പുതപ്പ് മുതല്‍ ചവിറ്റുകുട്ട വരെ അടിച്ചുമാറ്റി, എസി കോച്ചുകളില്‍ യാത്ര ചെയ്യുന്ന എല്ലാവരും മാന്യന്മാരാണെന്ന് കരുതേണ്ട!; കണക്ക് ഇങ്ങനെ

ട്രെയിനുകളിലെ എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ മാന്യന്മാരാണെന്ന് കരുതുന്നുണ്ടെങ്കില്‍ തെറ്റി

train theft case
train theft caseപ്രതീകാത്മക ചിത്രം
Edited by :dhanojam
Last Updated :28 ഏപ്രിൽ 2026, 12:20 pm IST

കൊല്ലം: ട്രെയിനുകളിലെ എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ മാന്യന്മാരാണെന്ന് കരുതുന്നുണ്ടെങ്കില്‍ തെറ്റി. എസി കോച്ചുകള്‍ക്കുള്ളിലും നിസാര മോഷണം നടത്തുന്നവര്‍ക്ക് ഒരു കുറവുമില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ചവിറ്റുകുട്ടകള്‍ പോലും ഇവര്‍ ബാക്കിവെക്കുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പാലക്കാട് ഡിവിഷനില്‍ മാത്രം 2024 ഡിസംബര്‍ മുതല്‍ 2025 നവംബര്‍ വരെ ട്രെയിനുകളില്‍ നിന്ന് മോഷ്ടിക്കപ്പെട്ട വസ്തുക്കളുടെ പട്ടിക അവസാനമില്ലാത്തതാണ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി അനുസരിച്ച്, ഈ കാലയളവില്‍ 129 പുതപ്പുകള്‍, 138 തലയണകള്‍, 1,129 ബെഡ്ഷീറ്റുകള്‍, 335 പില്ലോ കവറുകള്‍, 11,570 ഫേസ് ടവലുകള്‍ എന്നിവയാണ് മോഷണം പോയത്. ഇതുമൂലം പാലക്കാട് ഡിവിഷന് മാത്രം 8.71 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വിവരാവകാശ നിയമപ്രകാരം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് ലഭിച്ച മറുപടിയില്‍ പറയുന്നു.

പാലക്കാട് ഡിവിഷനില്‍ മാത്രം 328 വാട്ടര്‍ ടാപ്പുകള്‍, ശൗചാലയത്തില്‍ വെള്ളം ഉപയോഗിക്കുന്നതിനായി എടുക്കുന്ന ഷവറിന്റെ രൂപത്തിലുള്ള ഉപകരണമായ, മൂന്ന് ഹെല്‍ത്ത് ഫോസറ്റുകള്‍, 23 സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മഗ്ഗുകള്‍, അഞ്ച് സാധാരണ ചവിറ്റുകുട്ടകള്‍, നാലു സ്റ്റീല്‍ ചവിറ്റുകുട്ടകള്‍, നാല് തീപിടിത്തം അണയ്ക്കാനുള്ള ഉപകരണങ്ങള്‍ എന്നിവയാണ് മോഷണം പോയത്. ദക്ഷിണ റെയില്‍വേയ്ക്ക് കീഴിലുള്ള മറ്റു ഡിവിഷനുകളിലും സ്ഥിതി വ്യത്യസ്തമല്ല. സേലം ഡിവിഷനില്‍ 167 ടാപ്പുകളാണ് മോഷ്ടിക്കപ്പെട്ടത്. ഈ കേസുകളിലെ പ്രതികളെ പിടികൂടുകയും അവര്‍ക്ക് 24 ദിവസം മുതല്‍ 162 ദിവസം വരെ തടവുശിക്ഷയും 2000 രൂപ വരെ പിഴയും ലഭിക്കുകയും ചെയ്തു.

തിരുച്ചിറപ്പള്ളി ഡിവിഷനില്‍ 2024 നവംബര്‍ മുതല്‍ 2025 ഒക്ടോബര്‍ വരെ ഏകദേശം 17.14 ലക്ഷം രൂപയുടെ നഷ്ടമാണ് മെക്കാനിക്കല്‍ വിഭാഗത്തിനുണ്ടായത്. ചെന്നൈ ഡിവിഷനിലും സമാനമായ രീതിയില്‍ പുതപ്പുകളും ടവലുകളും മഗ്ഗുകളും മോഷണം പോകുന്നുണ്ട്. ലിനന്‍ വസ്ത്രങ്ങള്‍ (ബെഡ്ഷീറ്റ്, പുതപ്പ് തുടങ്ങിയവ) നഷ്ടപ്പെട്ടാല്‍ അതിന്റെ തുക കരാറുകാരന്റെ ബില്ലില്‍ നിന്ന് ഈടാക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. അതേസമയം, തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

റെയില്‍വേയുടെ വസ്തുവകകകള്‍ നിയമവിരുദ്ധമായി കൈവശം വെയ്ക്കുന്നത് തടയുന്നതിനുള്ള 1966ലെ നിയമം അനുസരിച്ച് റെയില്‍വേ സ്വത്ത് മോഷ്ടിക്കുന്നതോ കൈവശം വെക്കുന്നതോ ശിക്ഷാര്‍ഹമാണ്. കുറ്റക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാം. മോഷണം പതിവായതോടെ റെയില്‍വേ സംരക്ഷണ സേന പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. മുമ്പ് ഇത്തരം കേസുകളില്‍പ്പെട്ടവരെ നിരീക്ഷിക്കാനും യാര്‍ഡുകളില്‍ പരിശോധന നടത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

News Now

Summary

Faucets, steel mugs, blankets... trains turn another theft hotspot in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates