി 16 അംഗ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. മുന്‍ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിലുണ്ട്. ഹവാല ഇടപാടുകാരന്‍ എന്ന് ഇഡി സംശയിക്കുന്ന കൊടുവള്ളി സ്വദേശിയും ഗ്രൂപ്പില്‍ ഉണ്ടെന്ന് ഇഡി കണ്ടെത്തി. 2024 മെയ് മാസത്തില്‍ അടക്കം വീണയും റിയാസും ദുബൈയിലേക്ക് ഒരുമിച്ചു പോയത് കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടി ആയിരുന്നുവെന്നും ഇഡി ആരോപിക്കുന്നു. റെഡ് ബുക്കിലെ കുറിപ്പുകള്‍ താന്‍ തന്നെ എഴുതിയതാണെന്ന് വീണ സമ്മതിച്ചെന്നും ഇഡി പറയുന്നു.

News Now

Summary

Evidence of hawala transaction found in Veena's 'Red Book'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates